നമ്മളിലും നമ്മുടെ കുടുംബത്തിലും, സമൂഹത്തിനാകെയും ശീലിച്ചുവന്ന ജീവിത രീതികളെ പുനർചിന്തയ്ക്ക്, അറിഞ്ഞുമറിയാതെയും വിധേയമാക്കാൻ കോവിഡ് പ്രേരിപ്പിച്ചുവെന്നത് സത്യമല്ലേ... ?
ഉറങ്ങിക്കിടന്ന കലാഹൃദയത്തെ തൊട്ടുണർത്തിയ ഏതാനും പെൺകുട്ടികൾ അമൃതാ നായർ, ഡോ. സേതുലക്ഷ്മി രാജീവ്, ഇഷിത രമേഷ് .....
/sathyam/media/post_attachments/Omgywag2IZ4evJ4vjo5z.jpg)
കൊറോണയ്ക്കെതിരെ തുള്ളൽ പാട്ടുകളിലൂടെ ബോധവൽക്കരണ താളമേകിയ പാലാ കെ. ആർ. മണി, മാറിയിടം മാധവൻ,
കോവിഡ് ലോക് ഡൗൺ കാലത്ത് വിട്ടുപിരിഞ്ഞ അർജുനൻ മാസ്റ്ററെ അനുസ്മരിച്ച ജിൻസ് ഗോപിനാഥ്, ലോക് ഡൗണിലെ വിഷുവിന് പ്രസിദ്ധ വിഷു ഗാനങ്ങൾ ആലപിച്ച ഗായത്രി സുരേഷ്, കോവിഡിന്റെ പ്രകൃതി പാഠം പകർന്നു തന്ന മാർ ജേക്കബ്ബ് മുരിക്കൻ പിതാവ്, സത്സ്വരൂപാനന്ദ സ്വാമിജി, ആളില്ലാ പള്ളിയിൽ ആളുകളെ സങ്കൽപ്പിച്ച് കുർബ്ബാനയർപ്പിച്ച വെണ്ണായിപ്പള്ളിയച്ചൻ.....
ഭാഗവതം മടക്കി വെച്ച് ചുണ്ടിൽ നാമമന്ത്രവുമായി കരിങ്കല്ല് പൊട്ടിക്കാനും കൃഷിപ്പണിക്കും ഇറങ്ങിയ ഭാഗവത സൂര്യൻ അമനകര വ്യാസൻ ജി, ചക്കക്കുരു കൊണ്ട് വിവിധ വിഭവങ്ങളൊരുക്കിയ മേലുകാവ് പാപ്പു, ചൈനയിലെ വുഹാനെ അനുസ്മരിച്ച മുൻ ആർച്ച് ബിഷപ്പ് തോമസ് മേനാമ്പറമ്പിൽ പിതാവ്, ജനങ്ങൾക്ക് വിവിധ സന്ദേശങ്ങളൊരുക്കിയ പോലീസ് ഉദ്യോഗസ്ഥർ, രോഗം തടയാനുള്ള സ്വയം ഒരുക്കങ്ങൾ, മാർഗ്ഗങ്ങൾ, ചികിത്സാ കാര്യങ്ങൾ വിശദീകരിച്ച ഡോ. അഞ്ജു. സി. മാത്യു , കൗമാര - യൗവ്വന സ്മരണകൾ അയവിറക്കിയ ഡോ. ജിഷ്ണു ജി. കർത്താ, മാജിക്കും നൂറുകണക്കിനു ടിക് ടോക്കുകളുമായി മനസ്സന്തോഷമേകിയ പ്രിയപ്പെട്ട കണ്ണൻ മോൻ.....
