Advertisment

ബദല്‍ സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള പി ജെ ജോസഫിന്റെ നീക്കങ്ങള്‍ക്ക്‌ തിരിച്ചടിയായി ഇലക്ഷന്‍ കമ്മീഷന്റെ മുന്‍ ഉത്തരവുമായി ജോസ് കെ മാണി വിഭാഗം. 2009 ലേത് മാണി - ജോസഫ് ലയനമായിരുന്നില്ല - ജോസഫ് പാര്‍ട്ടിയില്‍ ചേരുകയായിരുന്നുവെന്ന ഇലക്ഷന്‍ കമ്മീഷന്‍ രേഖകള്‍ മാണി വിഭാഗം പുറത്തുവിട്ടു

New Update

കോട്ടയം:  യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് എം തങ്ങളാണെന്നവകാശപ്പെട്ട് ബദല്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കാനുള്ള പി ജെ ജോസഫിന്റെ നീക്കത്തിനെതിരെ ഔദ്യോഗിക രേഖകളുടെ പിന്‍ബലത്തില്‍ മറുനീക്കവുമായി ജോസ് കെ മാണി വിഭാഗം.

Advertisment

കെ എം മാണി - പി ജെ ജോസഫ് ഐക്യസമ്മേളനത്തിന്റെ ഭാഗമായി നടന്നത് ഇരു പാര്‍ട്ടികളുടെയും ലയനമല്ല, മറിച്ച് പി ജെ ജോസഫും കൂട്ടരും കെ എം മാണിയുടെ പാര്‍ട്ടിയില്‍ വന്നുചേരുകയായിരുന്നുവെന്ന് തെളിയിക്കുന്നതിനുള്ള രേഖകളാണ് ജോസ് കെ മാണി വിഭാഗം മുന്നോട്ട് വയ്ക്കുന്നത്. ഇത് കോടതിയില്‍ ഹാജരാക്കാനാണ് നീക്കം.

publive-image

പി ജെ ജോസഫ് കേരളാ കോണ്‍ഗ്രസ് - എമ്മില്‍ ലയിച്ചത് സംബന്ധിച്ച് ജോസഫ് - പി സി തോമസ്‌ വിഭാഗങ്ങള്‍ തമ്മില്‍ ഇലക്ഷന്‍ കമ്മീഷന് മുമ്പില്‍ നടന്ന തര്‍ക്കത്തിനൊടുവില്‍ ഇലക്ഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഇപ്പോള്‍ ജോസഫിന് ബദല്‍ നീക്കങ്ങള്‍ക്ക്‌ വിലങ്ങുതടിയായി മാറുന്നത്.

കെ എം മാണി - പി ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ നടന്നത് ലയനമല്ല, മറിച്ച് കേരളാ കോണ്‍ഗ്രസ് - ജോസഫ് വിഭാഗത്തിലെ ഏതാനും നേതാക്കള്‍ മാത്രം കെ എം മാണിയുടെ പാര്‍ട്ടിയില്‍ പോയി ചേരുകയാണ് ചെയ്തിരിക്കുന്നതെന്നും ജോസഫ് ചെയര്‍മാനായിരുന്ന പാര്‍ട്ടി അതേപടി തുടരുകയാണെന്നും ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. ആ നിഗമനത്തിലേക്ക് എത്താനുള്ള കാരണങ്ങളും ഇതേ ഉത്തരവില്‍ കമ്മീഷന്‍ അക്കമിട്ട് നിരത്തുന്നുണ്ട്.

publive-image

ഈ ഉത്തരവ് ചൂണ്ടിക്കാട്ടി പി ജെ ജോസഫ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ അവസാനമായി വന്നുചേര്‍ന്ന നേതാവ് മാത്രമാണെന്നും പാര്‍ട്ടിയിലെ സീനിയോരിറ്റി പ്രകാരം അദ്ദേഹം ജൂണിയര്‍ മെമ്പര്‍ ആണെന്നും ജോസ് കെ മാണി വിഭാഗം വാദിക്കും. അങ്ങനെ വന്നാല്‍ ബദല്‍ സമ്മേളനം വിളിച്ചുകൂട്ടാന്‍ നിര്‍ദ്ദേശം നല്‍കാനും അതിന് നേതൃത്വം നല്‍കാനും ജോസഫിന് കഴിയാതെ വരും.

