സാജന്‍റെ കുടുംബത്തിനെതിരെ നടന്ന അപവാദ പ്രചരണത്തിന് പിന്നില്‍ സിപിഎമ്മിലെയും പോലീസിലെയും ഉള്‍പ്പോര് ! കള്ളക്കഥ മെനഞ്ഞത് അന്വേഷണ സംഘത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ച ഡി വൈ എസ് പി ! ലോക്സഭാ തോല്‍വിക്ക് പിന്നാലെ കണ്ണൂരില്‍ വീണ്ടും മുഖം നഷ്ടപ്പെട്ട് സിപിഎം 

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Wednesday, July 17, 2019

കണ്ണൂര്‍:  ആന്തൂര്‍ സംഭവത്തില്‍ ആത്മഹത്യ ചെയ്ത പ്രവാസി സാജന്റെ കുടുംബത്തിന്റെ നേര്‍ക്കുണ്ടായ അപവാദ പ്രചരണത്തിനു പിന്നിലും സി പി എം കണ്ണൂര്‍ ലോബിയിലെ ഉള്‍പ്പോരെന്ന് സൂചന.  സാജന്റെ ഭാര്യ ബീനയുമായി ബന്ധപ്പെട്ട ചില സൗഹൃദങ്ങളാണ് സാജന്റെ ആത്മഹത്യയിലേക്ക് വഴിവച്ചതെന്ന രീതിയില്‍ അന്വേഷണ സംഘത്തിന്റെതായി പുറത്തുവന്ന റിപ്പോര്‍ട്ടിന് പിന്നിലും ജില്ലയിലെ സി പി എമ്മിനെ അനുകൂലിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ഭിന്നത വ്യക്തമായിരുന്നു.

അന്വേഷണ സംഘത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരുന്ന മറ്റൊരു ഡി വൈ എസ് പിയാണ് കള്ളക്കഥ പ്രചരിപ്പിച്ചതിന് പിന്നിലെന്നാണ് സംശയം. അന്വേഷണ സംഘത്തിന്റെ അറിവോടെയല്ലാതെ പുറത്തുവന്ന ഈ വാര്‍ത്ത അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാനക്കേടുണ്ടാക്കി.  ഈ സാഹചര്യത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ വി എ കൃഷ്ണദാസ് ഇന്നലെ അപവാദക്കഥകള്‍ നിഷേധിച്ച് പരസ്യമായി രംഗത്തെത്തിയത്.

സാജന്റെ ആത്മഹത്യയ്ക്ക് കാരണം സാജന്‍ ആരംഭിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി കിട്ടിയില്ലെന്നത് തന്നെയാണെന്നായിരുന്നു കൃഷ്ണദാസിന്റെ വെളിപ്പെടുത്തല്‍.  മറിച്ചുള്ള പ്രചരണങ്ങള്‍ക്ക് അന്വേഷണ സംഘവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

കുടുംബത്തിനെതിരെ അപവാദ പ്രചരണം നടക്കുന്നതിനെതിരെ സാജന്റെ ഭാര്യയും മക്കളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടി പരാതി നല്‍കിയ സാഹചര്യവും യഥാര്‍ത്ഥ വസ്തുത തുറന്നുപറയാന്‍ കൃഷ്ണദാസിനെ നിര്‍ബന്ധിതരാക്കി.

ഇതോടെ അപമാനിതരായത് ജില്ലയിലെ പ്രമുഖ മന്ത്രി തന്നെ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗവും ഇവരുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുമായിരുന്നു. അതിലേറെ നാണം കെട്ടത് പാര്‍ട്ടി പത്രമായ ദേശാഭിമാനിയും. അന്വേഷണ സംഘത്തെ ഉദ്ധരിച്ചുകൊണ്ടെന്ന നിലയിലായിരുന്നു സാജന്റെ കുടുംബത്തെ സംശയ നിഴലില്‍ നിര്‍ത്തുന്ന വിധം ദേശാഭിമാനി വാര്‍ത്ത നല്‍കിയത്.  സമാനമായ രീതിയില്‍ ചില പ്രസ്താവനകള്‍ മന്ത്രി ഇ പി ജയരാജന്‍ നിയമസഭയിലും നടത്തിയിരുന്നു.

ആന്തൂര്‍ സംഭവത്തിന്റെ മറവിലും ജില്ലയിലെ പ്രമുഖനായ പി ജയരാജന്‍ പാര്‍ട്ടിയില്‍ കരുത്തനായി മാറുന്നത് തടയുക എന്ന ലക്ഷ്യവും അപവാദക്കഥകള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നു. പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുമ്പോഴും തനിക്ക് വ്യക്തിപരമായി അടുപ്പമുണ്ടായിരുന്ന സാജന്റെ കുടുംബത്തെ കൈവിടാന്‍ പി ജയരാജന്‍ ഒരുക്കമല്ല.

എന്നാല്‍ മുതിര്‍ന്ന നേതാവ് എം വി ഗോവിന്ദന്‍ മാസ്റ്ററും ഭാര്യ ശ്യാമളയും ആരോപണ വിധേയരായ സംഭവത്തില്‍ പാര്‍ട്ടിയിലെ വലിയൊരു ഭൂരിപക്ഷവും പി ജയരാജന്റെ നിലപാടുകള്‍ക്കെതിരാണ്.  എന്തായാലും സാജന്റെ കുടുംബത്തിനെതിരെ നടന്ന പ്രചരണത്തോടെ ജില്ലയില്‍ ജനവികാരവും പാര്‍ട്ടിക്കെതിരായി മാറി.

 

 

×