യു ഡി എഫ് വിലക്കിയിട്ടും പരസ്യ വിമർശനങ്ങളുമായി പി ജെ ജോസഫ്, മറുപടിയുമായി ജോസ് പക്ഷവും ! കേരളാ കോൺഗ്രസ് തർക്കം രാഷ്ട്രീയ മാലിന്യമാകുന്നു ! വ്യക്തിപരമായ അധിക്ഷേപവും അതിരുകടക്കുന്നതായി പരാതി !

ന്യൂസ് ബ്യൂറോ, കോട്ടയം
Tuesday, November 19, 2019

കോട്ടയം:  കേരളാ കോൺഗ്രസിലെ ജോസഫ് – ജോസ് തർക്കം യു ഡി എഫ് രാഷ്ട്രീയത്തെ മലീമസമാക്കുന്നു. നിരന്തരം ആക്ഷേപകരമായ പരാമർശങ്ങളോടെ പി ജെ ജോസഫും അതിനു മറുപടിയുമായി ജോസ് പക്ഷവും രംഗത്തെത്തുന്നതോടെ യു ഡി എഫ് രാഷ്ട്രീയത്തിലെ അനൈക്യം പൊതുസമൂഹത്തെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന ആക്ഷേപം ശക്തമാണ്.

പി ജെ ജോസഫിനോടും ജോസ് കെ മാണിയോടും പരസ്യ വിമർശനങ്ങൾ ഒഴിവാക്കണമെന്ന് യു ഡി എഫ് നേതൃത്വം നേരത്തെ നിർദ്ദേശിച്ചിരുന്നതാണ്. ജോസ് കെ മാണി പൊതുവെ വിമർശനാത്മകമായ പരാമർശങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നുണ്ട്. എന്നാൽ പി ജെ ജോസഫ് വിട്ടുകൊടുക്കാൻ തയാറല്ലെന്ന മട്ടിലാണ് മുൻപോട്ടു പോകുന്നത്.

ജോസഫ് അൽപ്പം പ്രകോപനപരമായി തന്നെ പ്രതികരിക്കുന്നത് ജോസ് കെ മാണിയെക്കൊണ്ട് പ്രതികരിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ്. കഴിവില്ലാത്തവൻ, പക്വതയില്ലാത്തവൻ, അധികാരമോഹി.. തുടങ്ങി ജോസ് കെ മാണിയെ വ്യക്തിപരമായി അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ പി ജെ ജോസഫ് ആവർത്തിക്കുന്നതിനെതിരെ ജോസ് പക്ഷം യു ഡി എഫിന് പരാതി നൽകിയിരുന്നു.

അതേസമയം, പി ജെ ജോസഫിന്റെ ബലഹീനതകളോ ശരിയായ അവസ്ഥയിലല്ലാത്ത നിലയിലുള്ള പ്രതികരണങ്ങളോ ജോസഫ് വിഭാഗത്തിനുള്ള മറുപടിയിൽ എടുത്തുകാട്ടി ജോസഫിനെ അവഹേളിക്കാൻ ജോസ് വിഭാഗം തുനിഞ്ഞിട്ടുമില്ല.

എന്നിട്ടുപോലും പിളർപ്പ് സന്ദർഭത്തിന്റെ സാവകാശത്തിന് ശേഷവും ഇരു വിഭാഗങ്ങളും വാക്‌പോര് തുടരുന്നത് യു ഡി എഫ് നേതാക്കളെയും അസ്വസ്ഥരാക്കുന്നുണ്ട്‌.

യു ഡി എഫ് കൺവീനറായ ബെന്നി ബെഹനാനെപ്പോലെ കോൺഗ്രസിലെ ചില നേതാക്കൾ ജോസഫിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന പരാതി ജോസ് കെ മാണി വിഭാഗത്തിനുണ്ട്. ഇതിനെതിരെ ബെന്നിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നതും ജോസ് പക്ഷത്തിന്റെ ആലോചനയിലുണ്ട്.
യു ഡി എഫ് കൺവീനറെ മാറ്റണമെന്ന ആവശ്യം ജോസ് പക്ഷം ഉന്നയിച്ചേക്കും. ഇതിന് ചില ഘടകകക്ഷികളുടെ പിന്തുണയുമുണ്ട്.

അതേസമയം പി ജെ ജോസഫിനെക്കൊണ്ട് പ്രകോപനപരമായ പ്രസ്താവനകൾ നടത്തിക്കുന്നതിന് പിന്നിൽ നേരത്തെ കെ എം മാണിക്കൊപ്പം നിന്നുശേഷം ജോസഫിനൊപ്പം ചേർന്ന ചിലരാണെന്ന ആക്ഷേപവും ശക്തമാണ്.

പി ജെ ജോസഫ് പൊതുവെ തരംതാണ രാഷ്ട്രീയത്തിന്റെ പിന്നാലെ പോകുന്ന ആളല്ലെന്നാണ് വിലയിരുത്തൽ. എങ്കിൽ ജോസഫിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന അതിരുകടന്ന വാക്കുകൾക്ക് പിന്നിൽ മറ്റാരുടെയെങ്കിലും പ്രേരണയാണെന്ന സംശയമാണ് ശക്തം.

എന്തായാലും അധികം താമസിയാതെ പരസ്യ പ്രസ്താവനകൾ വിലക്കിക്കൊണ്ട് യു ഡി എഫ് നേതൃത്വത്തിന്റെ കർശന ഇടപെടൽ കേരള കോൺഗ്രസ് തർക്കങ്ങളുടെ കാര്യത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

×