വട്ടിയൂര്‍ക്കാവില്‍ ‘ബ്രോ’ പ്രചരണത്തെ നേരിടാന്‍ മോഹന്‍കുമാറിന്റെ വിദ്യാഭ്യാസം തന്നെ യുഡിഎഫിന് പിടിവള്ളി. 2 എം എ, എല്‍ എല്‍ ബി, പിന്നെ പി എച്ച് ഡിയും. മൂന്നാം ലാപ്പില്‍ വന്‍ മുന്നേറ്റം തങ്ങള്‍ക്കെന്നു യുഡിഎഫ് പറയുമ്പോള്‍ ഒപ്പത്തിനൊപ്പം പ്രശാന്ത് ബ്രോയും എസ് സുരേഷും. വട്ടിയൂര്‍ക്കാവില്‍ പോരാട്ടം ത്രികോണം തന്നെ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, October 14, 2019

തിരുവനന്തപുരം:  സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ ഏറ്റവും വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് ഇത്തവണ വട്ടിയൂര്‍ക്കാവിലേത്.  മൂന്നു മുന്നണികള്‍ക്കും ഒരേപോലെ ശക്തിയുള്ള മണ്ഡലം. കഴിഞ്ഞ തവണയും യു ഡി എഫ് വിജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയത് ബി ജെ പി. അടുത്തിടെ നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്ത് ബി ജെ പി തന്നെ.

മൂന്നാം സ്ഥാനത്തേക്ക് തുടര്‍ച്ചയായി പിന്തള്ളപ്പെടുന്ന സാഹചര്യം പരിഗണിച്ചാണ് ഇത്തവണ ഇടത് മുന്നണി ഇവിടെ സമര്‍ഥനായ സ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കിയത്. അതിനായി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് മുരളീധരന്‍ വട്ടിയൂര്‍ക്കാവ് വിട്ട് വടകരയ്ക്ക് വണ്ടി കയറിയപ്പോള്‍ തന്നെ സി പി എം ഒരുക്കം തുടങ്ങി.

തെരഞ്ഞെടുപ്പിന് പിന്നാലെയെത്തിയ പ്രളയ കാലത്ത് മേയര്‍ പ്രശാന്ത് ചുരം കയറി. മേയര്‍ ചെയ്യുന്ന ഓരോ സല്‍പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച് മേയര്‍ ബ്രോയാക്കി. അതിനുതക്ക പ്രസരിപ്പുള്ള പെരുമാറ്റവും ചുറുചുറുക്കും സ്ഥാനാര്‍ഥിക്ക് തുണയായി. ഇതോടെ വട്ടിയൂര്‍ക്കാവില്‍ ബി ജെ പിയാണ് പ്രതിരോധത്തിലായത്.

യു ഡി എഫില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ ശക്തനായ സ്ഥാനാര്‍ഥി എന്ന കോണ്‍ഗ്രസ് പരിഗണനയാണ് അഡ്വ. ഡോ. കെ മോഹന്‍കുമാറിലെത്തിയത്. മേയര്‍ ബ്രോ സ്ഥാനാര്‍ഥിയായപ്പോള്‍ എതിരാളിയാകേണ്ടത് പീതാംബരക്കുറുപ്പല്ല, കെ മോഹന്‍കുമാര്‍ എന്ന് തീരുമാനിച്ചത് കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ ഒന്നിച്ചാണ്.  കെ മുരളീധരനും പിന്തുണച്ചു.

മോഹന്‍കുമാര്‍ ആള്‍ ആവേശക്കാരനൊന്നുമല്ലെങ്കിലും സൗമ്യനും പ്രിയങ്കരനുമാണ്. പ്രചരിപ്പിച്ചെടുത്തമറ്റ്‌ വിശേഷണങ്ങളേക്കാള്‍ ഒക്കെ അപ്പുറമാണ് മോഹന്‍കുമാറിന്റെ വിദ്യാഭ്യാസ യോഗ്യത. രണ്ട് വിഷയങ്ങളില്‍ എം എ; അതിലൊന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ തന്നെയും മറ്റൊന്ന് സോഷ്യോളജിയിലും. പിന്നെ എല്‍ എല്‍ ബിയും പി എച്ച് ഡിയും.

