ചോദിച്ചത് പ്രവാസി ക്ഷേമം ! കിട്ടിയത് പ്രവാസി ദ്രോഹം ! എൻ ആർ ഐ നികുതി ലക്‌ഷ്യം വച്ചത് ഗൾഫിലെ പ്രവാസികളെ. അന്യനാട്ടിൽ വിയർപ്പൊഴുക്കുന്ന പ്രവാസിയുടെ പോക്കറ്റിൽ കയ്യിട്ടുവാരാൻ ഗൾഫ് രാജ്യങ്ങൾ മടിച്ചിടത്ത് മോഡി തയാറായി ! പിൻവാങ്ങൽ താൽക്കാലികമെന്നും സൂചന ! 120 ദിവസം ഇന്ത്യയിൽ തങ്ങിയാൽ കുടുങ്ങുന്ന വ്യവസ്ഥ കൂടി എടുത്തുമാറ്റണമെന്നു പ്രവാസി ലോകം !

New Update

ഡൽഹി:  മറ്റ് ഏതെങ്കിലും നാട്ടിൽ പോയി ജോലി ചെയ്ത് ജീവിക്കാം എന്ന് കരുതിയാലും അതിനും സമ്മതിക്കില്ലെന്ന് ഉറപ്പിച്ചുകൊണ്ടുള്ളതായിരുന്നു ഗൾഫ് പ്രവാസികളെ ലക്‌ഷ്യം വച്ചുള്ള ബജറ്റിലെ എൻ ആർ ഐ നികുതി നിർദ്ദേശം.

Advertisment

പക്ഷെ എതിർപ്പ് ശക്തമാകുകയും ബാലിശമായ നിർദ്ദേശമെന്ന് വിലയിരുത്തപ്പെടുകയും ചെയ്തതോടെ തൽക്കാലത്തേക്കെങ്കിലും അത് പിൻവലിക്കാൻ കേന്ദ്രം തയാറായി. പ്രവാസികളുടെ വരുമാനത്തിന് നികുതി ബാധകമല്ലാത്ത ഗൾഫിലെ പ്രവാസികളെ ലക്‌ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ നിർദ്ദേശം.

publive-image

യൂറോപ്യൻ രാജ്യങ്ങളിൽ മിക്കയിടങ്ങളിലും പ്രവാസികളും നികുതി നൽകാൻ നിർബന്ധിതരാണ്. എന്നാൽ താരതമ്യേന കുറഞ്ഞ വരുമാനമുള്ള ഗൾഫ് രാജ്യങ്ങൾ പലതവണ ഈ നിർദ്ദേശം ഉയർന്നു വന്നതാണെങ്കിലും പ്രവാസികൾക്ക് അതിനുള്ള വരുമാനം ഇല്ലെന്നു മനസിലാക്കി തന്നെ അത് നടപ്പിലാക്കിയില്ല.

എന്നാൽ മറ്റൊരു രാജ്യം പ്രവാസികളോട് കാണിക്കുന്ന മര്യാദ പോലും സ്വന്തം രാജ്യം അന്യനാട്ടിൽ പോയി വിയർപ്പൊഴുക്കി വിദേശ നാണ്യം നേടിത്തരുന്ന സ്വന്തം ജനങ്ങളോട് കാണിക്കാൻ തയാറല്ലെന്നതായിരുന്നു എൻ ആർ ഐ നികുതി നിർദ്ദേശത്തിന്റെ പിന്നാമ്പുറം.

ഗൾഫിൽ പ്രവാസ ജീവിതം നയിക്കുന്നവരിൽ ഭൂരിഭാഗവും ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ളവരാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നികുതി നിർദ്ദേശമെന്ന് വ്യക്തം.

ഇപ്പോൾ താൽക്കാലികമായി പിൻവലിച്ചെങ്കിലും ഭാവിയിൽ ഈ നികുതി നടപ്പിലാക്കാൻ തന്നെയാകും കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ തീരുമാനം എന്ന് വിലയിരുത്തുന്നവർ ഏറെയാണ്.

