കാരുണ്യ സമരം ശക്തിപ്രകടനമാക്കി ജോസ് കെ മാണി, ജോസഫ് വിഭാഗങ്ങള്‍. എല്ലാ ജില്ലകളിലും ഒരേസമയം സമരം സംഘടിപ്പിച്ച് ജോസഫിന് ജോസ് കെ മാണിയുടെ വെല്ലുവിളി. കത്തോലിക്കാ സഭയുടെ അല്‍മായ ‘പുണ്യവാളന്‍’ മിഷന്‍ലീഗ് കൊച്ചേട്ടന്റെ കൊച്ചുമകനെ കെ എസ് സി പ്രസിഡന്റാക്കി വിദ്യാര്‍ഥി സംഘടനയിലും ജോസ് വിഭാഗം പിടിമുറുക്കി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, July 10, 2019

തിരുവനന്തപുരം:  കേരളാ കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പിനുശേഷം ഇരു വിഭാഗങ്ങളുടെയും ശക്തി പ്രകടനം പുതിയ തലങ്ങളിലേക്ക്.  കെ എം മാണി ആവിഷ്കരിച്ച കാരുണ്യം പദ്ധതി നിര്‍ത്തലാക്കുന്നതിനെതിരെ ഇരു വിഭാഗങ്ങളും നടത്തുന്ന സമരമാണ് ശക്തിപ്രകടനമായി മാറുന്നത്.

ജോസ് കെ മാണി, പി ജെ ജോസഫ് വിഭാഗങ്ങള്‍ തലസ്ഥാനത്ത് കാരുണ്യ സമരം സംഘടിപ്പിച്ചിരുന്നു. ഇതില്‍ ജോസഫിന്റെ സമരത്തിലായിരുന്നു സംസ്ഥാന നേതാക്കളുടെ ബാഹുല്യം ഏറെയുണ്ടായിരുന്നത്. ജോസ് വിഭാഗത്തിന്റെ പരിപാടിയില്‍ പ്രവര്‍ത്തകരുടെ സാന്നിധ്യം കൂടുതലുണ്ടായിരുന്നു.

എന്നാല്‍ കാരുണ്യ സമരത്തില്‍ ഒരുപടികൂടി കടന്നുള്ള നീക്കമാണ് ഇന്നലെ ജോസ് കെ മാണി വിഭാഗം നടത്തിയത്. കാരുണ്യ ചികിത്സാ പദ്ധതി പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഒരേ സമയത്ത് പ്രതിഷേധസമരം സംഘടിപ്പിച്ച് അവര്‍ ശക്തി തെളിയിച്ചു. എന്നാല്‍ ജോസഫ് വിഭാഗം ജില്ലാ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ പണിപ്പെടുമെന്നാണ് എതിര്‍ വിഭാഗം പറയുന്നത്.

ഭൂരിപക്ഷം ജില്ലാ കമ്മറ്റികളിലും ജോസഫ് വിഭാഗത്തിന് ഭാരവാഹികളാകാന്‍ പോലും ആളുകള്‍ കമ്മിയാണത്രെ. അതിനാല്‍ തന്നെ ജില്ലാ തലത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ജോസഫ് വിഭാഗം തല്‍ക്കാലം ഒരുക്കമല്ല. നടത്തിയാല്‍ തന്നെ എല്ലാ ജില്ലകളിലും ഒരേസമയത്ത് സമരം എന്നതും പ്രായോഗികമല്ല. അങ്ങനെ വന്നാല്‍ പരിപാടികളിലെ അണികളുടെ സാന്നിധ്യമായിരിക്കും യുഡിഎഫ് പരിശോധിക്കുക.

എല്ലാ ജില്ലകളിലും ഒരേസമയം പരിപാടി നടത്തി ജോസ് വിഭാഗം ശക്തി തെളിയിച്ചതിനാല്‍ ജോസഫ് പ്രതിരോധത്തിലാണ്. മാത്രമല്ല, ഒരു പടികൂടിക്കടന്ന് നിയോജക മണ്ഡലം അടിസ്ഥാനത്തിലും കാരുണ്യാസമരത്തിനൊരുങ്ങുകയാണ് ജോസ് കെ മാണി വിഭാഗം. കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പില്‍ നേതാക്കള്‍ ജോസഫിനൊപ്പമാണ് കൂടുതലെങ്കിലും പ്രവര്‍ത്തകര്‍ ഏറെയും ജോസ് കെ മാണിക്കൊപ്പമാണെന്ന് അവര്‍ അവകാശപ്പെടുന്നു.

ഇതിനിടെ, കത്തോലിക്കാസഭ ഏറ്റവും പ്രധാന അല്‍മായ വ്യക്തിത്വമായി കണ്ടിരുന്ന ചെറുപുഷ്പ മിഷന്‍ലീഗ് സ്ഥാപകന്‍ അന്തരിച്ച കൊച്ചേട്ടന്റെ കൊച്ചുമകന്‍ അബേഷ് അലോഷ്യസിനെ കെ എസ് സി സംസ്ഥാന പ്രസിഡന്റാക്കി ജോസ് കെ മാണി വിഭാഗം വിദ്യാര്‍ഥി സംഘടനയിലും പിടിമുറുക്കി.

മാണി – ജോസഫ് വിഭാഗങ്ങള്‍ ഒന്നായിരുന്നപ്പോള്‍ ജോസഫ് വിഭാഗമായിരുന്നു കെ എസ് സി സംസ്ഥാന പ്രസിഡന്റ് പദവി വഹിച്ചിരുന്നത്.  അടുത്തിടെ യൂത്ത് ഫ്രണ്ടിനും ജോസ് വിഭാഗം പുതിയ സംസ്ഥാന പ്രസിഡന്റിനെ നിയമിച്ചിരുന്നു. നേരത്തെ യൂത്ത്ഫ്രണ്ട് പ്രസിഡന്റ് പദവി മാണിക്കായിരുന്നെങ്കിലും മാണിയുടെ നോമിനിയായി പ്രസിഡന്റായ സജി മഞ്ഞക്കടമ്പന്‍ ജോസഫിനൊപ്പം കൂറുമാറുകയായിരുന്നു.

ഫലത്തില്‍ നേതാക്കളുടെ എണ്ണം കൊണ്ട് ജോസഫ് വിഭാഗമാണ്‌ സമ്പന്നമെങ്കിലും പി ജെ ജോസഫ് കഴിഞ്ഞാല്‍ അണികളുടെ പിന്തുണയുള്ള നേതാക്കള്‍ ജോസഫില്‍ കുറവാണ്. അപ്പുറത്ത് ജോസ് കെ മാണിക്കൊപ്പം എന്നതിനേക്കാള്‍ കെ എം മാണിയെ സ്നേഹിക്കുന്ന പ്രവര്‍ത്തകരുടെ പിന്തുണയാണ് അവരുടെ ബലം.

 

×