കേരളാ കോൺഗ്രസ് ജോസഫ്, ജോസ് വിഭാഗങ്ങൾ ഒരേ വിഷയത്തിൽ ഡൽഹിയിലും തിരുവനന്തപുരത്തുമായി മത്സരിച്ച് സമരം സംഘടിപ്പിച്ചു ! ജോസിന്റെ പരിപാടിക്കായി ഡൽഹിയിലെത്തിയത് 150 പേർ ! ജോസഫിന്റെ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയത് 65 പേരും ! പ്രവർത്തക ദാരിദ്ര്യം പറഞ്ഞ് ജോസഫിനെതിരെ തിരിഞ്ഞ് പുത്തൻ ജോസഫുകാർ !!

സുഭാഷ് ടി ആര്‍
Wednesday, March 4, 2020

തിരുവനന്തപുരം: നേതാക്കൾ ധാരാളം, പ്രവർത്തകരോ ശുഷ്‌കം എന്നതാണ് കേരളാ കോൺഗ്രസിൽ ജോസഫ് ഗ്രൂപ്പിന്റെ അവസ്ഥ.

കഴിഞ്ഞ ദിവസം ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്ജിനെ ജോസഫ് ഗ്രൂപ്പിൽ ലയിപ്പിക്കുന്നത് സംബന്ധിച്ച പി ജെ ജോസഫിന്റെ നിർദ്ദേശത്തെ മാണി വിഭാഗത്തിൽ നിന്നെത്തിയ പുതിയ ജോസഫുകാർ എതിർത്തത് ഈ കാരണം പറഞ്ഞാണ്.

“പാർട്ടിയിൽ നയിക്കാൻ ആളുകൾക്ക് ഒരു പഞ്ഞവുമില്ല, പക്ഷെ അണികൾക്കാണ് ദാരിദ്ര്യം. ആദ്യം അണികളെ എത്തിച്ചിട്ട് മതി ഇനി നേതാക്കളെ ചേർക്കുന്നത്.” – എന്നൊരു മാണിക്കാരനായിരുന്ന പുത്തൻ ജോസഫുകാരൻ പറഞ്ഞതോടെയാണ് ഫ്രാൻസിസ് ജോർജ്ജിന്റെ വരവ് തടഞ്ഞത്.

ജോസ്, ജോസഫ് വിഭാഗങ്ങൾ പരസ്പരം വെല്ലുവിളിച്ച് നടത്തിയ സമ്മേളനങ്ങളിലൊക്കെ പ്രവർത്തന പങ്കാളിത്തത്തിൽ ജോസിന്റെ പരിപാടികളുടെ പകുതിയായിരുന്നു ജോസഫിന്റെ പരിപാടിയിലെ പങ്കാളിത്തം (തൊടുപുഴ ഒഴികെ).

കടുത്തുരുത്തിയിൽ രണ്ടു വിഭാഗങ്ങളും മത്സരിച്ച് സമ്മേളനങ്ങൾ നടത്തി. ജോസ് കെ മാണി മണ്ഡലം തിരിച്ച് ബാനർ പിടിച്ച് അതിനു പിന്നിൽ പ്രവർത്തകരെ അണിനിരത്തി എണ്ണിക്കൊള്ളാൻ പറഞ്ഞു തന്നെ സമ്മേളനം നടത്തി.

സ്ഥലം എം എൽ എ മോൻസ് ജോസഫ് സമ്മേളനം നടത്തിയപ്പോൾ കൊണ്ടുവന്ന ബാനറുകളൊക്കെ മടക്കി കക്ഷത്തിൽ വച്ചു. അതിനു പിന്നിൽ നിൽക്കാൻ ആളില്ലായിരുന്നു.

ആ സമ്മേളനത്തിൽ പി ജെ ജോസഫ് മോൻസിനെ നോക്കി പരസ്യമായി പറഞ്ഞു, മോൻസേ, ഇത് പോരാ .., ആൾക്കാരെ കൂട്ടി ഉഗ്രൻ സമ്മേളനം വേറെ നടത്തണമെന്ന്.

ഒടുവിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ ചൊവ്വാഴ്ച ഡൽഹിയിൽ ജോസ് കെ മാണി വിഭാഗവും ബുധനാഴ്ച (ഇന്ന്) തിരുവനന്തപുരത്ത് ജോസഫ് വിഭാഗവും സമരം നടത്തി.

ജോസിന്റെ ഡൽഹി സമരത്തിനായി കേരളത്തിൽ നിന്നും 150 പേരെ എത്തിച്ചു പരിപാടി നടത്തി (ആളെണ്ണം ഫോട്ടോയിൽ വ്യക്തം). ഇന്ന് ജോസഫ് ഗ്രൂപ്പ് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിൽ പരിപാടി നടത്തിയിട്ടും ആളെണ്ണം കഷ്ടി 65 !

അതിൽ പകുതിയും നേതാക്കൾ. ജോസിന്റെ സമരത്തിന് നേതാക്കളായി ആകെ ഉണ്ടായിരുന്നത് ജോസ് കെ മാണിയും തോമസ് ചാഴികാടനും സ്റ്റീഫൻ ജോർജ്ജും മാത്രം.

പാർട്ടി രണ്ടായി പിളർന്നെങ്കിലും കെ എം മാണിയുടെ പാർട്ടിയിൽ പ്രവർത്തകർ ആർക്കൊപ്പമാണെന്ന് ജനമധ്യേ തെളിയുകയാണ്.

ജോസഫ് ഗ്രൂപ്പിലെ പുത്തൻ ജോസഫുകാരായ സി എഫ് തോമസും ജോയ് എബ്രാഹവും തോമസ് ഉണ്ണിയാടനുമൊക്കെ ആഗ്രഹിക്കുന്നതുപോലെ ജോസഫ് ഗ്രൂപ്പിന് ഇനി നേതാക്കളെയല്ല ആവശ്യം; പ്രവർത്തകരാണ്. പി ജെ ജോസഫിന്റെ പ്രധാന വെല്ലുവിളിയും അത് തന്നെയാണ്.

നേതാക്കളെ കാണിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാങ്ങിയെടുത്ത് കോൺഗ്രസിന്റെ ചിലവിൽ എം എൽ എമാരെ തരപ്പെടുത്താ൦ എന്നാണ് ഇപ്പോൾ ജോസഫിന്റെ ചിന്ത.

എന്നാൽ 2009 ൽ സാക്ഷാൽ പി ജെ ജോസഫും ഫ്രാൻസിസ് ജോർജ്ജും കെ സി ജോസഫും മോൻസ് ജോസഫും ആന്റണി രാജുവും എല്ലാം ഒന്നിച്ചു വന്നിട്ടും അതിന്റെ പേരിൽ മാണി ഗ്രൂപ്പിന് അധികമായി ഒരു സീറ്റ് അനുവദിക്കാതിരുന്ന പാർട്ടിയാണ് കോൺഗ്രസ്. അത് തന്നെയായിരിക്കും നാളെയും നടക്കുക.

×