മദര്‍ മറിയം ത്രേസ്യയുടെ വിശുദ്ധ പ്രഖ്യാപന ചടങ്ങ് സംസ്ഥാന സര്‍ക്കാര്‍ ബഹിഷ്കരിച്ചത് സഭയോടും വിശുദ്ധയോടുമുള്ള അനാദരവും വീഴ്ചയും. സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ജോസഫ് വാഴയ്ക്കന്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, October 14, 2019

കൊച്ചി:  കേരളത്തിന്റെയും ഭാരത കത്തോലിക്കാ സഭയുടെയും അഭിമാന മുഹൂര്‍ത്തമായ മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ അവരുടെ ജന്മനാടായ കേരളത്തിലെ സര്‍ക്കാര്‍ പ്രതിനിധികളെ അയയ്ക്കാതിരുന്നത് വിശുദ്ധയോടും വിശ്വാസികളോടുമുള്ള അനാദരവെന്ന് കെ പി സി സി വക്താവ് ജോസഫ് വാഴയ്ക്കന്‍ എക്സ് എം എല്‍ എ.

ഭാരത സഭയില്‍ നിന്നുള്ള അഞ്ചാമത്തെയും കേരളത്തില്‍ നിന്നുള്ള നാലാമത്തെയും വിശുദ്ധയാണ് മദര്‍ മറിയം ത്രേസ്യ. ഭാരതത്തിലെ ആദ്യ വിശുദ്ധയായ അല്‍ഫോണ്‍സാമ്മയുടെ വിശുദ്ധ പ്രഖ്യാപനം മുതല്‍ എവുപ്രാസ്യാമ്മയുടെ നാമകരണ പ്രഖ്യാപനം വരെ 4 ചടങ്ങുകളിലും കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും പ്രതിനിധികളെ അയച്ചിട്ടുണ്ട്. ആദ്യമായാണ്‌ ഇത്തരം ഒരു അവഗണന നാടിന് അഭിമാനപരമായ ഒരു മുഹൂര്‍ത്തത്തില്‍ സംഭവിക്കുന്നത്. ഇത് ഗുരുതരമായ വീഴ്ചയും തെറ്റായ നിലപാടുമാണ്.

വിശ്വാസ സത്യങ്ങളെ ഇല്ലാതാക്കാനും മറച്ചുവയ്ക്കാനും പകരം ഇസങ്ങള്‍ പ്രചരിപ്പിക്കാനുമുള്ള വ്യഗ്രതയാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പിണറായി വിജയനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പുലര്‍ത്തുന്നത് എന്ന് അത്യന്ത്രം ഖേദകരമാണ്. സംഭവത്തില്‍ വിശ്വാസ സമൂഹത്തോടും സഭയോടും മാപ്പ് പറയാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ജോസഫ് വാഴയ്ക്കന്‍ ആവശ്യപ്പെട്ടു.

×