നിയമസഭയില്‍ നിന്ന് വാക്കൌട്ട്  പ്രഖ്യാപിച്ചിട്ട് നേരെ കസേരയില്‍ അമര്‍ന്നിരുന്ന്‍ പി ജെ ജോസഫ്. 30 സെക്കന്‍ഡ് മുമ്പ് പറഞ്ഞ കാര്യം പോലും മറക്കുന്ന പ്രായത്തിലും പാര്‍ട്ടി പിടിക്കാനൊരുങ്ങി സീനിയര്‍ സിറ്റിസണ്‍സ്, അണികള്‍ പോയിട്ട് ഡ്രൈവര്‍ ആകാന്‍ പോലും ആളെ കിട്ടാത്ത നേതാവിന് വേണ്ടത് പാലാ സീറ്റ്. അനാരോഗ്യം മൂലം 3 വര്‍ഷമായി ആശുപത്രി വാസത്തിലായ നേതാവിന് വേണ്ടത് സഹോദരനൊരു സീറ്റ്. കേരളാ കോണ്‍ഗ്രസില്‍ ഇത് കലികാലം !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, June 18, 2019

തിരുവനന്തപുരം:  നിയമസഭയില്‍ നിന്നും വാക്കൌട്ട് പ്രഖ്യാപിച്ച് ഞങ്ങളിതാ ഇറങ്ങിപ്പോകുന്നുവെന്ന് പ്രഖ്യാപിച്ചശേഷം ഒന്നും സംഭവിക്കാത്തപോലെ ഇരിപ്പിടത്തില്‍ ഇരിക്കുക ! പോകുന്നില്ലേയെന്ന്‍ അടുത്തിരുന്ന അനൂപ്‌ ജേക്കബ്ബ് ചോദിച്ചപ്പോള്‍ എങ്ങോട്ട് ? എന്ന് മറുചോദ്യം ! ഒടുവില്‍ വാക്കൌട്ട് പ്രഖ്യാപിച്ച കാര്യം അനൂപ്‌ ഓര്‍മ്മിപ്പിച്ചപ്പോള്‍ എഴുന്നേറ്റ് പുറത്തേക്ക് പോകുക – ഇന്നലെ നിയമസഭയില്‍ പി ജെ ജോസഫിന്റെ അവസ്ഥ ഇതായിരുന്നു.

അതായത് എന്താണ് പറയുന്നതെന്നും എന്താണ് പ്രവര്‍ത്തിക്കുന്നതെന്നും നല്ല നിശ്ചയമില്ലാത്ത അവസ്ഥ ! ഒന്നും അദ്ദേഹത്തിന്റെ കുറ്റമല്ല, പ്രായമാണ് പ്രശ്നം. വയസ് 80 ല്‍ കയറിയതിന്റെ എല്ലാ ശാരീരികാസ്വസ്തതകളും പെരുമാറ്റത്തില്‍ പ്രകടമെങ്കിലും അധികാരത്തോടുള്ള ഒടുങ്ങാത്ത ആര്‍ത്തിക്ക് ഒരു കുറവുമില്ലെന്നതാണ് കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പല നേതാക്കളുടെയും സ്ഥിതി.  എന്നാലും പാര്‍ട്ടി ഒന്നാകെ പിടിച്ചെടുത്ത് കൈയ്യില്‍ വയ്ക്കണമെന്നാണ് ആഗ്രഹം.

ആഴ്ചയില്‍ രണ്ടുദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായി ഒരു ദിവസം മുഴുവന്‍ നീളുന്ന അതിനിര്‍ണ്ണായക ലാബ് നടപടികള്‍ക്ക് വിധേയനാകേണ്ട 79 കാരന്‍ നേതാവാണ് ചെയര്‍മാനാകാനായി ഇരുപക്ഷത്തും ചേര്‍ന്ന് നിന്ന് അസാമാന്യ മെയ് വഴക്കത്തോടെ തന്ത്രങ്ങള്‍ പയറ്റുന്ന മറ്റൊരുന്നതന്‍.

ശരീരം വഴങ്ങുന്നില്ലെങ്കിലും വേണ്ടില്ല, മനസ് തയാറാണെന്നാണ് ഇവരുടെയൊക്കെ മനോഭാവം.  ഒടുവില്‍ സഹോദരന് സീറ്റുറപ്പിച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം മുതല്‍ നിഷ്പക്ഷത അവസാനിപ്പിച്ച് പക്ഷം പിടിച്ചതെന്ന് പറയുന്നു.

പാലാ സീറ്റ് മോഹിച്ച് മാണിയില്‍ നിന്നും ജോസഫിനൊപ്പം ചേര്‍ന്ന കേരളാ കോണ്‍ഗ്രസിലെ മറ്റൊരു താക്കോല്‍സ്ഥാനക്കാരന്റെ ജനകീയത പരമ ദയനീയമാണ്. ഒപ്പം കൂട്ടാന്‍ അണികളില്ലെന്ന് മാത്രമല്ല, പകല്‍ പാലായ്ക്കും രാത്രി പുറപ്പുഴയ്ക്കും ഓട്ടം പതിവായപ്പോള്‍ ഈ വക കളികള്‍ക്ക് കൂട്ടുനില്‍ക്കാനില്ലെന്ന് പറഞ്ഞ് സ്വന്തം ഡ്രൈവര്‍ പോലും ഇട്ടിട്ടുപോയി. വേറെ ആളെ അന്വേഷിച്ചിട്ട് ആരും തയാറല്ല !

