വട്ടിയൂര്‍ക്കാവില്‍ എന്‍ പീതാംബരക്കുറുപ്പ്, അരൂരില്‍ കെ ബാബുവോ അനില്‍ ബോസോ, കോന്നിയില്‍ റോബിന്‍ പീറ്റര്‍, ഷാനിമോള്‍ ഉസ്മാന് സീറ്റില്ല – കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, September 24, 2019

തിരുവനന്തപുരം:  കോണ്‍ഗ്രസില്‍ 4 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. 4 ല്‍ 3 സീറ്റുകളിലും ഐ ഗ്രൂപ്പ് മത്സരിക്കാനാണ് സാധ്യത.  അരൂര്‍ സീറ്റ് എ ഗ്രൂപ്പിന്റെതാണ്.  ഇവിടെ ഈഴവ സമുദായാംഗമായ ഒരു സ്ഥാനാര്‍ഥിയെ പരിഗണിക്കാനാണ് സാധ്യത.

വട്ടിയൂര്‍ക്കാവില്‍ ഐ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നത് മുന്‍ എംപി എന്‍ പീതാംബരക്കുറുപ്പിന്റെ പേരാണ്. മുന്‍പ് വട്ടിയൂര്‍ക്കാവും അരൂരും എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വച്ചുമാറാന്‍ ആലോചിച്ചിരുന്നെങ്കിലും ഇന്ന് ഉമ്മന്‍ചാണ്ടി, രമേശ്‌ ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നുള്ള ചര്‍ച്ചയില്‍ അതാത് സീറ്റുകളില്‍ തന്നെ ഗ്രൂപ്പുകള്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതോടെ അരൂരില്‍ ഷാനിമോള്‍ ഉസ്മാനുള്ള സാധ്യതയും മങ്ങുകയാണ്.  അടൂര്‍ പ്രകാശ് പാര്‍ലമെന്റംഗമായതോടെ നിയമസഭയില്‍ കോണ്‍ഗ്രസിന് ഈഴവ എം എല്‍ എമാരില്ല.  അതിനാല്‍ അരൂരില്‍ ഈഴവ സമുദായാംഗത്തെ തന്നെ പരിഗണിക്കാനാണ് സാധ്യത.

അങ്ങനെവന്നാല്‍ കെ ബാബു, എ ഐ സി സി പ്രതിനിധിയും കെ പി സി സി അംഗവുമായ അഡ്വ. അനില്‍ ബോസ് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. സീറ്റ് ലഭിച്ചാല്‍ എ ഗ്രൂപ്പുമായി സഹകരിക്കാമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ഗ്രൂപ്പ് നേതാക്കളെ അറിയിച്ചിട്ടുണ്ടെങ്കിലും അതിനു സാധ്യതയില്ല. പിന്നെ പരിഗണിക്കാവുന്ന പേര് ഡി സി സി അധ്യക്ഷന്‍ എം ലിജുവിന്റെതാണ്.

എന്നാല്‍ സുപ്രീംകോടതി അഭിഭാഷകനും നാട്ടുകാരനും ഉമ്മന്‍ചാണ്ടിയുടെ ഇഷ്ടക്കാരനുമായ അഡ്വ. അനില്‍ ബോസിനാണ് മുന്‍ഗണന. കെ ബാബുവിന് അടുത്ത തവണ തൃപ്പൂണിത്തുറയില്‍ മത്സരിക്കാനാണ് താല്പര്യം.

കോന്നിയില്‍ റോബിന്‍ പീറ്ററിന് സാധ്യത വര്‍ധിച്ചു. എറണാകുളത്ത് യുവത്വത്തെ  പരിഗണിക്കാനാണ് സാധ്യത.

×