ഡൽഹി: കേരളാ കോൺഗ്രസ് എമ്മിലെ പിളർപ്പ് സംബന്ധിച്ച കേസിൽ ഇലക്ഷൻ കമ്മീഷന്റെ അന്തിമ ഹിയറിംഗ് തിങ്കളാഴ്ച നടക്കാനിരിക്കെ നിർണ്ണായക നീക്കങ്ങളുമായി ഇരു വിഭാഗങ്ങളും ഡൽഹിയിലേക്ക്.
പാർട്ടി വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് ഇന്ന് ഡൽഹിക്ക് തിരിക്കും. ഭാര്യ ഡോ. ശാന്ത ജോസഫും ഒപ്പമുണ്ട്. ജോസഫിനൊപ്പം ചേർന്ന മാണി വിഭാഗം നേതാവ് കൊട്ടാരക്കര പൊന്നച്ചൻ ഉൾപ്പെടെയുള്ള നേതാക്കൾ ഡെൽഹിയിലുണ്ട്.
മറുഭാഗത്ത് നിന്നും ജോസ് കെ മാണി എം പി ഞായറാഴ്ച വൈകിട്ട് ഡല്ഹിയിലെത്തും. ഇവരുടെ അഭിഭാഷകൻ ഡൽഹിയിലാണ്.
തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്കാണ് ചീഫ് ഇലക്ഷൻ കമ്മീഷണറും മറ്റ് കമ്മീഷണർമാരും ചേർന്ന് കേരളാ കോൺഗ്രസ് വിഭാഗങ്ങളുടെ വാദം കേൾക്കുക.
കേരളാ കോൺഗ്രസ് വിഭാഗങ്ങൾ സമർപ്പിച്ച രേഖകൾ സംബന്ധിച്ച് ഇലക്ഷൻ കമ്മീഷന്റെ നിയമ വിഭാഗം സമർപ്പിച്ച റിപ്പോർട്ട് ഇപ്പോൾ കമ്മീഷന് മുമ്പിലുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം കഴിഞ്ഞ വ്യാഴാഴ്ച കമ്മീഷൻ ഹിയറിംഗിന് ഇരു വിഭാഗങ്ങളെയും വിളിച്ചിരുന്നു.
എന്നാൽ ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ അന്ന് സ്ഥലത്തില്ലാതിരുന്നതിനാലാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
അതിനിടെ കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന മോൻസ് ജോസഫ് എം എൽ എ, ജോയ് എബ്രാഹം എക്സ് എം പി എന്നിവരുടെ അപേക്ഷ കമ്മീഷന് ലഭിച്ചിരുന്നു.
എന്നാൽ അങ്ങനൊരു കീഴ്വഴക്കം ഇലക്ഷൻ കമ്മീഷന് ഇല്ലെന്നും പകരം ഇരുവരുടെയും വാദങ്ങൾ കമ്മീഷന് മുമ്പിൽ അവതരിപ്പിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി.
പിളർപ്പിനുശേഷം കേരളാ കോൺഗ്രസിലെ പരമോന്നത സമിതിയായ 450 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ് ഇരു വിഭാഗങ്ങളും ഇലക്ഷൻ കമ്മീഷന് സമർപ്പിച്ചിരുന്നു. എന്നാൽ രണ്ടു വിഭാഗങ്ങളും സമർപ്പിച്ച ലിസ്റ്റ് കമ്മീഷന്റെ നിയമ വിഭാഗം തള്ളിയിരുന്നു.
/sathyam/media/post_attachments/m92IhO1y3Q5FHrJX6zdE.jpg)
രണ്ടിലും വ്യാജന്മാർ കയറിക്കൂടിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് രണ്ടു കൂട്ടരുടെയും ലിസ്റ്റുകൾ പരിശോധിച്ച കമ്മീഷൻ നിയമ വിഭാഗം അതിൽ നിന്നും കൃത്യമായി അഫിഡവിറ്റുകൾ സമർപ്പിച്ച 305 സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്ത് കമ്മീഷൻ ലിസ്റ്റ് കൈമാറിയിട്ടുണ്ട്.
ഇതിൽ 180 പേര് ജോസ് കെ മാണിക്കൊപ്പവും 119 പേര് പി ജെ ജോസഫിനൊപ്പവും നിൽക്കുന്നവരാണ്. 3 പേര് ആർക്കൊപ്പം എന്നത് സംബന്ധിച്ച് അഫെഡവിറ്റ് സമർപ്പിച്ചിട്ടില്ല. 3 പേര് മരണപ്പെടുകയും ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റിലെ ഭൂരിപക്ഷം കേസിൽ നിർണ്ണായകമാണ്.
തിങ്കളാഴ്ച ഇരു വിഭാഗങ്ങളുടെയും അന്തിമ വാദം കേട്ടശേഷം കേസ് ഉത്തരവിടുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനാണ് സാധ്യത. അതല്ലെങ്കിൽ തിങ്കളാഴ്ച തന്നെ കമ്മീഷൻ നിഗമനം പുറത്തുവിട്ടശേഷം വിശദമായ ഉത്തരവ് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനും സാധ്യതയുണ്ട്.
എന്തായാലും കെ എം മാണിയുടെ മരണത്തെ തുടർന്നുണ്ടായ കേരളാ കോൺഗ്രസ് പിളർപ്പിൽ ഇലക്ഷൻ കമ്മീഷൻ ദീർഘമായ നടപടിക്രമങ്ങൾക്ക് ശേഷം അന്തിമ തീര്പ്പിനൊരുങ്ങുകയാണ്. ഈ മാസം 28 നകം അന്തിമ തീരുമാനം ഉണ്ടാകുമെന്നും ഉറപ്പായിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us