തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പത്തനംതിട്ട, കാസർകോട്, കോട്ടയം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
കണ്ണൂർ, സാങ്കേതിക സർവകലാശാലകൾ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടുള്ളതിനാലും നദീതീരങ്ങളിൽ വെള്ളം ഉയരുന്ന സാഹചര്യവും കണക്കിലെടുത്ത് പ്രഫഷനൽ കോളജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ചയും കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല.
പത്തനംതിട്ട ജില്ലയിൽ രണ്ടായിരത്തോളം ജനങ്ങൾ വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നതിനാലും നിരവധി പാതകളിലും റോഡുകളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാലും വെള്ളിയാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
കാസർകോട് ജില്ലയിൽ റെഡ് അലർട്ട് തുടരുന്നതിനാൽ വെള്ളിയാഴ്ച പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇമ്പശേഖർ കെ. ഐഎഎസ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.
കോട്ടയം ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച കലക്ടർ വി. വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ഐസിഎസ്ഇ / സിബിഎസ്ഇ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
കണ്ണൂർ ജില്ലയില്‍ കാലവര്‍ഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു. അങ്കണവാടി ഉൾപ്പെടെയുള്ളവയ്ക്കും അവധി ബാധകമാണ്. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി. കണ്ണൂർ സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാൽ വെള്ളിയാഴ്ചത്തെ പിഎസ്‌സി പരീക്ഷകള്‍ക്കു മാറ്റമുണ്ടായിരിക്കുന്നതല്ല.
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാംപുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.