publive-image

എന്നാല്‍ മാണി വിഭാഗത്തിലെ സീനിയര്‍ നേതാവും മുന്‍ ചെയര്‍മാനുമായിരുന്ന സി എഫ് തോമസിനെ മുന്നില്‍ നിര്‍ത്തി ജോസഫിന് ബദല്‍ നീക്കം നടത്താം. പക്ഷേ, മാണി വിഭാഗമായിരുന്നു ഒര്‍ജിനല്‍ എന്ന് സമ്മതിക്കേണ്ടി വരും. അങ്ങനെ വന്നാല്‍ മാതൃസംഘടന ചട്ടപ്രകാരം പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്ത സാഹചര്യത്തില്‍ സി എഫ് തോമസിന്റെത് അച്ചടക്ക ലംഘനമായി മാറും എന്ന വാദമായിരിക്കും ജോസ് പക്ഷം ഉന്നയിക്കുക.

publive-image

ഫലത്തില്‍ നിയമപരവും സാങ്കേതികവുമായ കാര്യങ്ങള്‍ പി ജെ ജോസഫിന് അനുകൂലമല്ല എന്നതാണ് സൂചന.  അങ്ങനെ വന്നാല്‍ ബദല്‍ നീക്കങ്ങള്‍ ദുര്‍ബലമാകും.

സംസ്ഥാന കമ്മിറ്റി വിളിക്കുന്നതിന് മുന്നോടിയായി കമ്മിറ്റി അംഗങ്ങളും ഒരു ലിസ്റ്റ് തയാറാക്കി കഴിഞ്ഞ ദിവസം ജോയ് എബ്രഹാം ഇലക്ഷന്‍ കമ്മീഷനില്‍ എത്തിച്ചിട്ടുണ്ട്.  എന്നാല്‍ അത് മുന്‍പ് കെ എം മാണി നേരിട്ട് ഇലക്ഷന്‍ കമ്മീഷനിലേക്ക് അയച്ചുകൊടുത്തിട്ടുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റുമായി ഒത്തുപോകുന്നതാണോ എന്ന് ഇലക്ഷന്‍ കമ്മീഷന്‍ പരിശോധിക്കും.

publive-image

മുമ്പ് പി സി തോമസ്‌ - പി ജെ ജോസഫ് പിളര്‍പ്പുകാലത്ത് അന്നത്തെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ഒരു ബദല്‍ ലിസ്റ്റ് പി ജെ ജോസഫ് ഇതുപോലെ തന്നെ കമ്മീഷനില്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും കമ്മീഷന്‍ അതംഗീകരിച്ചില്ല. അത് ഇരു ഗ്രൂപ്പുകളും ഒന്നായിരുന്ന സമയത്ത് കമ്മീഷന്റെ മുമ്പിലുണ്ടായിരുന്ന ലിസ്റ്റുമായി ഒത്തുപോകുന്നില്ല എന്നതായിരുന്നു കാരണം.

publive-image

അതിനാല്‍ തന്നെ തട്ടിക്കൂട്ട് ലിസ്റ്റുമായി ഇലക്ഷന്‍ കമ്മീഷനില്‍ ചെന്നാല്‍ അത് ഔദ്യോഗിക രേഖയായി മാറാന്‍ പല കടമ്പകളും കടക്കേണ്ടി വരും. അതിനാല്‍ തന്നെ ബദല്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കാനുള്ള പി ജെ ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങള്‍ ഫലം കാണാനിടയില്ല. ബദല്‍ സംസ്ഥാന കമ്മിറ്റി വിളിച്ച് സി എഫ് തോമസിനെ ചെയര്‍മാനും പി ജെ ജോസഫിനെ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറുമാക്കാനാണ് ജോസഫ് വിഭാഗം ആലോചിക്കുന്നത്.

 

kerala congress new pala ele
Advertisment