നാഗർകോവിൽ: വെെദിക വൃത്തിയുടെ പേരിൽ യുവതികളെ വശത്താക്കി ലൈംഗികചൂഷണം നടത്തിയ കേസിൽ വൈദികനെ അറസ്റ്റുചെയ്തിരുന്നു. കൊല്ലങ്കോട് ഫാത്തിമാ നഗർ കുടയൽവിള സ്വദേശിയായ അഴകിയമണ്ഡപത്തിനു സമീപം പ്ലാങ്കാലയിലെ ദേവാലയത്തിലെ വികാരി ബനഡിക്ട് ആൻ്റോ(30) ആണ് നാഗർകോവിലിൽ അറസ്റ്റിലായത്.
ഒളിവിലായിരുന്ന ബനഡിക്ട് ആൻറോയെ പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ നാഗർകോവിലിൽനിന്നാണ് അറസ്റ്റുചെയ്തത്. തൻ്റെ ലാപ്ടോപ്പും മൊബൈൽഫോണും വീട്ടിൽനിന്നു മോഷണംപോയതായി ബന്ധപ്പെട്ട് ബനഡിക്ട് ആൻ്റോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് വികാരിയുടെ ചെയ്തികൾ പുറത്താകുന്നത്. അതേസമയം വികാരിയുടെ ലാപ്ടോപ്പും മൊബെെൽഫോണും കവർന്ന നിയമവിദ്യാർഥിയെ രണ്ടുദിവസം മുൻപ് പൊലീസ് അറസ്റ്റുചെയ്തിരുന്നു.
ഇതിനിടെ ബനഡിക്ട് ആൻറോ പല യുവതികളുമായി നടത്തിയ അശ്ളീല ചാറ്റുകളും വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വൈദികൻ തന്നെ ലൈംഗികമായി ചൂഷണംചെയ്തതായി 18-കാരിയായ നഴ്സിങ് വിദ്യാർഥിനി പരാതിപ്പെട്ടത്. പള്ളിയിൽ എത്തുന്ന സ്ത്രീകൾ യുവതികളാണെങ്കിൽ അവരുടെ കഫോൺ നമ്പർ സംഘടിപ്പിക്കുകയും അവരുമായി സെക്സ് ചാറ്റ് നടത്തുകയും ചെയ്യുന്നത് വികാരിയുടെ പതിവായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അന്വേഷണം നടത്തിയ കന്യാകുമാരി സൈബർ ക്രൈം പോലീസ് ബനഡിക്ട് ആൻ്റോയുടെ ഫോൺ പിടിച്ചെടുത്തിരുന്നു. ഇതിലുള്ള ഡാറ്റകൾ ഡീലീറ്റ് ചെയ്തിരുന്നെങ്കിലും വിദഗ്ധരുടെ സഹായത്തോടെ ഫോൺ റീസ്റ്റോർ ചെയ്യുകയായിരുന്നു. ഈ ഫോണിൽ നിന്ന് സ്വയം റെക്കോഡ് ചെയ്ത എൺപതോളം അശ്ളീല വീഡിയോകളും യുവതികളുമായി നടത്തിയ ചാറ്റുകളും പൊലീസ് കണ്ടെടുത്തെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
പാസ്റ്റർ ബെനഡിക്ട് ആൻ്റോ പള്ളിയിൽ വരുന്ന സ്ത്രീകളുമായി അടുപ്പം പുലർത്തിയിട്ടുണ്ടെന്ന വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾ മൊബൈൽ ഫോണിൽ യുവതികളുടെ വീഡിയോ ചിത്രീകരിച്ചിരുന്നു എന്നും ചാറ്റ് ചെയ്യുന്ന സമയത്ത് യുവതികളുടെ ദൃശ്യങ്ങൾ റിക്കോർഡ് ചെയ്തിരുന്നു എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വീഡിയോകൾ ഉപയോഗിച്ചാണ് വികാരി സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുനന്നത്. കൂടാതെ വാട്‌സ്ആപ്പ് വഴിയും ഇയാൾ ചില സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു എന്നാണ് വിവരം.