കര്‍ദ്ദിനാളിനെതിരായ വ്യാജരേഖക്കേസില്‍ അന്വേഷണം സഭയിലെ ഉന്നതനിലേക്ക് നീളുന്നത് അട്ടിമറിയ്ക്കാന്‍ വിമത നീക്കം ശക്തമാക്കി വൈദികര്‍ ! കേസ് പിന്‍വലിക്കാന്‍ കര്‍ദ്ദിനാളില്‍ സമ്മര്‍ദ്ദം ചെലുത്താനും വിമതരുടെ നീക്കം ! കേസില്‍ നിന്ന് പിന്നോട്ടില്ലെന്നുറപ്പിച്ച് സഭ. വിമതര്‍ക്കെതിരെ നടപടിക്ക് നീക്കം തുടങ്ങി  

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, July 18, 2019

കൊച്ചി:  കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസില്‍ അന്വേഷണം സഭയില്‍ അടുത്തിടെ നടപടി നേരിട്ട ചില ഉന്നതരിലേക്ക് നീങ്ങിയതോടെ അന്വേഷണം തടസപ്പെടുത്തുകയോ പരാതി പിന്‍വലിപ്പിക്കുകയോ ചെയ്യാന്‍ വിമത വിഭാഗം സമ്മര്‍ദ്ദം ശക്തമാക്കി. വിമത വിഭാഗത്തിലെ പ്രമുഖനായ വൈദികനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ഗൌരവം വിമതര്‍ക്ക് മനസിലായതത്രേ.

അന്വേഷണം യഥാര്‍ത്ഥ പ്രതികളിലെക്കാണ് നീങ്ങുന്നതെന്ന് ബോധ്യമായതോടെയാണ്‌ ഏതാനും വിമത വൈദികരെ രംഗത്തിറക്കി അന്വേഷണം പ്രതിരോധിക്കാനുള്ള നീക്കങ്ങളുമായി വിമത വിഭാഗം രംഗത്തെത്തിയത്. ഇരുപതോളം വൈദികരാണ് നിലവില്‍ പ്രതിഷേധ നീക്കങ്ങളുമായി ഇന്ന് രാവിലെ അതിരൂപതാ ആസ്ഥാനത്ത് കര്‍ദ്ദിനാളിനെ കാണുകയും സമരം പ്രഖ്യാപിക്കുകയും ചെയ്തത്.

80 വൈദികര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് വിമതര്‍ മാധ്യമങ്ങളെ അറിയിച്ചതെങ്കിലും വിമത പക്ഷത്തെ വൈദികരുടെ എണ്ണം അനുദിനം ചോരുന്നതായാണ് റിപ്പോര്‍ട്ട്. കര്‍ദ്ദിനാളിനെതിരെ വ്യാജ ബാങ്ക് രേഖകള്‍ സൃഷ്ടിച്ച കേസില്‍ വ്യാജരേഖ കമ്പ്യൂട്ടറില്‍ നിര്‍മ്മിക്കുകയും ഇതിന് സഹായം ചെയ്തുകൊടുക്കുകയും ചെയ്ത രണ്ടു പ്രതികളാണ് ഇതിനോടകം അറസ്റ്റിലായത്.

ഇവരുമായി ബന്ധപ്പെട്ട് വ്യാജരേഖ നിര്‍മ്മിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയ പോള്‍ തേലക്കാട്, ഫാ. ആന്റണി കല്ലൂക്കാരന്‍ എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെങ്കിലും കോടതി വിലക്കുള്ളതിനാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതിനിടെയാണ് കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ നിര്‍മ്മിക്കാന്‍ ഗൂഡാലോചന നടത്തുകയും ഇതിനായി നിര്‍ദ്ദേശം നല്‍കുകയും ചെയ്ത അതിരൂപതയിലെ ഉന്നതനിലേക്ക് അന്വേഷണം നീങ്ങുന്നത്.

ഇതുമായി ബന്ധപ്പെട്ടാണ് വൈദിക സമിതി മുന്‍ സെക്രട്ടറിയായിരുന്ന ഫാ. കുര്യാക്കോസ് മുണ്ടാടനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം അന്വേഷണം ശക്തമാണെന്നും പോലീസ് യഥാര്‍ത്ഥ പ്രതികളിലേക്ക് നീങ്ങുന്നുവെന്നും ബോധ്യമായ സാഹചര്യത്തിലാണ് വിമതര്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നത്.

നിലവില്‍ രണ്ടു ലക്ഷ്യങ്ങളാണ് വിമതര്‍ക്കുള്ളത്.  ഒന്ന്, വ്യാജരേഖകേസിന്റെ അന്വേഷണം നിലവില്‍ അറസ്റ്റിലായ പ്രതികളില്‍ അവസാനിപ്പിക്കുക, മറ്റ്‌ വൈദികരിലേക്കും സഭയിലെ ഉന്നതനിലെക്കും അന്വേഷണം നീളുന്നത് തടയുക, ഇതിനായി കര്‍ദ്ദിനാള്‍ ഇടപെട്ട് അന്വേഷണം മരവിപ്പിക്കുക.  രണ്ട്, കര്‍ദ്ദിനാളിനെതിരെ സമരം ശക്തമാക്കി ഒത്തുതീര്പ്പെന്ന നിലയില്‍ വ്യാജരേഖ കേസ് പിന്‍വലിപ്പിക്കുക.

എന്നാല്‍ ഈ രണ്ടു കാര്യങ്ങളും കര്‍ദ്ദിനാള്‍ അംഗീകരിക്കില്ല. പകരം സിനഡ് തീരുമാനപ്രകാരം നല്‍കിയ പരാതിയില്‍ അന്വേഷണം ശക്തമായി മുന്നോട്ട് പോകുകയും യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുകയുമാണ് സഭയുടെ നിലപാട്. കേസ് പിന്‍വലിക്കാന്‍ സഭ ഒരുക്കമല്ല.

മാത്രമല്ല, വിമത വൈദികരുടെ അച്ചടക്ക ലംഘനത്തിന് ശക്തമായ നടപടി സ്വീകരിക്കാനുള്ള സഭാതല നടപടി ക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 20 ഓളം വിമത വൈദികരെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് സഭയുടെ പരിഗണനയിലെന്നാണ് സൂചന.

 

×