തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇക്കൊല്ലവും അപ്പീൽ പ്രളയമാണ്. അപ്പീൽ നിയന്ത്രിക്കുമെന്ന സർക്കാരിന്റെ വാക്ക് വെറുതേയായി. കോഴിക്കോട്ട് നടക്കുന്ന കലോത്സവത്തിൽ ഇതുവരെ 246 അപ്പീലുകളെത്തിക്കഴിഞ്ഞു. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 3ന് കോഴിക്കോട് തിരശീല ഉയരുന്നത്.
ഏറ്റവും കൂടുതൽ അപ്പീലുകളുള്ളത് കോഴിക്കോടാണ്- 40 എണ്ണം. ഏറ്റവും കുറവ് ഇടുക്കിയിലും -5 എണ്ണം. ഏറ്റവും കൂടുതൽ പരാതി ഉയർന്ന തിരുവനന്തപുരം ജില്ലയിൽ നിന്നും 206 അപ്പീലുകളെത്തിയപ്പോൾ അനുവദിച്ചത് 26 എണ്ണം മാത്രമാണ്
പത്തു ശതമാനം അപ്പീൽ നൽകിയാൽ മതിയെന്ന തീരുമാനം മറികടന്ന് കോഴക്കോട്ട് 40 ശതമാനം അപ്പീൽ അനുവദിച്ചെന്ന വിവാദവും ഇതിനിടെ ഉയർന്നു. രണ്ടാം തീയതി രജിസ്‌ട്രേഷനോടെ മാത്രമേ കോടതി ഉത്തരവിലൂടെ എത്തുന്നവരുടെ കണക്ക് വ്യക്തമാകൂ. വിധിനിർണയം നീതിപൂർവകമായിരുന്നുവെന്ന് ബോദ്ധ്യപ്പെടുത്തുന്നതിൽ സംഘാടകർ പരാജയപ്പെടുമ്പോഴാണ് കലോത്സവങ്ങളിൽ അപ്പീലുകൾ കുന്നുകൂടുന്നത്.
ലോകായുക്തയിൽ വന്ന നൂറിലധികം അപേക്ഷകളിൽ രണ്ടെണ്ണത്തിന് മാത്രമേ തുടർനടപടികൾക്ക് അനുമതി നൽകിയിട്ടുള്ളൂ. 2018ൽ വ്യാജ അപ്പീലുകൾ പിടിച്ചതോടെ സംസ്ഥാന ബാലാവകാശ കമ്മിഷൻ അപ്പീലുകൾ അനുവദിക്കുന്നതിനുള്ള ഉത്തരവുകൾ നൽകുന്നത് നിറുത്തി. ഹൈക്കോടതിയും രണ്ട് അപ്പീലുകൾ പരിഗണിക്കാനുള്ള ഉത്തരവേ ഇതുവരെ നൽകിയിട്ടുള്ളൂ.
അനാവശ്യ അപ്പീലുകൾ കാരണം താഴെ തട്ടിലുള്ള പിഴവിൽ അവസരം നഷ്ടപ്പെട്ട നിരവധി കുട്ടികൾക്കുള്ള അവസാന വാതിലാണ് അടഞ്ഞത്. ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 14,000ത്തോളം വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കുക.
കലോത്സവങ്ങളെ ആഡംബരത്തിന്റെയും അനാരോഗ്യകരമായ കിടമത്സരത്തിന്റെയും വേദിയാക്കി മാറ്റരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കഴിവുണ്ടായിട്ടും കലോത്സവത്തിൽ പങ്കെടുക്കാനുള്ള ചെലവു താങ്ങാനാവാത്തതു കൊണ്ടു മാറി നിൽക്കുന്ന കുട്ടികൾ സമൂഹത്തിന്റെ താഴേത്തട്ടിലുണ്ടെന്ന് ഓർക്കണം. മത്സരങ്ങളിൽ വിജയിക്കുക എന്നതിനേക്കാൾ പ്രധാനം അതിൽ പങ്കെടുക്കുകയെന്നതാണ്.
വിജയിച്ചാൽ എല്ലാമായി എന്നു കരുതേണ്ട. പരാജയത്തെ നേരിടാനും കുട്ടികളെ മാതാപിതാക്കൾ സജ്ജരാക്കണം. മത്സരങ്ങളുടെ കാര്യത്തിൽ രക്ഷിതാക്കളുടെ അനാവശ്യമായ ആശങ്ക കുട്ടികളെ ചിലപ്പോൾ വിഷാദത്തിലേക്ക് തള്ളി വിടുമെന്നും ജസ്റ്റിസ് മുരളീ പുരുഷോത്തമൻ മുന്നറിയിപ്പു നൽകി.
ജില്ലാതല സ്കൂൾ കലോത്സവത്തിലെ വിധി നിർണയത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ച് ഒരുകൂട്ടം വിദ്യാർത്ഥികൾ നൽകിയ ഹർജികൾ തള്ളിയാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്. മത്സരങ്ങളിൽ വിജയിച്ചവരേക്കാൾ ഒട്ടും കഴിവു കുറഞ്ഞവരല്ല ഹർജിക്കാർ. ഗ്രേസ് മാർക്ക്, കൾച്ചറൽ സ്കോളർഷിപ്പ് തുടങ്ങിയവയുടെ ആകർഷണം, രക്ഷിതാക്കളുടെ അനാവശ്യ ഉത്‌കണ്ഠ തുടങ്ങിയവയാണ് മിക്ക കേസുകളിലും അപ്പീൽ നൽകാൻ കാരണം.
അദ്ധ്യയന ദിനങ്ങളെ ബാധിക്കാത്ത തരത്തിലാണ് സ്കൂൾ കലോത്സവങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അപ്പീൽ കമ്മിറ്റിയുടെ തീരുമാനം അന്തിമമാക്കിയില്ലെങ്കിൽ ഷെഡ്യൂൾ തെറ്റും. അദ്ധ്യയന ദിനങ്ങളെ ബാധിക്കും. കലോത്സവങ്ങളിലെ പ്രകടന വിലയിരുത്താനും വിധി നിർണയം പുന:പരിശോധിക്കാാനും കോടതികൾക്ക് കഴിയില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.