പ്രഭാത സവാരിക്കിറങ്ങിയ ഐ.പി.എസുകാരിയെ ബൈക്കിലെത്തി ഉപദ്രവിച്ചു. 21കാരി ദേശീയപാതയിൽ നട്ടുച്ചയ്ക്ക് ആക്രമിക്കപ്പെട്ടു. കോവളം കാണാനെത്തിയ ലാറ്റ്‌വിയൻ യുവതിയെ മയക്കുമരുന്ന് നൽകി ചതുപ്പിൽ കൊന്നുതള്ളി. കൊച്ചിയിൽ ഓടുന്ന വണ്ടിയിൽ മുക്കാൽ മണിക്കൂർ പെൺകുട്ടിക്ക് കൂട്ട മാനഭംഗം. കഴക്കൂട്ടത്ത് പീഡനത്തിനിരയായ യുവതി വിവസ്ത്രയായി ഓടി. സ്ത്രീസുരക്ഷയ്ക്ക് കേരളത്തിൽ പുല്ലുവിലയോ?

New Update

publive-image

Advertisment

തിരുവനന്തപുരം: ഉത്തരേന്ത്യയിലെ വിദൂര ഗ്രാമങ്ങളിൽ സംഭവിക്കുന്നതു പോലുള്ള അപരിഷ്കൃത അക്രമങ്ങളാണ് കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുണ്ടാവുന്നത്. കഴക്കൂട്ടത്ത് 25കാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവതി ഗുരുതര പരിക്കുകളോടെ വിവസ്ത്രയായി ഗോഡൗണിൽ നിന്ന് ഓടിരക്ഷപെട്ട സംഭവമാണ് ഒടുവിലുണ്ടായത്.

സ്ത്രീകൾക്കെതിരെയുള്ള അക്റമങ്ങൾ കുറഞ്ഞുവരുന്നുവെന്നും ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാത്ത സമൂഹം എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സർക്കാർ ആവർത്തിക്കുമ്പോഴാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ആവ‌ർത്തിക്കുന്നത്. ഐ.പി.എസുകാരിക്കു പോലും ധൈര്യമായി തനിച്ചു പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ് ഇവിടുത്തെ സ്ത്രീസുരക്ഷ.

സാധാരണക്കാർക്ക് മാത്രമല്ല, ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് പോലും രക്ഷയില്ലാത്ത നാടാണ് നമ്മുടേത്. തലസ്ഥാനത്ത് പുതുതായെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥയാണ് ആക്രമിക്കപ്പെട്ടത്. സ്ത്രീസുരക്ഷാ പദ്ധതികളുടെ ഏകോപനചുമതലയുണ്ടായിരുന്ന ഐ.പി.എസുദ്യോഗസ്ഥ എസ്കോർട്ടും ഗൺമാനുമില്ലാതെ തിരുവനന്തപുരം നഗരത്തിൽ പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് ബൈക്കിലെത്തിയ യുവാക്കളുടെ ആക്രമണത്തിനിരയായത്.

മണിക്കൂറുകൾക്കകം പോലീസ് അക്രമികളെ പിടികൂടി. ഐ.പി.എസുകാരി എന്നറിയാതെയാണ് ആക്രമിച്ചതെന്നായിരുന്നു യുവാക്കളുടെ മറുപടി. കോവളം കാണാനെത്തിയ ലാറ്റ്‌വിയൻ യുവതിയെ മയക്കുമരുന്ന് നൽകി ചതുപ്പിൽ കൊന്നുതള്ളുകയായിരുന്നു. കൊച്ചിയിലെ ഹൈപ്പർമാർക്കറ്റിൽ യുവനടിയെ അപമാനിച്ചിട്ട് ഏറെക്കാലമായിട്ടില്ല. കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ 21കാരി നട്ടുച്ചയ്ക്കാണ് പത്താംക്ലാസുകാരന്റെ ക്രൂരതയ്ക്കിരയായത്.

രാത്രിയിലും ഉറങ്ങാതെ സജീവമായ കൊച്ചി നഗരത്തിലെ തിരക്കേറിയ നിരത്തുകളിലൂടെ ഓടിയ ജീപ്പിൽ മുക്കാൽ മണിക്കൂർ നേരം 19വയസുകാരിയായ മോഡൽ കൂട്ടബലാത്സംഗത്തിനിരയായിട്ടും ഒരു നിരീക്ഷണ സംവിധാനങ്ങൾക്കും കണ്ടെത്താനാവാതെ നിഷ്‌ക്രിയമായിപ്പോയിരുന്നു പോലീസിന്റെ സ്ത്രീസുരക്ഷ.

രാത്രിയിലടക്കം 24മണിക്കൂറും മുക്കിനു മുക്കിന് പൊലീസ് കാവലും നിർമ്മിതബുദ്ധിയുള്ള (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കാമറകളും നിരീക്ഷണത്തിന് കൺട്രോൾ റൂമുകളുമെല്ലാമുണ്ടായിരിക്കെയാണ് നടുറോഡിൽ ഇത്തരമൊരു ക്രൂരകൃത്യമുണ്ടായത്.

പെൺകുട്ടി സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയപ്പോൾ മാത്രമാണ് പൊലീസിന് വിവരംകിട്ടിയത്. ഇത് രണ്ടാംതവണയാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിലെ ബലാത്സംഗം. പ്രമുഖ ചലച്ചിത്രനടിയായിരുന്നു ആദ്യഇര. മുൻ മിസ്കേരള അൻസി കബീറടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ ഡി.ജെപാർട്ടിയും റോഡിലെ ചേസിംഗും ഇപ്പോഴും ദുരൂഹമായി തുടരുന്നു.

