ആലുവയില്‍ നടക്കുന്ന വൈദികരുടെ വാര്‍ഷിക ധ്യാനം വിമതരുടെ വൈദിക സമിതി യോഗമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ നീക്കം. 12 മണിക്ക് ധ്യാനം കഴിഞ്ഞിറങ്ങുന്ന വൈദികരെ വിമത യോഗം കഴിഞ്ഞ് പുറത്തിറക്കുന്നവരായി ചിത്രീകരിച്ച് വ്യാജ വാര്‍ത്ത സൃഷ്ടിക്കാനാണ് പുതിയ നീക്കം

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, June 28, 2019

കൊച്ചി:  ആലുവയില്‍ നടക്കുന്ന വൈദികരുടെ വാര്‍ഷിക ധ്യാനം എറണാകുളം – അങ്കമാലി അതിരൂപതയിലെ വിമത വൈദികരുടെ യോഗമാണെന്ന് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കം.

ഇന്നലെ എറണാകുളം – അങ്കമാലി അതിരൂപതയിലെ രണ്ടു സഹായ മെത്രാന്മാരെയും പദവികളില്‍ നിന്നും നീക്കം ചെയ്യുകയും അഡ്മിനിസ്ട്രെറ്ററെ കാലാവധി നീട്ടിനല്‍കാതെ പഴയ പദവിയിലേക്ക് മടക്കി അയയ്ക്കുകയും ചെയ്ത വത്തിക്കാന്റെ നടപടിയില്‍ പ്രതിഷേധിച്ച് ആലുവ നിവേദിതയും വൈദിക സമിതി യോഗം ചേരുന്നുവെന്നാണ് ഇന്ന് രാവിലെ വിമത വൈദികരും അവരെ അനുകൂലിക്കുന്നവരും മാധ്യമങ്ങളെ അറിയിച്ചത്.

ഉച്ചയ്ക്ക് 12 മണിക്ക് യോഗം തീരുമെന്നും മാധ്യമങ്ങള്‍ക്ക് അറിയിപ്പ് കിട്ടിയിട്ടുണ്ട്. 3 ദിവസമായി നിവേദിതയില്‍ നടക്കുന്ന വൈദികരുടെ വാര്‍ഷിക ധ്യാനം ഉച്ചയ്ക്ക് 12 മണിക്കാണ് സമാപിക്കുക. ഈ ധ്യാനം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന വൈദികര്‍ വിമത വൈദിക സമിതി യോഗം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ദൃശ്യങ്ങള്‍ ചാനലുകളെക്കൊണ്ട് ഷൂട്ട്‌ ചെയ്യിക്കാനാണ്  ഈ നീക്കം.

വിമത വൈദികരെ ഏറ്റവും അധികം എതിര്‍ക്കുകയും ചാനലുകളിലും മാധ്യമങ്ങളിലും വിമത വിഭാഗത്തിനെതിരെ ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്ന കാലടി മറ്റൂര്‍ സെന്റ്‌ ആന്‍റണീസ് പള്ളി വികാരി ഫാ. ആന്റണി പൂതവേലി ഉള്‍പ്പെടെയുള്ളവര്‍ ഈ വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ക്കൊന്നും നിലവില്‍ കഴിഞ്ഞ രണ്ടു ദിവസമായി സഭയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച് കാര്യമായി അറിവില്ല.

വാര്‍ഷിക ധ്യാനത്തിനിടയ്ക്ക് പുറംലോകവുമായി വൈദികര്‍ ബന്ധപ്പെടാറില്ല. ഈ സാഹചര്യത്തില്‍ വാര്‍ഷിക ധ്യാനം കഴിഞ്ഞ് പുറത്തേക്കിറങ്ങുന്ന വൈദികരെ വിമത വിഭാഗം വൈദികരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള നീക്കമാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഫലത്തില്‍ കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ചത് പോലെ തന്നെ മാധ്യമങ്ങളെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത  സൃഷ്ടിക്കാനുള്ള നീക്കമാണ് വിമത വിഭാഗം നടത്തുന്നത്.  സഭാ വിരുദ്ധ മാധ്യമങ്ങള്‍ ഇത് വിമത യോഗമായി ചിത്രീകരിക്കാന്‍ സാധ്യതയുണ്ട്.

×