Advertisment

നിയമസഭയിൽ ശൈലി മാറ്റിച്ചവിട്ടി വിഡി സതീശൻ; പിണറായിയെ പ്രകോപിപ്പിക്കുന്നത് സതീശന്റെ തീപ്പൊരി പ്രസംഗവും വൈകാരിക അവതരണവും; സ്പീക്കറുടെ ചേമ്പറിൽ മുഖ്യമന്ത്രി പറഞ്ഞ പരാതിയും പ്രതിപക്ഷ നേതാവ് വൈകാരികമായി സംസാരിക്കുന്നെന്ന്; സർക്കാർ അടിയന്തിര പ്രമേയ അവതരണത്തിനു കടിഞ്ഞാണിട്ടപ്പോൾ സതീശൻ ഉന്നംവച്ചത് സ്പീക്കറെ തന്നെ; സർക്കാരിന് തലവേദനയായി സതീശന്റെ പ്രസംഗങ്ങൾ. തടസപ്പെടുത്താൻ ഭരണപക്ഷത്ത് 'സ്‌പെഷ്യൽ ഫോഴ്‌സും.' വിഡിയുടെ പ്രതിപക്ഷ ശൈലിയിൽ അമ്പരന്ന് ഭരണപക്ഷം !

New Update

തിരുവനന്തപുരം: നിയമസഭയിലെ പോരാട്ടങ്ങള്‍ സഭക്ക് പുറത്തേക്ക് വ്യാപിപ്പിക്കുന്നതിലെ പോരായ്മകള്‍ മൂലം ഇടയ്ക്ക് മന്ദഗതിയിലായ പ്രതിപക്ഷ പ്രവര്‍ത്തനത്തെ വീണ്ടും ആവേശപാതയില്‍ എത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അതിലെ അപകടം തിരിച്ചറിഞ്ഞു സർക്കാരും പ്രതിരോധത്തിനിറങ്ങിയതോടെ നിയമസഭാ സ്തംഭനത്തിലേയ്ക്ക് കാര്യങ്ങൾ നീങ്ങുകയാണ്.

Advertisment

publive-image


സഭയില്‍ സര്‍ക്കാരുമായുളള പോരാട്ടത്തില്‍ പതിവ് ശൈലിവെടിഞ്ഞ് ആക്രമണോത്സുക ശൈലി സ്വീകരിച്ച സതീശന്‍ ഭരണപക്ഷത്തിന് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.


ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ വസ്തുതാപരമായി പഠിച്ച് അവതരിപ്പിക്കുന്നതിനൊപ്പം അതിന്റെ മാനുഷിക തലങ്ങളെ വൈകാരികമായി അവതരിപ്പിക്കുക കൂടി ചെയ്യുന്ന പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആരോപിച്ചതുപോലെ വൈകാരികമായി സംസാരിച്ചു ജനങ്ങളോട് ഹൃദയം കൊണ്ട് സംവദിക്കുന്നെന്ന പ്രതീതി ജനിപ്പിക്കുന്നുവെന്നാണ് സഭാ നടപടികൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർ ഉൾപ്പെടെ വിലയിരുത്തുന്നത്.

പ്രതിപക്ഷ നേതാവ് നിയമസഭയിൽ വൈകാരികമായാണ് പ്രതികരിക്കുന്നതെന്ന് സ്പീക്കറുടെ ചേമ്പറിൽ നടത്തിയ അനുരഞ്ജന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചത് അതിലെ അപകടം തിരിച്ചറിഞ്ഞു തന്നെയാണ്.

സർക്കാർ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത സാഹചര്യങ്ങളില്‍ ഭരണകൂടത്തിന് അതേനാണയത്തില്‍ തന്നെ മറുപടി നല്‍കുന്നതാണ് പുതിയ  വി.ഡി.എസ് ശൈലി. ഇത് യു.ഡി.എഫ് നേതാക്കളിലും പ്രവര്‍ത്തകരിലും ഒരുപോലെ ആവേശം പകര്‍ന്നിട്ടുണ്ട്.

പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്ന സര്‍ക്കാരിന്റെ സമീപനത്തിലെ ജനാധിപത്യ വിരുദ്ധത തുറന്നുകാട്ടുകയാണ് സഭയ്ക്ക് അകത്തും പുറത്തും സതീശന്‍ ചെയ്യുന്നത്.

publive-image


പ്രതിപക്ഷത്തിരിക്കുമ്പോള്‍ അടിയന്തിര പ്രമേയ നോട്ടീസുകള്‍ക്കുളള അവസരങ്ങളൊന്നും പാഴാക്കാതെ സര്‍ക്കാരിനെ ആക്രമിച്ചിരുന്ന പ്രതിപക്ഷം , ഭരണപക്ഷത്തെത്തിയപ്പോള്‍ അതെല്ലാം മറന്നു എന്ന സതീശന്റെ വാദത്തിന് പൊതുജനങ്ങള്‍ക്ക് ഇടയിലും സ്വീകാര്യതയുണ്ട്.


ജനങ്ങളെയും സമൂഹത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുളള പ്രതിപക്ഷത്തിനുളള വേദിയാണ് നിയമസഭ. അതുമറന്ന് സഭയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും താല്‍പര്യമുളള വിഷയങ്ങള്‍ മാത്രമേ ഉന്നയിക്കാനാവൂ എന്ന സമീപനം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷ നിലപാട്.

മുഖ്യമന്ത്രിയുടെ ഔദാര്യത്തിന് വേണ്ടി കൈകൂപ്പി നില്‍ക്കുന്നവരല്ല പ്രതിപക്ഷം എന്ന് മുഖ്യമന്ത്രിയെ നോക്കി പ്രതിപക്ഷ നേതാവ് അസന്ദിഗ്ധമായി പ്രഖ്യാപിക്കുമ്പോള്‍ അത് യു.ഡി.എഫ് നിരയിലും ആവേശം ജനിപ്പിക്കുന്നുണ്ട്.


അംഗബലത്തില്‍ ഭരണപക്ഷത്തെ 99 എം.എല്‍.എമാരെ എതിരിടാന്‍ 41 എം.എല്‍.മാര്‍ മാത്രമാണ് പ്രതിപക്ഷ നിരയിലുളളത്. എങ്കിലും യുവാക്കളും പരിചയ സമ്പന്നരും ഒരുപോലെ അണിനിരക്കുന്ന പ്രതിപക്ഷനിരയെ ശക്തമായ പ്രഹരശേഷിയുളള ഒറ്റയൂണിറ്റായി മാറ്റാന്‍ കഴിഞ്ഞു എന്നതാണ് സതീശന്റെ മികവ്.


publive-image

പറയാനുളള കാര്യങ്ങള്‍ പഠിച്ച് വ്യക്തതയോടെയും അടുക്കുംചിട്ടയോടും അവതരിപ്പിക്കുന്ന സതീശന്‍ ഒരോതവണ സംസാരിക്കാന്‍ എഴുന്നേല്‍ക്കുമ്പോഴും ഭരണപക്ഷ നിരയില്‍ അങ്കലാപ്പാണ്. അപാരമായ പ്രഹരശേഷിയോടെ പ്രതിപക്ഷ വാദങ്ങള്‍ സമര്‍ത്ഥിക്കുമ്പോള്‍ പലപ്പോഴും ഭരണപക്ഷത്തിന് ഉത്തരം മുട്ടുന്നുണ്ട്.

അതിനാലാണ് പ്രതിപക്ഷ നേതാവിന്റെ സംസാരം തടസപ്പെടുത്താന്‍ ഭരണപക്ഷം പ്രത്യേക ടീമിനെ തന്നെ നിയോഗിക്കാന്‍ നിര്‍ബന്ധിതരായത്. തന്റെ പ്രസംഗത്തിന്റെ ഒഴുക്ക് തടസപ്പെടുത്താന്‍ ആസൂത്രിതമായി ശ്രമിക്കുന്ന ഒരു സംഘംതന്നെ ഭരണപക്ഷ നിരയില്‍ ഉണ്ടെന്ന് സതീശന്‍ സഭാതലത്തില്‍ ആരോപിച്ചിരുന്നു.


ഈ ആരോപണം നിഷേധിക്കാന്‍ ഭരണപക്ഷത്ത് നിന്ന് ആരും തയാറായിട്ടില്ല. പ്രതിപക്ഷനേതാവ് എന്ന നിലയിലുളള സതീശന്റെ ഇടപെടലുകളെ ഭരണപക്ഷം എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ ഏറ്റവും മികച്ച  തെളിവുകൂടിയാണിത്.


