കൊറോണ പ്രതിരോധത്തിൽ ജീവൻ പണയംവച്ച് പങ്കാളികളാകുന്ന നേഴ്‌സുമാർക്ക് പ്രാഥമിക സുരക്ഷാ സൗകര്യങ്ങൾ പോലുമില്ല. ആരോഗ്യ പ്രവർത്തകർ രോഗ വാഹകരാകുന്ന സ്ഥിതി ഗുരുതരം ! നേഴ്‌സുമാരുടെ ‘ഗതികേട്’ കേൾക്കാൻ മാനേജ്‌മെന്റുകൾക്കും സർക്കാരിനും സമയമില്ല. ആകെയുള്ളത് മാലാഖമാരെന്ന തള്ള് ! മാത്രം !!

ന്യൂസ് ബ്യൂറോ, മുംബൈ
Tuesday, April 7, 2020

മുംബൈ:  രാജ്യത്ത് നടക്കുന്ന കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെങ്കിലും ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നതായ പരാതികൾ വ്യാപകം.

അതീവ ഗുരുതരമായ സാഹചര്യത്തിലും കൊറോണ രോഗികളെ പരിചരിക്കുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും അടിസ്ഥാന സുരക്ഷാ സൗകര്യങ്ങൾ പോലും ഒരുക്കാൻ ആശുപത്രി മാനേജ്‌മെന്റുകൾക്ക് കഴിയുന്നില്ലെന്നാണ് ആക്ഷേപം.

സ്വകാര്യ മേഖലയിലെ ആശുപത്രികളിലാണ് ഇത്തരം ഉദാസീനതകൾ ഏറ്റവും ഗുരുതരം. ഇവരെ നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾ പോലും പരാജയപ്പെടുന്നതായാണ് പരാതി.

കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കൊറോണ വാർഡുകളിൽ ഡ്യൂട്ടി നോക്കുന്ന നേഴ്‌സുമാർക്ക് പോലും സുരക്ഷയൊരുക്കാൻ അധികൃതർ തയാറാകുന്നില്ലത്രേ.

സെൻട്രൽ മുംബൈയിലെ ഒരാശുപത്രിയിൽ മാത്രം ആകെയുള്ള 270 നേഴ്സുമാരിൽ 45 പേർക്കും കൊറോണ സ്ഥിരീകരിച്ച സംഭവം ഇതിനു തെളിവാണ്.

ആരോഗ്യ പ്രവർത്തകർ തന്നെ രോഗവ്യാപകരാകുന്ന സ്ഥിതി അതീവ ഗുരുതരമാണെന്ന വിലയിരുത്തലുകൾ സർക്കാർ സംവിധാനങ്ങൾ പോലും വേണ്ടത്ര ഗൗരവമായി പരിഗണിക്കുന്നില്ലെന്ന പരാതി നേഴ്സിംഗ് സംഘടനകൾക്കുണ്ട്.

മെഡിക്കൽ ഉപകരണങ്ങൾ കേടാകുകയോ ഇല്ലാതായിരിക്കുകയോ ചെയ്‌താൽ അത് വാങ്ങാൻ കഴിയും. അതേസമയം, ആരോഗ്യ പ്രവർത്തകർ രോഗബാധിതരായാൽ പകരം സംവിധാനങ്ങൾ ഉണ്ടാകില്ലെന്ന് മാത്രമല്ല, ആരോഗ്യ പ്രതിരോധ സംവിധാനങ്ങൾ അപ്പാടെ തകരാറിലാകും. എന്നാൽ ഇതൊന്നും തീരെ പരിഗണിക്കാതെയാണ് അധികൃതരുടെ പോക്ക്.

നഴ്‌സുമാർക്കും ഡോക്ടർമാർക്കും മാനസിക പിരിമുറുക്കം കുറയ്ക്കാനും പരിരക്ഷ ഒരുക്കാനും വേണ്ട നടപടികളും സ്വീകരിക്കേണ്ടതുണ്ട്. ഡ്യൂട്ടി കഴിഞ്ഞുവരുന്ന നേഴ്‌സുമാർക്ക് മാനസിക പിരിമുറുക്കം കൂടാതെ താമസിക്കാനും ഭക്ഷണത്തിനും ഡൽഹി മോഡൽ സംവിധാനം ഒരുക്കാനും കഴിയണം.

ഡൽഹിയിൽ ടാറ്റ ഗ്രൂപ്പിന്റെ ഒരു ഹോട്ടൽ തന്നെ നേഴ്‌സുമാർക്ക് താമസിക്കാനായി വിട്ടുനല്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ഈ മാതൃക തുടരാവുന്നതാണ്.

ഭാവിയിൽ രോഗവ്യാപനം സംബന്ധിച്ച് ഗുരുതര സാഹചര്യങ്ങൾ ഉണ്ടായാൽ അതിനാദ്യം സജ്ജീകരിക്കേണ്ടത് കർമ്മനിരതരായ ആരോഗ്യ പ്രവർത്തകരെയാണ്.

അതിനുള്ള കർമ്മ പദ്ധതികൾക്ക് സർക്കാർ മടിക്കരുത്. ഒപ്പം ഈ പ്രത്യേക കാലയളവിലേക്കെങ്കിലും അവരുടെ അലവൻസും ആനുകൂല്യങ്ങളും ഇരട്ടിയായെങ്കിലും വർധിപ്പിക്കാനും കഴിയണം.

×