രണ്ടിടത്ത് യു ഡി എഫ് ! മൂന്നിടത്ത് അങ്ങോട്ടുമാകാം, ഇങ്ങോട്ടുമാകാം ! – എക്സിറ്റ് പോളുകള്‍ പറഞ്ഞതിങ്ങനെ ! ജനവികാരം ഭരണകക്ഷിയുടെ സ്ഥാനാര്‍ഥി ജയിച്ചാല്‍ എന്തെങ്കിലും നേട്ടമുണ്ടാകുമെന്ന് ! എന്നിട്ടും തോറ്റാല്‍ ജനം പൊറുതിമുട്ടിയെന്നും ! ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന് നിര്‍ണ്ണായകമാകുന്നതിങ്ങനെ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, October 22, 2019

കൊച്ചി:  എക്സിറ്റ് പോളുകളും ഫലപ്രവചനങ്ങളും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ എത്രകണ്ട് ശരിപക്ഷത്തായിരിക്കുമെന്ന് കണ്ടുതന്നെ അറിയണം.  5 ഉപതെരഞ്ഞെടുപ്പുകളില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇത്തവണ ഇരുകൂട്ടര്‍ക്കും ആശ്വസിക്കാവുന്ന തരത്തിലാണ്.

അങ്ങോട്ടുമാകാം, ഇങ്ങോട്ടുമാകാം എന്ന പോലെ ഒരു ശതമാനമൊക്കെ വ്യത്യാസത്തിലാണ് അരൂരിലും കോന്നിയിലും വട്ടിയൂര്‍ക്കാവിലുമൊക്കെ ഫലപ്രവചനങ്ങള്‍ പുറത്തുവരുന്നത്.

പൊതുതെരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മാത്രം ബാക്കിനില്‍ക്കെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജനവികാരം ഭരണകക്ഷിക്ക് അനുകൂലമാണെന്ന് പറയാതെ വയ്യ. പ്രളയവും വരള്‍ച്ചയും അതിരൂക്ഷമായ സാഹചര്യങ്ങളെ നേരിട്ട ജനത്തിനു മുമ്പില്‍ ഒന്നര വര്‍ഷത്തെ എം എല്‍ എയെക്കൊണ്ട് എന്ത് ഗുണമുണ്ടാകുമെന്നതായിരുന്നു ചോദ്യ ചിഹ്ന൦.

റോഡ്‌ നന്നാക്കാനും കുടിവെള്ള പദ്ധതി കൊണ്ടുവരാനും സര്‍ക്കാരില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരാള്‍ ജയിച്ചുപോയാല്‍ എന്തെങ്കിലും ഗുണം ഉണ്ടാകും എന്ന് ചിന്തിച്ചവര്‍ ഏറെയുണ്ട്. അതല്ലാതെ വാക്കൌട്ട് നടത്താന്‍ പ്രതിപക്ഷത്തിനൊപ്പം ഒരു എം എല്‍ എ കൂടി എന്ന് ജനം കരുതാനിടയില്ല.

അഥവാ അങ്ങനെ കരുതിയിട്ടുണ്ടെങ്കില്‍ അത് ഭരിക്കുന്ന സര്‍ക്കാരിനെക്കൊണ്ട് പൊറുതിമുട്ടി വേറൊരു ഗതിയും ഇല്ലെന്നു കണ്ട് പ്രതീക്ഷ നശിച്ചവരുടെ വിധിയെഴുത്താകും. ആ വിധി ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളില്‍ എത്രയിടത്ത് ഉണ്ടായാലും അതിന്റെ പ്രത്യാഘാതം സര്‍ക്കാരിന് ഗുരുതരമായിരിക്കും.

നിലവില്‍ മഞ്ചേശ്വരവും എറണാകുളവും യു ഡി എഫിന് ഉറച്ച പ്രതീക്ഷയാണ് നല്‍കുന്നത്. എക്സിറ്റ് പോള്‍ പ്രവചനങ്ങളും അങ്ങനെ തന്നെ. മനോരമയുടെ എക്സിറ്റ് പോളില്‍ ഒരു ശതമാനത്തിന്റെ മാത്രം വ്യത്യാസത്തില്‍ ഇടതുപക്ഷത്തേക്കാള്‍ യു ഡി എഫിനാണ്‌ മേല്‍ക്കൈ. അതേസമയം മാതൃഭൂമിയുടെ സര്‍വെയില്‍ വട്ടിയൂര്‍ക്കാവ് ഇടതുപക്ഷത്തിനാണ്.

അരൂരില്‍ മനോരമയും മാതൃഭൂമിയും ഒരേപോലെ ഒരു ശതമാനം വ്യത്യാസത്തില്‍ ഇടതുപക്ഷത്തിനാണ് സാധ്യത പറയുന്നത്. (44% – 43%).

മാതൃഭൂമി കോന്നി, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളാണ് യു ഡി എഫിന് സാധ്യത പറയുന്നത്. വട്ടിയൂര്‍ക്കാവും അരൂരും ഇടതുപക്ഷത്തിനും സാധ്യത പറയുന്നു.

ജനത്തിന്റെ അന്തിമ വിധിയെഴുത്തിന്റെ ഫലം പുറത്തുവരുമ്പോള്‍ ഓരോ മുന്നണിക്കും അഞ്ചില്‍ എത്ര നേട്ടമെന്നു കണ്ടറിയണം. എന്തായാലും അഞ്ചില്‍ നാലും യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു. അതവര്‍ തിരിച്ചു പിടിക്കാന്‍ സാധ്യത കുറവാണ്. പകരം രണ്ടിലൊതുങ്ങുമോ മൂന്നു കിട്ടുമോ എന്നതൊക്കെയാണ് യു ഡി എഫിന്റെ ആകാംഷ.

നാടിനു നല്ലത് സര്‍ക്കാരിന്റെ പ്രതിനിധി എം എല്‍ എ ആകുന്നതാണെന്ന വികാരം ഉണ്ടായിട്ടും പരാജയങ്ങള്‍ ആവര്‍ത്തിച്ചാല്‍ അത് സര്‍ക്കാരിനെതിരായ വിധിയെഴുത്താകും. ജനം ഒരു വിധത്തിലും സര്‍ക്കാരിനെ സഹിക്കാന്‍ തയാറല്ലെന്നര്‍ഥം.

×