മുന്‍പ് എം എല്‍ എ ആയിരുന്നെങ്കിലും മണ്ഡലം പുനര്‍നിര്‍ണ്ണയം വന്നപ്പോള്‍ കെ മുരളീധരനായി സീറ്റ് ഒഴിഞ്ഞുകൊടുത്തു. വീണ്ടും മുരളീധരന്‍ ഒഴിഞ്ഞപ്പോള്‍ ആ സീറ്റ് മോഹന്‍കുമാറില്‍ തിരികെയെത്തി. മുന്‍ എം എല്‍ എ എന്ന നിലയിലുള്ള മണ്ഡലത്തിലെ വിസ്തൃതതമായ സുഹൃദ്ബന്ധം തന്നെയാണ് മോഹന്‍കുമാറിന് കൂട്ട്.

എന്‍ ഡി എ സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരന്‍ വരുമെന്നായിരുന്നു അഭ്യൂഹം.  കുമ്മനത്തെ മാറ്റി എസ് സുരേഷ് മണ്ഡലത്തിലെത്തിയപ്പോള്‍ അത് തുടക്കത്തില്‍ കുമ്മനത്തിനും അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും പിന്നെ ബി ജെ പി ക്യാമ്പുകള്‍ സജീവമാണ്. ബി ജെ പി ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ മണ്ഡലത്തില്‍ സുപരിചിതന്‍. ബി ജെ പിക്ക് സംസ്ഥാനത്ത് തന്നെ ഏറെ വേരോട്ടമുള്ള മണ്ഡലത്തില്‍ സ്വന്തം സ്ഥാനാര്‍ഥി പിന്നോക്കം പോയാല്‍ അതിനു സംസ്ഥാന നേതൃത്വം സമാധാനം പറയേണ്ടി വരും.

മാത്രമല്ല, ബി ഡി ജെ എസിന്റെ പരമാവധി വോട്ടുകള്‍ ലഭിക്കാനുള്ള തന്ത്രങ്ങള്‍ പാര്‍ട്ടി ദേശീയ നേതൃത്വം താല്പര്യമെടുത്ത് നടപ്പാക്കിയിട്ടുമുണ്ട്. ഇവിടെ ബി ഡി ജെ എസ് വോട്ടുകള്‍ ചോര്‍ന്നാല്‍ അതിനു ബി ഡി ജെ എസ് സമാധാനം പറയേണ്ടി വരും.

ബി ഡി ജെ എസില്‍ ബി ജെ പി പിടിമുറുക്കിയത് ഇടതുപക്ഷത്തിന് തിരിച്ചടിയാകും. ഉപതെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ ഇടത് മുന്നണിക്ക് പരസ്യ പിന്തുണ വാഗ്ദാനം ചെയ്ത എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്നലെയോടെ നിലപാട് തിരുത്തി.

ഉപതെരഞ്ഞെടുപ്പുകളില്‍ എന്‍ ഡി എ വോട്ടുവിഹിതം വര്‍ദ്ധിപ്പിക്കാന്‍ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി നിര്‍ബന്ധിതനാണ്. പക്ഷെ, വോട്ടിരിക്കുന്നത് സമുദായ സംഘടനയായ എസ് എന്‍ ഡി പിയുടെ പക്കലാണ്. അല്ലാതെ ബി ഡി ജെ എസിനും എസ് എന്‍ ഡി പിക്കും വെവ്വേറെ വോട്ട് ബാങ്കില്ല.  ഇത് മനസിലാക്കി തന്നെയാണ് വെള്ളാപ്പള്ളി അല്‍പ്പം പിന്നോട്ട് പോയത്. അതിന്റെ തിരിച്ചടി ഇടത് മുന്നണിക്കുണ്ടാകും. അതിനൊപ്പം എന്‍ എസ് എസിന്റെ ശരിദൂര നിലപാടിന്റെ ആവേശവും യു ഡി എഫ് ക്യാംപിലുണ്ട്.

ചുരുക്കത്തില്‍ വട്ടിയൂര്‍ക്കാവില്‍ അവസാന ലാപ്പില്‍ മുന്‍‌തൂക്കം നേടിയെന്ന വിശ്വാസത്തിലാണ് യു ഡി എഫ്. തൊട്ടുപിന്നാലെ ഇടത് മുന്നണിയും ബി ജെ പിയുമുണ്ട്. ഫലത്തില്‍ മത്സരം ത്രികോണം തന്നെ.

×