സഭയിലെ ഭരണപക്ഷ തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് മറുതന്ത്രം ഒരുക്കുന്നതിലും വി.ഡിക്ക് തികഞ്ഞ കൈയ്യടക്കമുണ്ട്. അടിയന്തിരപ്രമേയ നോട്ടീസ് നിരാകരിച്ചപ്പോള്‍ തുടക്കത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചശേഷം സഭ ബഹിഷ്‌കരിക്കുന്നതായിരുന്നു പ്രതിപക്ഷം സ്വീകരിച്ച് പോന്ന ശൈലി.

സത്യാഗ്രഹം ഇരിക്കാന്‍ മാത്രമേ അറിയൂ എന്ന് പരിഹസിച്ച ഭരണപക്ഷം, ഇത്തവണ പ്രതിപക്ഷം അതിനപ്പുറത്തേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ബ്രഹ്‌മപുരം തീപിടുത്തത്തില്‍ അടിയന്തിര പ്രമേയ നോട്ടീസ് തളളിയപ്പോള്‍ സഭയ്ക്കുളളില്‍ സമാന്തര സഭചേര്‍ന്ന് അടിയന്തിരപ്രമേയം അവതരിപ്പിക്കുന്നതിലേക്ക് പ്രതിപക്ഷം എത്തി.

ജനാധിപത്യമൂല്യങ്ങള്‍ പ്രത്യയശാസ്ത്രത്തില്‍തന്നെ അന്തര്‍ലീനമായ

യു.ഡി.എഫില്‍ നിന്ന് ഇത്തരമൊരു പ്രകോപനപരമായ നീക്കം ഭരണപക്ഷം തീരെ പ്രതീക്ഷിച്ചില്ല. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പോയതിന് ശേഷം , പ്രതിഷേധം അവഗണിച്ച് ഭരണപക്ഷാംഗങ്ങള്‍ മാത്രമായി സഭ ചേര്‍ന്നതാണ് കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ പ്രതിപക്ഷത്തെ നിര്‍ബന്ധിതമാക്കിയത്.

publive-image


സഭാ ചട്ടങ്ങളുടെ ലംഘനമാണെങ്കിലും സമാന്തര സഭയെന്ന പ്രതിഷേധരീതി വലിയ തോതില്‍ ചര്‍ച്ചയായി. സഭ നിയന്ത്രിക്കുന്നതില്‍ സ്പീക്കര്‍ പരാജയമണെന്ന വിമര്‍ശനത്തിനും ഇത് വഴിവെച്ചു. ബ്രഹ്‌മപുരം വിഷയത്തില്‍ വീണ്ടും അടിയന്തിരപ്രമേയ നോട്ടീസ് തളളിയതോടെ പ്രതിപക്ഷം തന്ത്രം മാറ്റി.


സഭ ബഹിഷ്‌കരിച്ച് പോയ പ്രതിപക്ഷാംഗങ്ങള്‍ കൂടിയാലോചനക്ക് ശേഷം സ്പീക്കറുടെ ചേംബറിന് മുന്നില്‍ സ്ത്യാഗ്രഹം ആരംഭിച്ചു. അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണമായ പ്രതിഷേധമാര്‍ഗങ്ങള്‍ വേണ്ടിവരും എന്ന ഉറച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം.

കൈയ്യാങ്കളിയുടെ വക്കോളം എത്തിയ സംഘര്‍ഷം രൂപപ്പെട്ടെങ്കിലും ഉയര്‍ത്തിയ വിഷയങ്ങള്‍ ചര്‍ച്ചയാക്കാനായി എന്നതാണ് ഇതിലൂടെ പ്രതിപക്ഷം കൈവരിച്ച രാഷ്ട്രീയ നേട്ടം.

നിയമസഭാംഗത്വത്തില്‍ കാല്‍നൂറ്റാണ്ട് തികയ്ക്കുന്ന സതീശന്റെ പാര്‍ലമെന്ററി രംഗത്തെ പരിചയ സമ്പത്താണ് ഈ നീക്കങ്ങളിലൊക്കെ പ്രതിഫലിച്ചത്.നേതാവിന്റെ നിര്‍ദ്ദേശങ്ങള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിപഥത്തില്‍ എത്തിക്കുന്ന യുവഎം.എല്‍.എമാരും കൂടി ചേരുമ്പോള്‍ പ്രതിപക്ഷനിര സദാ സമരസജ്ജരായ സൈന്യമായി മാറിയിരിക്കുന്നു.