സ്ത്രീസുരക്ഷയ്ക്ക് കോടികളുടെ കേന്ദ്ര-സംസ്ഥാന ഫണ്ടും ആവശ്യത്തിലേറെ പദ്ധതികളുമുണ്ടെങ്കിലും ഒന്നും ഫലംകാണുന്നില്ല. സെമിനാറുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, വർഷത്തിലൊരിക്കലെ രാത്രിനടത്തം- ഇങ്ങനെ ചുരുങ്ങും സ്ത്രീസുരക്ഷ.

സ്ത്രീസുരക്ഷാ പദ്ധതിയായ 'സുരക്ഷിത' നടപ്പാക്കിയ ചവറ പൊലീസ് സ്റ്റേഷനിലുണ്ടായ സംഭവം ഇങ്ങനെ- രാത്രിയിൽ അഭയം നൽകാൻ പിങ്ക്പൊലീസ് കൊണ്ടുവന്ന മനോനില തെറ്റിയ സ്ത്രീയെ പൊലീസുകാർ പുറത്താക്കി.

അകത്തു കയറാതിരിക്കാൻ സ്റ്റേഷന്റെ ഗ്രില്ല് പൂട്ടി. പൊലീസുകാരുടെ കണ്ണിൽ മണ്ണ് വാരിയെറിഞ്ഞ് ദേശീയപാതയിൽ വാഹനങ്ങൾക്കിടയിലൂടെ ആ സ്ത്രീ ഓടി. നൈറ്റ്പട്രോളുകാർ അവരെ പിടികൂടി സ്റ്റേഷനിലെത്തിച്ചെങ്കിലും പൂട്ടുതുറന്നില്ല. ഒടുവിൽ അവരെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ച് സംഭവം ഒതുക്കിതീർത്തു.

പിങ്ക് ജനമൈത്രി ബീറ്റ്, പിങ്ക് ഷാഡോ, പിങ്ക് റോമിയോ, പിങ്ക് ഡിജിറ്റൽ ഡ്രൈവ്, പിങ്ക് ഹോട്ട് സ്പോട്ട്, പിങ്ക് പട്രോൾ, കൺട്രോൾ റൂം എന്നിങ്ങനെ സ്ത്രീസുരക്ഷാ പദ്ധതികളേറെയുണ്ടെങ്കിലും ഫലപ്രദമല്ല. പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പിങ്ക്പട്രോളും 1515 ടോൾഫ്രീയിലെ അടിയന്തര സഹായവുമൊന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ഇവയ്ക്കായി 10കാറുകൾ, ബുള്ളറ്റ് ഉൾപ്പെടെ 40ഇരുചക്റവാഹനങ്ങൾ, 20സൈക്കിളുകൾ എന്നിവ ആഘോഷമായി പുറത്തിറക്കിയിരുന്നു. എല്ലാ സ്ത്രീകൾക്കും കുട്ടികൾക്കും സ്വയംപ്രതിരോധ പരിശീലനം നൽകാനുള്ള പദ്ധതിയും പാളിപ്പോയി.

സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള പൊലീസിന്റെ നടപടികൾ പാളിയപ്പോഴാണ്, സ്ത്രീകളും കുട്ടികളും പരാതി നൽകിയാൽ ഒരു മണിക്കൂറിനകം തുടർനടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതിക്ക് ഉത്തരവിടേണ്ടി വന്നു. സ്ത്രീസുരക്ഷയ്ക്കുള്ള പിങ്ക് പൊലീസിന്റെ ഒരുഡസൻ പദ്ധതികളിലേറെ നിർജീവമാണ്.

സ്ത്രീസുരക്ഷയ്ക്കുള്ള പിങ്ക് പൊലീസിന്റെ പദ്ധതികൾ ഫലം കാണാതായതോടെ, കുടുംബശ്രീ അംഗങ്ങളെ രംഗത്തിറക്കി സ്ത്രീ കർമ്മസേന രൂപീകരിക്കാൻ ഡിജിപി ഒരുങ്ങിയിരുന്നു. ഒത്തുതീർപ്പിന് പൊലീസിന് അധികാരമില്ലെങ്കിലും, ഒത്തുതീർപ്പെന്ന പേരിൽ പ്രതികളെ രക്ഷിക്കുന്നതും സ്ത്രീകളുടെ പരാതിയിൽ കേസെടുക്കാതിരിക്കുന്നതും തുടർക്കഥയായിട്ടുണ്ട്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്റമങ്ങൾ തടയാൻ മാത്രമായൊരു സംവിധാനം പൊലീസിൽ ഒരുക്കുമെന്ന് മുഖ്യമന്ത്റി നിയമസഭയിൽ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഇത്തരം കേസുകൾ വേഗം തീർപ്പാക്കാൻ നടപടിയുണ്ടാകുമെന്നും ശിക്ഷാ നിരക്ക് വർധിപ്പിക്കാൻ നടപടിയുണ്ടാകുമെന്നും ഇത്തരം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് പ്റത്യേക പരിശീലനം നൽകുമെന്നും അവരെ അന്വേഷണം പൂർത്തിയാകും വരെ സ്ഥലം മാറ്റില്ലെന്നുമുള്ള ഉറപ്പുകളെല്ലാം പാഴ്‍വാക്കാവുന്നത് പിന്നീട് കേരളം കണ്ടു.

Advertisment