കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയില്‍ വിമത വൈദികര്‍ സമരം അവസാനിപ്പിച്ചത് സ്ഥിരം സിനഡിന്റെ അന്ത്യശാസനയെ തുടര്‍ന്നെന്നു സൂചന. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കകം സമരം അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്നായിരുന്നു വിമതര്‍ക്കുള്ള മുന്നറിയിപ്പ്.
ഇന്നലെ വൈകുന്നേരം സ്ഥിരം സിനഡ് അംഗമായ തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തായിരുന്നു വിമത വൈദികരുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ച ഇന്ന് മാത്രമേ ഉണ്ടാകൂ, നാളെ നടപടിയായിരിക്കുമെന്ന മുന്നറിയിപ്പുമായിട്ടായിരുന്നു ചര്‍ച്ചയുടെ തുടക്കം തന്നെ. ഇതോടെ സമരം പിന്‍വലിക്കാന്‍ ഒരുക്കമാണെന്ന സൂചന ഇവര്‍ നല്‍കിയിരുന്നു.
എന്നാല്‍ ചര്‍ച്ചയ്ക്കെത്തിയ വൈദികര്‍ സമരം നടത്തുന്ന വേദിയിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന വിമതര്‍ സമരം പിന്‍വലിക്കുന്നതിനെ എതിര്‍ത്തു. ഇതോടെ ചര്‍ച്ച വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്ഥിരം സിനഡിലേ ബിഷപ്പുമാരാരും ചര്‍ച്ചയ്ക്ക് തയാറായില്ല. എങ്കിലും സമരം അവസാനിപ്പിക്കാന്‍ വേണ്ടി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വയ്ക്കാന്‍ എന്തെങ്കിലും വിശദീകരണങ്ങള്‍ വേണമെന്ന് വിമതര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ സഹായികളായ ചില അല്‍മായരാണ് വിമത വൈദികരുമായി സംസാരിച്ചത്.
അതുപ്രകാരമുള്ള ചില 'തട്ടിക്കൂട്ട്' പ്രസ്താവനകളുമായാണ് വിമതര്‍ ഇന്ന് സമരം പിന്‍വലിച്ചത്. പ്രസ്താവനയിലെ എല്ലാ കാര്യങ്ങളും നിര്‍ദോഷകരമായ കാര്യങ്ങളെന്നല്ലാതെ വിമതര്‍ക്ക് അവകാശപ്പെടാനുള്ള ഒരാവശ്യങ്ങളും അതിലുണ്ടായിരുന്നില്ല.
മാത്രമല്ല, അതിരൂപതയ്ക്ക് പ്രത്യേകാധികാരങ്ങളുള്ള മെത്രാനെ നിയമിക്കുന്നത് പോലെ കര്‍ദ്ദിനാളിന്റെ സര്‍ക്കുലറില്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് വിശദീകരണത്തിലുമുള്ളത്.
വ്യാജരേഖ കേസ് പിന്‍വലിക്കണം, കേസിൽ വൈദികരെയും വിശ്വാസികളെയും പൊലീസ് പീഡിപ്പിക്കുന്നത് തടയണം എന്നായിരുന്നു പ്രധാന ആവശ്യ൦. എന്നാല്‍ പരാതി നല്കി എന്നത് മാത്രമാണ് സിനഡ് ചെയ്ത കാര്യം. ബാക്കിയെല്ലാം പോലീസ് അന്വേഷണത്തിന്‍റെ ഭാഗമാണ്. കുറ്റക്കാര്‍ക്കെതിരെ നടപടി പാടില്ലെന്ന് സിനഡ് പറയാന്‍ അവകാശമില്ല എന്നായിരുന്നു സിനഡിന്റെ മറുപടി. എന്നാല്‍ അനാവശ്യമായി ആരെയും ഉപദ്രവിക്കരുതെന്ന് പ്രസ്താവനയില്‍ ഉള്‍പ്പെടുത്താന്‍ സിനഡ് അനുമതി നല്‍കി.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അതിരൂപതാ ഭരണ ചുമതലയില്‍ നിന്നും സിനഡ് അദ്യക്ഷ സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തണം എന്നതായിരുന്നു മറ്റൊരു ആവശ്യം. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നത് വൈദികര്‍ അല്ലെന്നും അക്കാര്യങ്ങള്‍ കാനോന്‍ നിയമപ്രകാരം നിശ്ചയിക്കപ്പെടും എന്നായിരുന്നു മറുപടി.
പുറത്താക്കിയ രണ്ടു സഹായ മെത്രാന്മാരെയും തിരിച്ചെത്തിക്കണം എന്നതായിരുന്നു മറ്റൊരു ആവശ്യം. അതും സ്ഥിരം സിനഡ് തള്ളി. ഫലത്തില്‍ വിമതര്‍ ഉന്നയിച്ച ഒരു ആവശ്യത്തിനും സഭാ നേതൃത്വം പരിഗണനയോ അംഗീകാരമോ നല്‍കിയിട്ടില്ല. ഇതൊന്നുമില്ലാതെ ഒരു തട്ടിക്കൂട്ട് പ്രസ്താവനയുണ്ടാക്കി സമരം അവസാനിപ്പിച്ച് പിന്വാങ്ങുകയായിരുന്നു വിമതര്‍ ചെയ്തത്. മാത്രമല്ല, സമരത്തിനിരുന്ന വൈദികര്‍ ഉള്‍പ്പെടെ സഭാ നിയമപ്രകാരം കര്‍ശന അച്ചടക്ക നടപടികള്‍ താമസിയാതെ ഉണ്ടാകുമെന്നും സൂചനയുണ്ട്.