മാണി സാറിന് പിന്‍ഗാമിയായി പാലായില്‍ അന്വേഷിക്കുന്നത് ജോസ് കെ മാണിക്ക് പകരക്കാരനെ. അടുത്ത ഒന്നേമുക്കാല്‍ വര്‍ഷത്തേക്ക് നിഷ ജോസ് കെ മാണി മുതല്‍ സ്റ്റീഫന്‍ ജോര്‍ജ്ജ്, പ്രിന്‍സ് ലൂക്കോസ്, ജോര്‍ജ്ജുകുട്ടി ആഗസ്തി, ടോബിന്‍ അലക്സ്, ബൈജു പുതിയിടത്തുചാലില്‍ വരെ പരിഗണനാ പട്ടികയില്‍. പാലാ കഴിഞ്ഞാല്‍ മറ്റൊരു മണ്ഡലത്തില്‍ പരിഗണിക്കാവുന്ന നേതാവിന് മുന്‍ഗണന

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, July 10, 2019

കോട്ടയം:  ആസന്നമായ പാലാ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫില്‍ ആരാകും കെ എം മാണിയുടെ പിന്‍ഗാമിയാകുക എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. ജോസ് കെ മാണിയും നിഷാ ജോസ് കെ മാണിയും ഉള്‍പ്പെടെയുള്ള പേരുകള്‍ അന്തരീക്ഷത്തില്‍ സജീവമാണ്.

അതേസമയം, ഇടത് മുന്നണി പാലാ സീറ്റ് എന്‍ സി പിയ്ക്ക് തന്നെ നല്‍കിയാല്‍ ഇവിടെ മാണി സി കാപ്പന്‍ തന്നെ വീണ്ടു൦ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. സീറ്റുറപ്പിച്ച നിലയില്‍ മാണി സി കാപ്പന്‍ മണ്ഡലത്തില്‍ സജീവമായികഴിഞ്ഞു.

അതേസമയം, സീറ്റ് സി പി എം ഏറ്റെടുത്താല്‍ ഉഴവൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സിന്ധുമോന്‍ ജേക്കബ്ബ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരിഗണിക്കപ്പെട്ടേക്കാം.

പിന്‍ഗാമിയാണ് പ്രശ്നം !

1965 മുതല്‍ 2019 വരെ കെ എം മാണി എന്ന ഒറ്റ എം എല്‍ എയാല്‍ നയിക്കപ്പെട്ട നാടാണ് പാലാ. 65 ലെ നിയമസഭ ചേരാത്തതിനാല്‍ 67 മുതലാണ്‌ കെ എം മാണിയുടെ നിയമസഭാ കാലാവധി സാങ്കേതികമായി പരിഗണിക്കപ്പെടുക. എങ്കിലും 65 മുതല്‍ പാലായ്ക്ക് മാണിസാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമി സ്വാഭാവികമായും മകന്‍ ജോസ് കെ മാണി തന്നെയാണ്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് മാത്രം രാജ്യസഭാംഗമായി മാറിയ അദ്ദേഹത്തിന് അത് രാജിവച്ച് വീണ്ടും പാലായില്‍ മത്സരിക്കുകയെന്നത് പ്രായോഗികമല്ല.

എന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ അന്ന് 1 വര്‍ഷം മാത്രം കാലാവധി ശേഷിക്കുന്ന രാജ്യസഭാംഗത്വം യു ഡി എഫിന് മടക്കി നല്‍കി ജോസ് കെ മാണിക്ക് പാലായില്‍ മത്സരിക്കാനാകും. കഴിഞ്ഞ 2 ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാലും പാലായില്‍ മാണിസാറിനെക്കാള്‍ വോട്ട് ലഭിച്ചത് ജോസ് കെ മാണിക്കായിരുന്നു.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജോസ് കെ മാണിക്കാണ് പാലായില്‍ പകരക്കാരന്‍ ഉണ്ടാകേണ്ടത്. അത് ഭാര്യ നിഷ ജോസ് കെ മാണി വേണോ അതോ പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കുന്ന ഒരു കേരളാ കോണ്‍ഗ്രസുകാരന്‍ വേണോ എന്നതാണ് ഇപ്പോള്‍ കേരളാ കോണ്‍ഗ്രസിലെ ചര്‍ച്ച.

നിഷ ജോസ് കെ മാണി സാമൂഹ്യ പ്രവര്‍ത്തകയെന്ന നിലയില്‍ മികച്ച വ്യക്തിത്വം തന്നെ.  പക്ഷെ അപ്പന്‍ പിന്നെ മകന്‍, മകന് അസൌകര്യം വന്നാല്‍ മകന്റെ ഭാര്യ എന്നിങ്ങനെ കുടുംബപരമായി ഈ സീറ്റ് കൊണ്ടുപോയാല്‍ അത്രയ്ക്കൊക്കെ സഹിയ്ക്കാന്‍ പാലാക്കാര്‍ക്ക്‌ കഴിയുമോ എന്നതിലാണ് സംശയം.

പാലാക്കാര്‍ കഴിഞ്ഞ അര നൂറ്റാണ്ടുകാലവും വോട്ട് ചെയ്തത് കരിങ്ങോഴയ്ക്കല്‍ കുടുംബത്തിനായിരുന്നില്ല, കെ എം മാണിയ്ക്കായിരുന്നു എന്ന തിരിച്ചറിവാകണം കേരള കോണ്‍ഗ്രസിനുണ്ടാകേണ്ടത്.

രണ്ടാംനിര ഇല്ലാതെ പോയതിന്റെ ഗതികേട് !