പകരം ‘കൊയിലാണ്ടി വിദഗ്ധനായ’ ആസൂത്രകനാണ് അദ്ദേഹത്തിന് സഞ്ചരിക്കാന്‍ അത്യാവശ്യ ഘട്ടത്തില്‍ കാര്‍ അയച്ചു നല്‍കുന്നത്. അദ്ദേഹത്തിനാണ് പാലാ സീറ്റില്‍ മത്സരിക്കണമെന്ന ആഗ്രഹം കലശലായിരിക്കുന്നത്.

മറ്റൊരു വിദഗ്ദ്ധനെ കഴിഞ്ഞ ദിവസം പാലായില്‍ ചേര്‍ന്ന മാണി വിഭാഗം ഗ്രൂപ്പ് യോഗത്തിനിടെ കാണാതാവുകയായിരുന്നു. ജോസ് കെ മാണി തന്നെ ചെയര്‍മാനായേ പറ്റൂ എന്ന വാശിയുള്ള ആളായിരുന്നു കക്ഷി. പെട്ടെന്ന് അപ്രത്യക്ഷനായ ഇദ്ദേഹത്തെ കാണാനായി അന്വേഷിച്ചിട്ട് ഒരു വിവരവുമില്ലത്രേ.

ഇതിനിടെ കഴിഞ്ഞ ദിവസമാണ് കക്ഷി പി ജെ ജോസഫിന്റെ ഫ്ലാറ്റില്‍ നിന്നും പത്രക്കാര്‍ കാണാതെ ഒളിച്ചുകടക്കുന്നത് കാണുന്നത്.  പാലാ സീറ്റ് നല്‍കാമെന്ന് അദ്ദേഹത്തിനും വാഗ്ദാനം ലഭിച്ചത്രേ ! പണ്ട് മത്സരിച്ചിടത്തേക്ക് ഇനി പോകാനാകില്ല. അതിനാല്‍ പാലായില്‍ കൂടാനാണ് അദ്ദേഹത്തിന്റെയും പദ്ധതി.

സംസ്ഥാന സര്‍ക്കാരിന്റെ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ അധ്യക്ഷ പദവിയിലിരിക്കെ ഊരും പേരുമില്ലാത്ത ചിലരെ താല്‍ക്കാലിക ജീവനക്കാരാക്കി പ്രതിമാസം ഒരു ലക്ഷത്തോളം രൂപ അവരുടെ സാലറി ഇനത്തില്‍ അടിച്ചുമാറ്റിയ കാര്‍ന്നോരാണ് മറ്റൊരു വിരുതന്‍.  അറിയപ്പെടുന്ന മാണി ഭക്തനായിരുന്നു. ഇനി ജോസഫ് ഗ്രൂപ്പാണ് അഭയമെന്ന്‍ അദ്ദേഹവും തീരുമാനിച്ചു.

ജോസ് കെ മാണിയുടെയും റോഷി അഗസ്റ്റിന്റെയും പ്രൊഫ. എന്‍ ജയരാജിന്റെയും പ്രായമാണ് ഇവരുടെയൊക്കെ പ്രധാന പ്രശ്നം.  യുവത്വത്തിന് മുന്‍ഗണന നല്‍കാനാണ് ജോസ് മോന്റെ പരിപാടിയെങ്കില്‍ തങ്ങളുടെ ഗതി പരിതാപകരമാകുമെന്ന തിരിച്ചറിവിലാണ് മാണിപ്പാര്‍ട്ടിയിലെ സീനിയര്‍ സിറ്റിസണ്‍സൊക്കെ കളംമാറ്റി ചവിട്ടുന്നത്.

അപ്പുറത്താണെങ്കില്‍ കളംമാറി ചെല്ലുന്നവര്‍ക്ക് ആവോളം ഓഫറുകളാണ് നല്‍കുന്നത്. പാലാ സീറ്റ് ഇതിനോടകം എത്ര പേര്‍ക്ക് കൊടുത്തെന്ന് ഒരു നിശ്ചയവുമില്ല. ഇന്നലെ നിയമസഭയില്‍ ലൈവ് ക്യാമറയ്ക്ക് മുന്നില്‍ പ്രസംഗിച്ചത് 30 സെക്കന്‍ഡ് കഴിയും മുമ്പ് മറന്നുപോയ ആശാന്മാരാണ് ഇനി ഈ ഓഫറുകള്‍ നിറവേറ്റാന്‍ പോകുന്നത്.  എല്ലാം ‘കൊയിലാണ്ടി ഭക്തന്റെ’ ബുദ്ധിതന്നെ ! അപാരം … !!

×