മദര്‍ മറിയം ത്രേസ്യായുടെ നാമകരണ നടപടികളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധീകളെ അയക്കാതിരുന്നത് അത്യന്തം ദുഖകരമെന്ന് കാത്തലിക്‌ ഫോറം കേന്ദ്ര കമ്മറ്റി

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, October 14, 2019

കൊച്ചി:  ഭാരത കത്തോലിക്ക സഭയുടെ അഭിമാനവും ക്രൈസ്തസഭയുടെ വിശ്വാസ സാക്ഷ്യവുമായ മദര്‍ മറിയം ത്രേസ്യായുടെ നാമകരണ നടപടികളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധീകളെ അയക്കാതിരുന്നത് അത്യന്തം ദുഖകരമെന്ന് കാത്തലിക്‌ ഫോറം കേന്ദ്ര കമ്മറ്റി. ഭാരത കത്തോലിക്ക സഭയില്‍നിന്നുള്ള അഞ്ചാമത്തെയും, കന്യാസ്ത്രീകളില്‍ നിന്നുള്ള നാലാമത്തെയും വിശുദ്ധയാണ് മദര്‍ മറിയം ത്രേസ്യാ.

വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെയും വിശുദ്ധ കുര്യക്കോസ് ഏലിയാസ് ചാവറ പിതാവിന്റെയും വിശുദ്ധ ഏവുപ്രാസ്യാമ്മയുടെയും മദര്‍ തെരേസായുടെയും നാമകരണ നടപടികള്‍ക്ക് കേരളത്തില്‍ നിന്നും, കേന്ദ്രത്തില്‍ നിന്നും പ്രതിനിധി സംഘത്തെ അയച്ചിട്ടുണ്ട്. വിശുദ്ധ മറിയം ത്രേസ്യാമ്മയുടെ നാമകരണത്തിന് ഇത്തവണയും കേന്ദ്രസംഘം പങ്കെടുക്കുകയും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും വിദേശകാര്യവകുപ്പിന്റെ സഹമന്ത്രിയുമായ വി.മുരളീധരന്‍ നേതൃത്വം നല്‍കുകയും, തൃശൂര്‍ എം.പി ടി.എന്‍ പ്രതാപന്‍ പങ്കെടുത്തുവെന്നതും ശ്ലാഘനീയമാണ്.

ഇരിങ്ങാലക്കുടയിലെ പുത്തന്‍ചിറയെന്ന ഗ്രാമത്തില്‍ ജനിച്ച് കേവലം 50 വര്‍ഷക്കാലം മാത്രം ജീവിച്ച് ലോകമെങ്ങും അറിയപ്പെടുകയും, സമൂഹത്തില്‍ സ്ത്രീകള്‍ക്ക് മാതൃകയാവുകയും, കത്തോലിക്കസഭയുടെ ലോകമെങ്ങുമുള്ള അള്‍ത്താരകളില്‍ വണക്കപ്പെടുവാന്‍ യോഗ്യയാക്കപ്പെടുകയും ചെയ്ത ചടങ്ങില്‍ വിട്ടുനിന്ന കേരളസര്‍ക്കാരിന്റെ വീഴ്ച തിരുത്തപ്പെടേണ്ടതാണെന്ന് കാത്തലിക്ക്‌ ഫോറം ആവശ്യപ്പെട്ടു.

നവോത്ഥാനവും, സ്ത്രീശാക്തീകരണവും, വിശ്വാസാചാരങ്ങളും വിചിന്തനം ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ കേരള സര്‍ക്കാര്‍ പ്രതിനിധീസംഘത്തെ അയക്കാതിരുന്നത് ദൗര്‍ഭാഗ്യകരമായിപ്പോയി. ക്രൈസ്തവ സന്ന്യാസജീവിതത്തെയും ക്രൈസ്തവരുടെ വിശുദ്ധ കൂദാശകളെയും അപമാനിക്കുന്ന തരത്തില്‍ ചില തീവ്രവാദസംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ക്രൈസ്തവസംഘടനകള്‍ നല്‍കിയിട്ടുള്ള പരാതികള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രസിഡന്റ് ബിനു ചാക്കോ അധ്യക്ഷത വഹിച്ചു. അഡ്വ. ഡാല്‍ബി ഇമ്മാനുവല്‍, ജിമ്മി പുത്തരിക്കല്‍, സന്തോഷ് പൂതുള്ളി, ബിനു ആന്റെണി, ജിനോ ജോണ്‍, ജോബിന്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

×