"കാവിൻ പുറത്തമ്മ" വാട്സപ്പ് ഗ്രൂപ്പിൽ പാട്ടും കളികളും ഉപകരണ സംഗീതവുമൊരുക്കിയ പ്രമുഖർ (പേരുകൾ ഒരുപാടുണ്ട് എഴുതാൻ .... )
അനുദിന സംഭവങ്ങൾ അപ്പപ്പോൾ അറിയിച്ച പാലായിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കൾ, കോവിഡ് സംസ്ഥാന തല വിവരങ്ങൾ എല്ലാവർക്കുമായി യഥാസമയം കൈമാറിയ ഉറ്റ സുഹൃത്തും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ജി. അരുൺ ( അപ്പ)
വീട്ടിലിരുന്നിട്ടും പത്രവാർത്തയ്ക്ക് തുടരെ വിവരങ്ങൾ കൈമാറിയ അടുത്ത സുഹൃത്തുക്കൾ ...... വ്യക്തിപരമായി പോലും സഹായിച്ച പലരും .... ആരെയും മറക്കാനാവില്ലല്ലോ .....
ലിസ്റ്റിൽ ഒതുങ്ങാത്തത്ര മറ്റു ചിത്രകാരന്മാർ, നർത്തകർ, ഗായകർ, പാചക വിദഗ്ദ്ധർ,
രവി പാലാ , രവി പുലിയന്നൂർ, ആർ. കെ. വള്ളിച്ചിറ, എലിക്കുളം ജയകുമാർ തുടങ്ങിയ എഴുത്തുകാർ ....,
കോവിഡ് കാലത്ത് മാത്രം മൊബൈലിൽ അഞ്ച് ലഘുചിത്രങ്ങളൊരുക്കിയ പ്രിയ സുഹൃത്ത് സാംജി പഴേപറമ്പിൽ, എനിക്കറിയാവുന്ന മറ്റ് അഭിനേതാക്കൾ, കർഷകർ, ജനപ്രതിനിധികൾ , സമൂഹ ഗാനം പാടി ജനത്തെ ഉണർത്തിയ കലാകാരന്മാർ , പാലാ രൂപതയിലെ വൈദികർ ..... എന്തിന് വയോജനങ്ങൾ പോലും വീട്ടിൽ വെറുതെയിരുന്നില്ല .....
നവമാധ്യമങ്ങളിലെ ചടുല സ്ഫുല്ലിംഗങ്ങളായി എല്ലാവരും അരങ്ങുവാണപ്പോൾ നാം നമ്മെയറിഞ്ഞു തുടങ്ങി ! നമ്മൾ ഒറ്റയ്ക്കേയല്ല !!! ഒന്നിനും സമയം കിട്ടുന്നില്ല എന്ന് വിലപിച്ചിരുന്ന നമുക്ക് സമയം എങ്ങനെ സൃഷ്ടിപരമായി വിനിയോഗിക്കാമെന്ന വലിയ പാഠമല്ലേ കോവിഡ് പഠിപ്പിച്ചത്.
ജീവിതമെന്നാൽ പുറം ഭക്ഷണമെന്നും, സന്തോഷമെന്നാൽ സുഖലോലുപതയെന്നും, ഉയർച്ചയെന്നാൽ സമൃദ്ധിയെന്നുമുള്ള അടിയുറച്ച വിശ്വാസം, ലോകമാകെ
കടപുഴക്കാൻ, കുന്നിമണിയോളം പോന്ന കോവിഡ് വൈറസിനായി.
പണ്ടൊരു കാലം ..... ലളിത ജീവിതത്തെ പ്രകൃതി താളത്തിലലിയിച്ചു ചേർത്തിരുന്നവർ, ആ പൂർവ്വസൂരികളെ നാം മറന്നു.
ഇന്ന് നമ്മൾ തിരിച്ചറിയുന്നു ; പറമ്പിലെ പച്ചയാണ് നമ്മുടെ പാരമ്പര്യമെന്ന് ... ചക്ക, മാങ്ങ, കപ്പ, കാച്ചിൽ, ചേന പഴങ്കഞ്ഞി,... പഴമയുടെ രുചിക്കൂട്ടുകളുമായി മുത്തശ്ശി മണം, പുതു തലമുറയ്ക്ക്, നമുക്ക് കലവറയില്ലാതെ പകർന്നു കിട്ടി.
ഇതിനൊപ്പം നിശ്ശബ്ദതയ്ക്കും ജീവിത സംഗീതമാവാമെന്ന് ബാല്യ - കൗമാര - യൗവ്വനങ്ങൾ ഗൃഹപാഠമെഴുതി.
