കൊറോണ രോഗികളെ പരിചരിക്കുന്ന നേഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര സർക്കാരിന് കെ സി വേണുഗോപാലിന്റെ നിർദ്ദേശം ! ഹരിയാന, ഡൽഹി പി സി സികൾക്കും നേഴ്‌സുമാരുടെ പ്രശ്നത്തിൽ ഇടപെടാൻ നിർദ്ദേശം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, April 6, 2020

ഡൽഹി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന  നേഴ്‌സുമാർക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ചകൾ ഉണ്ടാകരുതെന്നാവശ്യപ്പെട്ട് എ ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഇടപെടൽ.

നേഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്ര സർക്കാരിനും വിവിധ പി സി സികൾക്കും കെ സി വേണുഗോപാൽ നേരിട്ട് നിർദ്ദേശം നൽകി.

സെൻട്രൽ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ കൊറോണ സ്ഥിരീകരിച്ച നഴ്‌സുമാരുടെയും ഡ്യൂട്ടിയിലുള്ള നഴ്‌സുമാരുടെയും കാര്യത്തിൽ ആശുപത്രി മാനേജ്‌മെന്റുകളുടെ ഭാഗത്ത് നിന്നും വീഴ്ചകൾ സംഭവിക്കുന്നുവെന്ന യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സെൻട്രൽ മുംബൈ ചുമതലയുള്ള മന്ത്രി അസ്‌ലം ഷെയ്ഖിനെ നേരിട്ട് വിളിച്ച് പ്രശ്നത്തിൽ ഇടപെടാനും എ ഐ സി സിയെ വിവരം ധരിപ്പിക്കാനും കെ സി വേണുഗോപാൽ നിർദ്ദേശം നൽകി.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മലയാളി നേഴ്‌സുമാർക്ക് ഏറ്റവും പ്രതിസന്ധി നേരിടുന്ന മറ്റൊരു മേഖല ഡൽഹിയാണ്. യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ കൊറോണ രോഗിയെ പരിചരിക്കേണ്ടി വരുന്ന നേഴ്‌സുമാർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ച സംഭവങ്ങൾ നിരവധിയാണ്.

ഈ സാഹചര്യത്തിൽ നേഴ്‌സുമാരുടെ പ്രശ്നങ്ങളിൽ ഇടപെടാനും പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും ഡൽഹി പി സി സി അധ്യക്ഷൻ അനിൽ ചൗധരിക്ക് വേണുഗോപാൽ നിർദ്ദേശം നൽകി.

ഹരിയാനയിലുള്ള ആശുപത്രികളിൽ ജോലി ചെയ്യുന്ന  നേഴ്‌സുമാരുടെ പരാതികൾ സംബന്ധിച്ച് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങളിൽ ഉൾപ്പെടെ ഇടപെടണമെന്നും പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഭൂപേന്ദർ സിങ് ഗൂഢയോടും വേണുഗോപാൽ ആവശ്യപ്പെട്ടു.

യു എൻ എ നാഷണൽ വർക്കിംഗ് പ്രെസിഡന്റ് റിൻസ് ജോസഫാണ് വിവിധ സംസ്ഥാനങ്ങളിൽ മലയാളി നേഴ്‌സുമാർ അനുഭവിക്കുന്ന അതീവ ഗുരുതരമായ സാഹചര്യങ്ങൾ കെ സി വേണുഗോപാലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

×