പി ജെ ജോസഫ് – ജോസ് കെ മാണി തർക്കം പരിഹരിക്കാൻ വെള്ളിയാഴ്ച ചർച്ച ! സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയർമാനെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടേക്കും. അടച്ചിട്ട മുറിയിൽ ചെയർമാനെ തെരഞ്ഞെടുത്താൽ അംഗീകരിക്കില്ലെന്ന് എംഎൽഎ !

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, November 20, 2019

കോട്ടയം: കേരളാ കോൺഗ്രസിലെ തർക്കം പരിഹരിക്കാനുള്ള മധ്യസ്ഥ നീക്കം പ്രഹസനമായി മാറാൻ സാധ്യത. കേരളാ കോൺഗ്രസിലെ ഏതാനും നേതാക്കളെ മാത്രമിരുത്തി ഭാരവാഹികളെ തീരുമാനിച്ച് ഒത്തുതീർപ്പിലെത്താനുള്ള നീക്കം കട്ടപ്പന കോടതി ഉത്തരവിന് ഘടകവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ജോസ് കെ മാണി വിഭാഗം ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

പാർട്ടിയിലെ സമവായം എന്നാൽ ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനമെടുക്കലാകണം എന്ന് കട്ടപ്പന കോടതി കഴിഞ്ഞ ഉത്തരവിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. അത് അട്ടിമറിച്ച് ഇരുപാർട്ടികളിലുമായുള്ള 10 പേർ മാത്രം ചേർന്ന് തീരുമാനം എടുക്കാനുള്ള നീക്കം സാങ്കേതികമായി നിലനിൽക്കുന്നതല്ല.

അതിനുപകരം സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്ത് ഭൂരിപക്ഷാഭിപ്രായ പ്രകാരം ആരെ വേണമെങ്കിലും ചെയർമാനായി തെരഞ്ഞെടുക്കട്ടെ എന്ന കോടതി ഉത്തരവ് പ്രകാരമുള്ള നിർദ്ദേശം തന്നെയാകും ചർച്ചയിൽ ജോസ് കെ മാണി വിഭാഗം മുന്നോട്ടുവയ്ക്കുക.

സ്വന്തം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ചേരാൻ ആർക്കാണ് ഭയം എന്ന ചോദ്യമാണ് യു ഡി എഫിലെ ഘടകകക്ഷി നേതാക്കളും ചോദിക്കുന്നത്. സംസ്ഥാന കമ്മിറ്റിയെ അഭിമുഖീകരിക്കാൻ പി ജെ ജോസഫ് ഒരുക്കമല്ലെന്നാണ് റിപ്പോർട്ട്.

കോൺഗ്രസ് നേതാക്കളെയും വെട്ടിലാക്കുന്നത് ജോസഫിന്റെ ഈ നിലപാടാണ്. പാർട്ടിയിൽ ജനാധിപത്യം വേണ്ട, നേതാക്കൾ ഒത്തുചേർന്നുള്ള ഫോർമുല മതിയെന്നാണ് ജോസഫിന്റെ നിലപാട്. ജോസ് വിഭാഗം അത് അംഗീകരിക്കുന്നില്ല.

പകരം ജോസഫിന്റെ അടുപ്പക്കാരനായ ബെന്നി ബഹന്നാനും കെ സി ജോസഫും ചേർന്നാണ് യു ഡി എഫിന്റെ പേരിൽ ജോസ് കെ മാണിയെ വെട്ടിലാക്കാൻ കരുക്കൾ നീക്കുന്നത്.

അതേസമയം മുമ്പ് യു ഡി എഫ് ഒറ്റക്കെട്ടായി നിർദ്ദേശിച്ച വെടിനിർത്തൽ പി ജെ ജോസഫ് ഏകപക്ഷീയമായി ലംഘിച്ചതും ജോസ് വിഭാഗം ഉന്നയിക്കും. ജോസഫ് തുടർച്ചയായി ജോസ് കെ മാണിയെ ആക്ഷേപിക്കുന്ന വിധം പ്രസ്താവനകൾ നടത്തിയിട്ടും യു ഡി എഫ് നേതാക്കൾ മൗനം പാലിച്ചതും ജോസ് വിഭാഗം യോഗത്തിൽ ഉന്നയിക്കും.

ഈ സാഹചര്യത്തിൽ അടുത്ത ദിവസത്തെ മധ്യസ്ഥ ചർച്ചയും പാഴ്വേലയാകാനാണ് സാധ്യത. ഒത്തുതീർപ്പ് എന്ന നിലയിൽ കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്ത് ഭൂരിപക്ഷാഭിപ്രായ പ്രകാരം ഭാരവാഹികളെ തീരുമാനിക്കണമെന്ന് യു ഡി എഫ് നേതൃത്വവും മധ്യസ്ഥരും ആവശ്യപ്പെട്ടാൽ ജോസ് കെ മാണി അംഗീകരിക്കും. അത് ജോസഫ് അംഗീകരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കേരളാ കോൺഗ്രസിന്റെ നിലവിലെ പാർലമെന്ററി പാർട്ടിയിലും മുഴുവൻ കമ്മിറ്റികളിലും ജോസ് കെ മാണിക്കാണ് ഭൂരിപക്ഷം. അതല്ല, തങ്ങൾക്കാണ് ഭൂരിപക്ഷം എന്നാണ് ജോസഫിന്റെ അവകാശവാദം. അത് തെളിയിക്കാനുള്ള വെല്ലുവിളി ജോസഫ് ഏറ്റെടുക്കുമോ എന്ന് അടുത്ത ദിവസത്തെ ചർച്ചയിൽ അറിയാം.

എന്തായാലും അടച്ചിട്ട മുറിയിൽ ചെയര്മാനെയും വർക്കിംഗ് ചെയര്മാനെയും തീരുമാനിച്ചാൽ അംഗീകരിക്കില്ലെന്നാണ് എം എൽ എ ഉൾപ്പെടെയുള്ളവരുടെ നിലപാട്.

×