വെറുതെ ടൗണിൽ കറങ്ങി നടന്നവനെ സദാചാരിയാക്കാൻ പാറിപ്പറന്ന ഡ്രോണുകൾ, മൂടാത്ത മുഖത്തിന് പിഴയിട്ട് ജീവിതപാഠം പകർന്ന നിയമം, നാട്ടിലുടനീളം കാക്കിക്കരുതലുകൾ, ആതുര ശുശ്രൂഷകർക്ക് പുഷ്പവൃഷ്ടി, നിസ്വാർത്ഥ പൊതുസേവകർക്ക് മണിനാദം.... തിരിനാളം! അങ്ങനെ കോവിഡ് 19 മനുഷ്യരുടെയുള്ളിൽ, ഇടയ്ക്ക് ഇല്ലാതെ പോയ മനുഷ്യത്വത്തിന്റെ ഉറവ കിനിയിക്കാൻ തുടങ്ങി.
കൈകൾ സോപ്പിട്ട് കഴുകി ..... വൃത്തി വ്യക്തമായി , വീട്ടിലും നാട്ടിലും ശീലമായി ....
കാരുണ്യം, കൈയ്യയച്ചുള്ള ദാനം ഇവയൊക്കെ കൂട്ടായ്മയായി...., സമൂഹത്തെ പുന:സൃഷ്ടിക്കുന്നതിനുള്ള ജാഗ്രതയായി മാറിയ അപൂർവ്വ കാഴ്ച, കോവിഡാണ് നമുക്ക് പകർന്നത്.
പാലാ ജനറൽ ആശുപത്രിയിൽ നിന്നും ആരോഗ്യനില വഷളായ ഒരു രോഗിയെ കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലെ കൊറോണാ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചൂവെന്ന് ഈയുള്ളവൻ കുറിച്ച നാളിൽ ഫോൺ സന്ദേശങ്ങൾ പറ പറന്നു .... പിറ്റേന്ന് പാലാ പട്ടണം വിജനം, മരണഭയം ....... ജീവിത നിസ്സാരത ......, എല്ലാം അന്ന് ഒന്നുകൂടി മനസ്സിലായി....
മാതാപിതാക്കൾ, ഭാര്യ, മക്കൾ, ബന്ധുക്കൾ, അയൽക്കാർ ..... ബന്ധങ്ങളുടെ മൂല്യവും, കുടുംബത്തിൻ്റെ ഊഷ്മളതയും, ചുറ്റുപാടിൻ്റെ ശുചിത്വവും, പ്രകൃതിയുടെ സൗന്ദര്യവും കോവിഡ് നമ്മെ പഠിപ്പിച്ചു.
ഇതെല്ലാം മാറി, കാലവും പ്രകൃതിയും കലങ്ങിത്തെളിയുമ്പോൾ, ഇപ്പോൾ പഠിച്ച പാഠങ്ങൾ നമ്മൾ മറന്നു പോകുമോ.....?
രണ്ട് പ്രളയം കണ്ട തലമുറ, പ്രളയം പോയ പുറകെ അന്നത്തെ അനുഭവങ്ങളെയും ഒഴുക്കിവിട്ട പാരമ്പര്യം നമ്മൾക്കുണ്ട്.
ഇനിയെങ്കിലും ദുരിതങ്ങളൊന്നും മറക്കാതിരുന്നാൽ കൊള്ളാം, ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹം .....
ചെവിയോർത്തേ, ചെറിയൊരു ഇരമ്പൽ കേൾക്കുന്നില്ലേ....? തെക്കുപടിഞ്ഞാറൻ കാലവർഷം അങ്ങകലെ അലകടലിൽ രൂപം കൊള്ളുന്നുണ്ടേ..... നമുക്ക് ഒന്നിച്ചു നിന്നേ പറ്റൂ.... ഓർമ്മകൾ ഉണ്ടായിരിക്കണം..... എന്നും,
ഇത് മുന്നറിയിപ്പല്ല, തൊഴുതു പിടിച്ചുള്ള അപേക്ഷയാണ് ......
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us