മാത്യു കുഴല്‍നാടനെയും റോജി.എം ജോണിനെയും പോലുളള യുവ എം.എല്‍.എമാരെ ചേര്‍ത്തുനിര്‍ത്തിയും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന സി.ആര്‍. മഹേഷിനെ പോലുളളവരെ ഉളളില്‍തട്ടി അഭിനന്ദിച്ചും കൂടെനിര്‍ത്തുന്ന സതീശന്റെ ശൈലിയുടെ ഫലമാണിത്.


publive-image

ആശ്രിതവാത്സല്യത്തിനും ഗ്രൂപ്പ് താല്‍പര്യത്തിന്റെ പേരിലുളള പരിഗണനകള്‍ക്കും ഖ്യാതിനേടിയ വലിയ നേതാക്കളുളള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ എം.എല്‍.എമാരെ അവരുടെ മെറിറ്റില്‍ പരിഗണിക്കുകയും കഴിവുകള്‍ പ്രകടിപ്പിക്കാന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കി അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്ന സതീശന്റെ സവിശേഷ ശൈലിക്ക് കോണ്‍ഗ്രസില്‍ പൂര്‍വസൂരികളില്ലെന്നു തന്നെ പറയാം.

ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വി.ഡി.സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത്. എന്തിനെയും കണ്ണടച്ച് എതിര്‍ക്കുന്ന ശൈലി സ്വീകരിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു. യോജിക്കാവുന്ന കാര്യങ്ങളില്‍ സര്‍ക്കാരുമായി യോജിച്ചുതന്നെ പോകാമെന്ന കാഴ്ചപ്പാടായിരുന്നു സതീശന്.

എന്നാല്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്ന സ്ഥിതി വന്നതോടെയാണ് ശൈലിമാറ്റാന്‍ നിര്‍ബന്ധിതമായി. അടിയന്തിര പ്രാധാന്യമുളള വിഷയങ്ങളും സുപ്രധാന സംഭവവികാസങ്ങളും ശൂന്യവേളയില്‍ അടിയന്തിരപ്രമേയ നോട്ടീസായി സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതാണ് കീഴ്വഴക്കം. നനഞ്ഞ ബീഡിപടക്കമായി മാറിയ സോളാർ കേസിൽ അന്നത്തെ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയങ്ങൾക്ക് കൈയും കണക്കുമില്ല.


എന്നാല്‍ ഇപ്പോൾ സര്‍ക്കാരിന് താല്‍പര്യമുളള വിഷയങ്ങള്‍ക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് ശൈലിമാറ്റാന്‍ സതീശനെ പ്രേരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ശൈലിയില്‍ വന്നമാറ്റം സതീശനെതിരെയുളള വ്യക്തിപരമായ ആക്രമണങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.


publive-image

മന്ത്രി പി.എ.മുഹമ്മദ് റിയാസ് സതീശനെതിരെ നടത്തിയ പ്രതികരണങ്ങളാണ് ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം. എന്നാല്‍ റിയാസിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച് പ്രതിരോധത്തിലേക്ക് തളളിവിടാനും സതീശന് കഴിഞ്ഞു.

റിയാസിന് പിന്നില്‍ മന്ത്രിമാരും എം,എല്‍.എമാരും അണി നിരന്ന് ആക്ഷേപങ്ങള്‍ ചൊരിയുമ്പോഴും ഒരുവട്ടം കൂടി മാത്രം മറുപടി നല്‍കി സതീശന്‍ പ്രതികരണത്തിന് ഫുള്‍സ്‌റ്റോപ്പിട്ടു.

ഇതാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ വ്യത്യസ്തനാക്കുന്ന മറ്റൊരു ഘടകം. പറഞ്ഞു തുടങ്ങിയാല്‍ നിര്‍ത്താനാകാതെ നിയന്ത്രണം വിട്ടുപോകുന്ന നേതാക്കള്‍ക്ക് സതീശന്‍ ഒരു പാഠപുസ്തകം കൂടിയാണ്.

Advertisment