പെട്ടെന്ന് ഒരു ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ ഒരു രണ്ടാംനിര ഇല്ലാതെ പോയതിന്റെ ഗതികേടാണ് കേരളാ കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത്. മാണി സാര്‍ വളര്‍ത്തിക്കൊണ്ടുവന്നവരൊക്കെ അവസരവാദികളായി പണ്ടേ മറുകണ്ടം ചാടി അവസരം കളഞ്ഞുകുളിച്ചവരാണ്. അതോടെ പുതിയ പേരുകാരെ തപ്പേണ്ട ഗതിയിലായി പാര്‍ട്ടി.

60 കഴിഞ്ഞ വയോധികരെ സ്ഥാനാര്‍ഥികളായി പരിഗണിച്ചാല്‍ മത്സരത്തിന്റെ ശോഭ നഷ്ടമാകും. ചെറുപ്പക്കാരുടെ നിരയില്‍ അങ്ങനൊരാള്‍ ഇല്ലതാനും.

മുത്തോലി ബാങ്ക് പ്രസിഡന്റ് ടോബിന്‍ കെ അലക്സ്, രാമപുരം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബൈജു പുതിയിടത്തുചാലില്‍ തുടങ്ങിയ പേരുകളൊക്കെ ചര്‍ച്ചയിലുണ്ടെങ്കിലും ഇവരെ അംഗീകരിക്കാന്‍ പാര്‍ട്ടി തയാറാകുമോ എന്നാണ് സന്ദേഹം.

ഗസ്റ്റ് സ്ഥാനാര്‍ഥി ?

ഈ ഉപതെരഞ്ഞെടുപ്പിനും അടുത്ത പൊതു തെരഞ്ഞെടുപ്പിനും ഇടയിലുള്ള ഒന്നേമുക്കാല്‍ കൊല്ലത്തേക്ക് മാത്രമേ നിലവില്‍ ഒരു പകരക്കാരനെ കേരളാ കോണ്‍ഗ്രസിന് ആവശ്യം ഉള്ളൂ. അതുകഴിഞ്ഞാല്‍ ജോസ് കെ മാണി പാലാ ഏറ്റെടുക്കും. അക്കാര്യത്തില്‍ യു ഡി എഫിന് പുറത്തുപോലും അഭിപ്രായ വ്യത്യാസം ഉള്ളവര്‍ ഉണ്ടാകില്ല.

ഈ പകരക്കാരന്‍ രാഷ്ട്രീയമായി പാര്ട്ടിക്കൊരു ഫിക്സഡ് ഡിപ്പോസിറ്റായി മാറുന്ന ആള്‍ വേണമെന്ന ചര്‍ച്ചകള്‍ കേരളാ കോണ്‍ഗ്രസില്‍ സജീവമാണ്. അതായത് ഇപ്പോള്‍ പകരക്കാരനായി പാലായില്‍ നിര്‍ത്തുന്ന നേതാവ് അടുത്ത തവണ മറ്റൊരു മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ അനുയോജ്യനായിരിക്കണം എന്ന ആലോചനയാണ് സജീവം.

അങ്ങനെയുള്ള ചര്‍ച്ചയില്‍ 3 പേരുകളാണ് നിലവില്‍ സജീവം. മൂന്നും പാലായ്ക്ക് തൊട്ടപ്പുറത്ത് നിന്നുള്ള അയല്‍ക്കാരാണ്.

യൂത്ത് ഫ്രണ്ട് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പ്രിന്‍സ് ലൂക്കോസ്, കടുത്തുരുത്തി മുന്‍ എം എല്‍ എ സ്റ്റീഫന്‍ ജോര്‍ജ്ജ്, കഴിഞ്ഞ തവണ പൂഞ്ഞാറില്‍ മത്സരിച്ച ജോര്‍ജ്ജുകുട്ടി ആഗസ്തി എന്നിവരാണ് ഇത്തരത്തില്‍ പരിഗണിക്കപ്പെടുന്നവര്‍.

ഇവരെ പാലായില്‍ നിര്‍ത്തി വിജയിപ്പിച്ചാല്‍ അടുത്ത തവണ പാലാ ജോസ് കെ മാണി ഏറ്റെടുക്കുമ്പോള്‍ സിറ്റിംഗ് എംഎല്‍എ എന്ന നിലയില്‍ ഇവരെ ഉറപ്പുള്ള ഒരു സീറ്റില്‍ ശക്തനായ സ്ഥാനാര്‍ഥിയായി പരിഗണിക്കാനാകും. അതുവഴി ഒരു സീറ്റുകൂടി കേരളാ കോണ്‍ഗ്രസിനും ഉറപ്പിക്കാനാകും.

ജോര്‍ജ്ജുകുട്ടി ആഗസ്തി പൂഞ്ഞാറില്‍ വീണ്ടും മത്സരിക്കുമ്പോള്‍ അത് എം എല്‍ എ എന്ന നിലയിലാകുമ്പോള്‍ ജയസാധ്യത വര്‍ധിക്കും.  സ്റ്റീഫന്റെയും പ്രിന്‍സിന്റെയും കാര്യത്തിലും അത് തന്നെയാണ് സാധ്യത. മൂവരും അടുത്ത തവണ കേരളാ കോണ്‍ഗ്രസ് ബാനറില്‍ സ്ഥാനാര്‍ഥികളായി പരിഗണിക്കപ്പെടുന്നവരുമാണ്.

അതേസമയം, ഇതില്‍ ഏത് മാനദണ്ഡമാകും സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതില്‍ പരിഗണിക്കപ്പെടുകയെന്നതില്‍ ഇപ്പോഴും കേരളാ കോണ്‍ഗ്രസില്‍ വ്യക്തത ആയിട്ടില്ല.

×