കേരളാ കോൺഗ്രസ് തർക്കം ഇലക്ഷൻ കമ്മീഷനും കടന്ന് ഡൽഹി പോലീസിലേക്കും ! പാർട്ടി പിടിച്ചെടുക്കാൻ പി ജെ ജോസഫ് ഹാജരാക്കിയ രേഖകൾ പലതും വ്യാജമായി തയാറാക്കിയതെന്ന് പരാതി ! തെളിവുകൾ സഹിതം ഡൽഹി പൊലീസിന് പരാതി. ജോസഫ് വെട്ടിലാകും ?

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, January 16, 2020

ഡൽഹി:  കേരള കോൺഗ്രസ് എമ്മിലെ പിളർപ്പ് കേരളത്തിലെ കോടതികളും ഇലക്ഷൻ കമ്മീഷനും കടന്ന് ഡൽഹി പോലീസിലേക്കും.

ഇലക്ഷൻ കമ്മീഷന്റെ മുമ്പിലുള്ള കേരളാ കോൺഗ്രസ് പിളർപ്പ് കേസിൽ വിജയിക്കുന്നതിനായി മോൻസ് ജോസഫ് എം എൽ എ, ജോയ് എബ്രഹാം എക്സ് എം പി, അറയ്ക്കൽ ബാലകൃഷ്ണപിളള എന്നിവർ ഒപ്പിട്ട് പി ജെ ജോസഫ് ഇലക്ഷൻ കമ്മീഷനിൽ സമർപ്പിച്ച രേഖകളിൽ പലതും വ്യാജമായി തയാറാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി ജോസ് പക്ഷമാണ് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളത്.

ജോസഫ് പക്ഷം സമർപ്പിച്ച വ്യാജമെന്ന് ആരോപിക്കപ്പെടുന്ന രേഖകളും ആരോപണം സത്യമെന്നു തെളിയിക്കുന്നതിന് ആവശ്യമായ വസ്തുതകളും സഹിതമാണ് പരാതി. ഡൽഹി പോലീസ് പരാതിയിന്മേൽ അന്വേഷണം ആരംഭിച്ചതായാണ് സൂചന.

കേരളാ കോൺഗ്രസ് പാർട്ടി പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ 169 സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പേരുകൾ പട്ടികയിൽ വ്യാജമായി ഉൾപ്പെടുത്തിയെന്നും ഇതിനു തെളിവായി വ്യാജമായി പേര് ചേർത്തവരുടെ കള്ള സത്യവാങ്മൂലം ഇലക്ഷൻ കമ്മീഷനിൽ സമർപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

സ്‌കൂൾ, കോളേജ് അധ്യാപകർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങി കള്ള സത്യവാങ്മൂലം എന്ന് ജോസ് പക്ഷം ആരോപിക്കുന്ന രേഖകൾ ഒപ്പിട്ടു നൽകിയ 169 പേരും കേസിൽ പ്രതികളാകുമെന്നാണ് സൂചന.

2018 ൽ കെ എം മാണി പാർട്ടി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട സമയത്തെ രേഖകളിൽ വ്യാജമായി ചില പേരുകൾ എഴുതി ചേർത്തിരിക്കുന്നതായാണ് പരാതിയിൽ പറയുന്നത്. ഈ പേരുകാരായ 169 പേരാണ് കള്ള സത്യവാങ്മൂലം നൽകിയതായി പരാതിയിലുള്ളത്.

ഇതുപ്രകാരം പരാതിയിൽ പറയുന്ന പ്രകാരം ചില പേരുകൾ പിന്നീട് വ്യാജമായി കൂട്ടി ചേർക്കപ്പെട്ടതാണോ എന്നറിയാൻ age of writing എന്ന നൂതന ഫോറൻസിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധനയ്ക്കാണ് ഡൽഹി പോലീസിന്റെ നീക്കം.

ഒരേ പേജിൽ തന്നെ പല കാലയളവുകളിൽ എഴുതി ചേർത്തിട്ടുള്ളതും പല ദിവസങ്ങളിൽ ഒപ്പിട്ടിട്ടുള്ളതുമായത് അടക്കം സൂഷ്മമായ പല കാര്യങ്ങളും age of writing സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധനയിൽ ആധികാരികമായി കണ്ടെത്താൻ കഴിയും.

കൈയ്യക്ഷരം തെളിയിക്കുന്ന ‘കാലിഗ്രാഫിക്’ പരിശോധനയും ഇതിന്റെ ഭാഗമായി നടത്താൻ പോലീസ് ആലോചിക്കുന്നുണ്ട്. മുമ്പ് ശോഭനാ ജോർജ്ജ് എം എൽ എ ആയിരുന്ന സമയത്ത് ഉണ്ടായ വ്യാജ രേഖ കേസിലും കൈയ്യക്ഷരം തെളിയിക്കാൻ ഫോറൻസിക് പരിശോധന നടന്നിരുന്നു.

2010 ൽ കേരള കോൺഗ്രസ് – ജെ പിളർന്നു പി ജെ ജോസഫും പി സി തോമസും രണ്ടു വിഭാഗങ്ങളായി മാറിയ സമയത്ത് പി ജെ ജോസഫ് ഇലക്ഷൻ കമ്മീഷനിൽ സമർപ്പിച്ച രേഖകളിൽ പലതും വ്യാജമായി സൃഷ്ടിച്ചവയായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ആ പിളർപ്പ് കേസ് തീർപ്പാക്കികൊണ്ടുള്ള ഇലക്ഷൻ കമ്മീഷന്റെ ഉത്തരവിൽ കമ്മീഷൻ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ ഭാഗം ഉൾപ്പെടെ ഹാജരാക്കി പി ജെ ജോസഫ് വ്യാജ രേഖകൾ ചമച്ച് പാർട്ടി പിടിച്ചെടുത്ത സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നുണ്ട്.

×