വിദേശത്തുള്ള ഇന്ത്യക്കാർക്ക് ആ രാജ്യത്ത് നികുതി ബാധകമല്ലെങ്കിൽ അവർ അവിടുന്നുള്ള വരുമാനത്തിന് ഇന്ത്യയിൽ നികുതി നൽകണം എന്നായിരുന്നു നിർദ്ദേശം. ആ നികുതി എത്രയെന്നു പ്രത്യേകം പറയാതിരുന്നതിനാൽ ഇന്ത്യയിലെ നികുതി ഘടക അനുസരിച്ച് ബാധകമാകും.

അതായത് 5 ലക്ഷത്തിനു മുകളിൽ വരുമാനമുള്ള പ്രവാസി വരുമാനത്തിന്റെ 10 ശതമാനം ഇന്ത്യയിൽ നികുതി നൽകണം.

publive-image

ഇന്ത്യയിൽ 50 ലക്ഷം വരുമാനമുളള ഒരാളിന്റെ ചിലവല്ല പ്രവാസിയുടെ ചിലവ്. ഉയർന്ന ജീവിത ചിലവുകൾ, വാടക, ഉയർന്ന വിദ്യാഭ്യാസ ചിലവുകൾ, യാത്രാ ചിലവുകൾ, വിമാന ടിക്കറ്റ് ഇതെല്ലാം പ്രവാസികളുടെ അധിക ചിലവാണ്.

നാട്ടിൽ ഒരു കിലോ അരിക്ക് 50 രൂപയാണെങ്കിൽ കുവൈറ്റിൽ ഒരു കിലോയ്ക്ക് 150 രൂപ നൽകണം. മൂന്നിരട്ടിയാണ് ഗൾഫിലെ കുറഞ്ഞ ചിലവ്. അതിനുപുറമെ വർഷാവർഷം നാട്ടിലേക്കുള്ള വരവും സമ്മാനങ്ങളും വിമാന യാത്രാക്കൂലിയുമൊക്കെ കഴിയുമ്പോൾ കടം വാങ്ങി തിരികെ പോകുന്ന പ്രവാസികളെ ഉദ്ദേശിച്ചായിരുന്നു നിർമ്മലാ സീതാരാമന്റെ നികുതി നിർദ്ദേശമത്രെ.

എന്തായാലും പ്രവാസികൾക്കുള്ള നികുതി നാണംകെട്ട നിർദ്ദേശമായതോടെ തൽക്കാലം പിൻവലിച്ച് മുഖം രക്ഷിക്കാൻ കേന്ദ്രം തയാറായി.

അപ്പോഴും 120 ദിവസം ഇന്ത്യയിൽ തങ്ങുന്ന പ്രവാസിയുടെ എൻ ആർ ഐ സ്റ്റാറ്റസ് എടുത്തുകളയുമെന്ന നിർദ്ദേശം മറ്റൊരു തട്ടിപ്പായി ബാക്കി കിടപ്പുണ്ട്. നേരത്തെ 180 ആയിരുന്നതാണ് ഇപ്പോൾ 120 ആയി കുറച്ചിട്ടുള്ളത്.

വിവാഹം, വീട് നിർമ്മാണം, രക്ഷിതാക്കളുടെ അസുഖം, ചികിത്സ എന്നിവയ്ക്കായി ചുരുക്കം സന്ദർഭങ്ങളിൽ പ്രവാസികൾക്ക് മൂന്നും നാലും മാസം നാട്ടിൽ തങ്ങേണ്ടി വരുന്നുണ്ട്.

ഇനി അങ്ങനെ വന്നു നാട്ടിൽ താമസിച്ചാൽ നാട്ടുകാരനായി മാറേണ്ടി വരുമത്രെ. പ്രവാസിയാകില്ല. ഈ തലതിരിഞ്ഞ വ്യവസ്ഥ കൂടി ഇല്ലാതായാൽ ബജറ്റിലെ പ്രവാസി ദ്രോഹം ഇല്ലാതാകും.

Advertisment