Advertisment

സഹായമെത്രാന്മാരായ മാർ ജോസഫ് പാമ്പ്ലാനിയെയും മാർ ജോസഫ് പുളിക്കനെയും കാഞ്ഞിരപ്പള്ളി രൂപതയിലേക്ക് പരിഗണിക്കുന്നു. മാർ മാത്യു അറയ്ക്കലിന് പകരക്കാരനായി രൂപതാംഗമായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയും പരിഗണനയിൽ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കാഞ്ഞിരപ്പള്ളി:  മെത്രാൻ പദവിയിൽ നിന്നും വിരമിക്കുന്ന കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന് പകരക്കാരെ കണ്ടെത്താനുള്ള ചർച്ചകൾക്ക് സഭയിൽ തുടക്കമായി. ജനുവരി 8 നാരംഭിക്കുന്ന സിനഡിൽ പുതിയ മെത്രാനെ പ്രഖ്യാപിക്കും.

Advertisment

നിലവിൽ കാഞ്ഞിരപ്പള്ളി രൂപതയിൽ സഹായ മെത്രാനായ മാർ ജോസഫ് പുളിക്കന്റെ പേരിനാണ് മുൻതൂക്കമെങ്കിലും മറ്റ് ചില പേരുകളും പരിഗണനയിലുണ്ട്.

publive-image

തലശേരി രൂപതാ സഹായ മെത്രാൻ മാർ ജോസഫ് പാമ്പ്ലാനിയെ കെ സി ബി സിയുടെ ചില ചുമതലകളിൽ സജീവമാക്കുന്നതിന്റെ ഭാഗമായി സ്വതന്ത്ര ചുമതലയുള്ള മെത്രാനായി നിയമിക്കുന്ന കാര്യം സഭയിൽ സജീവ ചർച്ചയിലാണ്. അങ്ങനെയെങ്കിൽ അദ്ദേഹത്തിന് നിയമനം നല്കാൻ പാകത്തിൽ ആദ്യം വരുന്ന ഒഴിവ് കാഞ്ഞിരപ്പള്ളിയിലാണ്.

കാഞ്ഞിരപ്പള്ളി രൂപതയുടെ അതിർത്തിയോട് ചേർന്നുള്ള പൈക സ്വദേശിയാണ് മാർ ജോസഫ് പാമ്പ്ലാനി. നിലവിൽ സീറോ മലബാർ സഭയുടെ കെ സി ബി സി യുടെയും മീഡിയ കമ്മീഷൻ ചെയർമാനാണ് അദ്ദേഹം.

സഭയെ പിടിച്ചുകുലുക്കിയ വിവാദങ്ങൾക്കിടയിലാണ് മാർ പാമ്പ്ലാനിയെ മീഡിയ കമ്മീഷന്റെ ചെയർമാനാക്കുന്നത്. ഇതോടെ സഭയെ ഒറ്റതിരിഞ്ഞു ആക്രമിച്ച മാധ്യമങ്ങളുടെ നിലപാടിനെ പ്രതിരോധിക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ ഫലം കണ്ടു.

ഭൂമി വിവാദം, എറണാകുളം - അങ്കമാലി രൂപതയിലെ വിമത നീക്കങ്ങൾ എന്നീ പ്രതിസന്ധികളിൽ സഭയ്ക്കും സഭാ തലവൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കും എതിരേയുണ്ടായ വ്യാജ മാധ്യമ പ്രചാരണങ്ങളെ അതിജീവിച്ചതും മാർ പാമ്പ്ലാനിയുടെ കൃത്യമായ ഇടപെടലുകൾ കാരണമായിരുന്നു.

publive-image

ഈ സാഹചര്യത്തിൽ മാർ ജോസഫ് പാമ്പ്ലാനിയെ സുപ്രധാന ചുമതലകളിൽ നിയമിക്കാനും മറ്റ് ചില പ്രധാന ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തിന് കൈമാറാനും സഭാ നേതൃത്വം ആലോചിക്കുന്നുണ്ട്. ഇതാണ് പാമ്പ്ലാനിക്ക് അനുകൂലമായ ഘടകം.

അതേസമയം, കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ കുരിയ ബിഷപ്പായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയെ കാഞ്ഞിരപ്പള്ളിയിൽ നിയമിക്കാനും ആലോചനയുണ്ട്. കാഞ്ഞിരപ്പള്ളി രൂപതാംഗം കൂടിയായ മാർ വാണിയപ്പുര.

സഭയുടെ നിലവിലെ രീതിക്കനുസരിച്ചാണെങ്കിൽ നിലവിലെ സഹായമെത്രാനെ ചുമതല ഏൽപ്പിക്കുന്നതാണ് പതിവ്. മാർ ജോസഫ് പുളിക്കൻ വിശ്വാസികൾക്കിടയിൽ ഏറെ പ്രിയങ്കരനുമാണ്.

മാർ മാത്യു അറയ്ക്കൽ ചുമതലയേറ്റശേഷം തുടർച്ചയായി വിവാദങ്ങളിലകപ്പെട്ട കാഞ്ഞിരപ്പള്ളിയിൽ വിശ്വാസികളുടെ പ്രതീക്ഷ തന്നെ പുളിക്കൻ പിതാവിലായിരുന്നു.

ആത്മീയ രംഗത്ത് സഭയുടെ മാതൃകാ വ്യക്തിത്വം കൂടിയാണ് മാർ ജോസഫ് പുളിക്കൻ. അതിനാൽ തന്നെ സ്വാഭാവികമായും സാധ്യതയിൽ മുൻപിലുള്ളത് നിലവിൽ സഹായ മെത്രാനായ മാർ ജോസഫ് പുളിക്കനാണ്.

1944 ൽ ജനിച്ച മാർ മാത്യു അറയ്ക്കലിന് കഴിഞ്ഞ 10 ന് 75 വയസ് പൂർത്തിയായി. സഭയിൽ വിരമിക്കൽ പ്രായമാണിത്. മെത്രാന്മാർക്ക് 75 വയസ് പൂർത്തിയായാൽ തൊട്ടുപിന്നാലെ വരുന്ന സിനഡിൽ ഇവരുടെ രാജി സ്വീകരിക്കുകയും പകരം മെത്രാനെ നിയമിക്കുകയുമാണ് പതിവ്.

2020 ജനുവരി 8 മുതൽ 15 വരെയാണ് സിനഡ് യോഗം കാക്കനാട് നടക്കുന്നത്. സിനഡിലായിരിക്കും അന്തിമ തീരുമാനം.

Advertisment