Advertisment

കള്ളക്കടത്തു കേസില്‍ ഉള്‍പ്പെട്ട രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തു

New Update

കൊച്ചി: കൊച്ചി കസ്റ്റംസ്പ്രിവന്റീവ് കമ്മീഷണറേറ്റിന് കീഴിലുള്ള രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തു. കള്ളക്കടത്തു കേസില്‍ ഉള്‍പ്പെട്ടതിനാലാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍  സുമിത് കുമാര്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

Advertisment

publive-image

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി 2019 മെയ് 13 ന് എട്ടു കോടിയിലധികം രൂപ വില മതിക്കുന്ന 24998.61 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിനാണ് കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ ബിയെ സര്‍വീസില്‍ നിന്നും നീക്കിയത്.

കോഫെപോസ നിയമപ്രകാരം രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ ഉത്തരവിട്ടിരുന്നു. ഇയാള്‍ ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി 2019 ഓഗസ്റ്റ് 19 ന് നാലു കോടിയിലധികം രൂപ വിലമതിക്കുന്ന 11,035.54 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിനാണ് കസ്റ്റംസ് ഇന്‍സ്പെക്ടര്‍ രാഹുലിനെ സര്‍വീസില്‍ നിന്നും നീക്കിയതെന്നു കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ അറിയിച്ചു.

കോഫെപോസ നിയമപ്രകാരം അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും ഇയാള്‍ ഒളിവിലാണ്.

ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ് ആണ് ഇരു കേസുകളും അന്വേഷിച്ചത്. കസ്റ്റംസ് ആക്ട് 1962 പ്രകാരം രാധാകൃഷ്ണനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ടാമത്തെ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisment