മഴ പെയ്തൊഴിയും മുമ്പേ ദുരിതാശ്വാസ രാഷ്ട്രീയത്തിലെ അന്തര്‍നാടകങ്ങളും പുറത്തേക്ക് ! തലസ്ഥാനത്തുനിന്നും വയനാട് വഴി വട്ടിയൂര്‍ക്കാവിന് തിരിച്ച ബ്രോയെ ട്രോളി രാഹുല്‍ പോരാളികള്‍ ! ബ്രോയ്ക്ക് വിനയായി മാറിയത് ?

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, August 17, 2019

തിരുവനന്തപുരം:  നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന പ്രളയത്തെ മലയാളികള്‍ അതിജീവിച്ചത് മനുഷ്യസാധ്യമായതിന്റെ പരമാവധി മികവിലായിരുന്നു.  കൃത്യം ഒരു വര്‍ഷത്തിനുശേഷം പ്രളയം വീണ്ടും ആവര്‍ത്തിച്ചപ്പോഴും മലയാളികള്‍ തളര്‍ന്നില്ല, പകരം ദുരന്തത്തോട് പൊരുതി നില്‍ക്കുകയായിരുന്നു.

പക്ഷെ, ഇത്തവണ 6 നിയോജക മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കുന്നതിനാലാകണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് രാഷ്ട്രീയം കടന്നുകയറിയത് സ്വാഭാവികമായിരിക്കാം.

പ്രളയത്തിന്റെ മറവില്‍ സ്ഥാനാര്‍ഥി സാധ്യതയുള്ള ചിലരെ മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നതും ചിലരെ മുതലെടുപ്പിന് അനുവദിക്കാത്തതും ചിലര്‍ യഥേഷ്ടം മുതലെടുപ്പ് നടത്തുന്നതുമെല്ലാം ദുരിതാശ്വാസ മേഖലകളിലെ പതിവ് കാഴ്ചകളില്‍ ഇടംപിടിക്കുന്നു. ഒപ്പം കരുതലോടെ സോഷ്യല്‍ മീഡിയ ഇതെല്ലാം പൊളിച്ചടുക്കുകയും ചെയ്യുന്നു.

ഇനി എന്തിന്റെ പേരിലാണെങ്കിലും രാഷ്ട്രീയക്കാര്‍ ദുരിതബാധിതരെ സഹായിക്കാന്‍ മത്സരിച്ച് രംഗത്തെത്തിയതും ഒരുതരത്തില്‍ അനുഗ്രഹമായി മാറുകയും ചെയ്തു. സഹായിക്കാനിറങ്ങി അത് നേട്ടമാക്കി മാറ്റുന്നതില്‍ ആരോടും ആര്‍ക്കും പരിഭവമുണ്ടാകാന്‍ സാധ്യതയില്ല. പക്ഷെ, മറ്റുള്ളവരെ ഇകഴ്ത്താന്‍ ഒരു ഭാഗത്ത് ശ്രമം നടക്കുമ്പോഴാണ് മറുഭാഗത്ത് അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നത്.

വയനാട്ടിലൊരു മേയര്‍ ബ്രോ ആയിരുന്നു തുടക്കത്തില്‍ താരം.  അദ്ദേഹമങ്ങനെ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു ചില സൈബര്‍ പോരാളികള്‍ സ്ഥലം എം പി രാഹുല്‍ ഗാന്ധിക്കെതിരെ തിരിഞ്ഞത്. ഇതോടെയാണ് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് തിരക്കഥ പൊളിച്ചടുക്കി കോണ്‍ഗ്രസ് ചാനല്‍ രംഗത്തെത്തിയത്. ബ്രോമാരുടെ കളികളില്‍ രാഷ്ട്രീയമുണ്ടെന്നു കണ്ടതോടെ സോഷ്യല്‍ മീഡിയയും സടകുടഞ്ഞെഴുന്നേറ്റു. ഇതോടെ നിലവില്‍ ‘ബ്രോ’യുടെ മാര്‍ക്കറ്റ് അല്‍പ്പം ഇടിവായി മാറുകയാണ്.

പ്രളയത്തിനിടയില്‍ പിറവിയെടുത്ത മറ്റ്‌ ചില അവതാരങ്ങള്‍ക്ക് പിന്നിലും നാടകങ്ങള്‍ ഉണ്ടെന്ന ആക്ഷേപം ഒളിഞ്ഞും തെളിഞ്ഞും ഉയരുന്നുണ്ട്. പക്ഷെ, ഈ സാഹചര്യത്തില്‍ അത് ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

 

×