Advertisment

"എന്റെ ചങ്ക് പറിച്ചുതരണമെന്നാണോ ഔസേപ്പച്ചാ പറയുന്നത്" ? കോട്ടയം സീറ്റ് ചോദിച്ച ജോസഫിന് മാണി കൊടുത്ത മറുപടി ഇങ്ങനെ. ജോസഫിന്റെ വാദം പാലായില്‍ തെറ്റിദ്ധാരണ പരത്താന്‍. യുഡിഎഫ് വിട്ടതിന് ജോസഫ് മാണിയെ വിമര്‍ശിക്കുന്നത് ഒരു ലോക്സഭാ സീറ്റിന്റെ പേരില്‍ 18 വര്‍ഷം ഇടതുപക്ഷത്ത് അന്തിയുറങ്ങി മടങ്ങിവന്നതിന് ശേഷം ! 

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  സംസ്ഥാനം നിര്‍ണ്ണായക ഉപതെരഞ്ഞെടുപ്പിന് തയാറെടുക്കുമ്പോള്‍ എന്തും വിളിച്ച് പറഞ്ഞ് വിവാദമുണ്ടാക്കി യു ഡി എഫിന്റെ വിജയസാധ്യതകള്‍ അട്ടിമറിക്കുന്നതിനുള്ള നീക്കമാണ് ജോസഫ് വിഭാഗം നടത്തുന്നതെന്ന് ആക്ഷേപം.  ഉപതെരഞ്ഞെടുപ്പ് കഴിയുംവരെ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന യു ഡി എഫിന്റെ കര്‍ശന നിര്‍ദേശം തള്ളിയാണ് ഇന്ന് പി ജെ ജോസഫ് ജോസ് കെ മാണിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

Advertisment

അതും മുഴുവന്‍ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിയുന്ന കാര്യത്തില്‍ യാഥാര്‍ത്ഥ്യം മറച്ചുവച്ചുകൊണ്ടുള്ളതാണ് പലതും. അതില്‍ പ്രധാനം കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിക്കാന്‍ വേണ്ടി മാണി സാര്‍ തലയില്‍ കൈവച്ച് അനുഗ്രഹിച്ചാണ് വിട്ടതെന്നുള്ളതാണ്.

publive-image

എന്റെ ചങ്ക് പറിച്ചുതരണമെന്നാണോ ?

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന് 3 ദിവസം മുമ്പുനടന്ന കേരളാ കോണ്‍ഗ്രസിന്റെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ വച്ചാണ് പി ജെ ജോസഫ് ഔദ്യോഗികമായോ അല്ലാതെയോ പാര്‍ട്ടിയ്ക്കും കെ എം മാണിക്കും മുമ്പില്‍ കോട്ടയത്ത് മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

"അതെങ്ങനെയാ ഔസേപ്പച്ചാ ശരിയാകുന്നത്, കോട്ടയം എന്നാല്‍ എന്റെ ഹൃദയമാണ്. കോട്ടയം ആവശ്യപ്പെടുന്നത് എന്റെ ചങ്ക് പറിച്ചുതരണമെന്ന് പറയുന്നതിന് തുല്യമല്ലേ ? ഞാന്‍ തൊടുപുഴ സീറ്റ് ആവശ്യപ്പെടുന്നതുപോലെയല്ലേ ജോസഫ് കോട്ടയം ആവശ്യപ്പെടുന്നത്" - ഇതായിരുന്നു ജോസഫിനോടുള്ള മാണി സാറിന്റെ അവസാന പ്രതികരണം.

പിന്നീട് സ്റ്റിയറിംഗ് കമ്മിറ്റി കൂടാന്‍ തീരുമാനിച്ച് മറ്റ്‌ നടപടികളിലേക്ക് കടക്കാന്‍ നിര്‍ദ്ദേശം നല്‍കി യോഗം അവസാനിപ്പിക്കുകയായിരുന്നു. അതുകഴിഞ്ഞ് എപ്പോഴാണ് മാണിസാര്‍ ജോസഫിനെ വിളിച്ചുനിര്‍ത്തി സീറ്റ് നല്‍കി തലയില്‍ കൈവച്ച് അനുഗ്രഹിച്ചതെന്ന് മറ്റാര്‍ക്കും അറിയില്ല.

ജോസഫിന് കോട്ടയം സീറ്റ് നല്കാനാവില്ലെന്നത് മാണി ഗ്രൂപ്പിന്റെ പൊതുവികാരമായിരുന്നു. ജോസഫിന് അന്ന് കോട്ടയം നല്‍കിയപ്പോള്‍ കെ എം മാണിക്കൊപ്പം നില്‍ക്കുന്ന ഭൂരിപക്ഷം നേതാക്കളും പാര്‍ട്ടി വിടാനൊരുങ്ങിയിരുന്നു.

publive-image

കോണ്‍ഗ്രസിനെ പിണക്കാന്‍ പുതിയ തന്ത്രം !

ഇന്ന് ജോസഫിന്റെ പ്രതികരണത്തിലെ പ്രധാനപ്പെട്ട മറ്റൊരു കാര്യം കേരളാ കോണ്‍ഗ്രസ് യു ഡി എഫ് വിടാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ടാണ്. യു ഡി എഫ് വിടാന്‍ ചരല്‍കുന്ന് യോഗത്തില്‍ തീരുമാനിച്ചപ്പോള്‍ താനും സി എഫ് തോമസും അതിനെ എതിര്‍ത്തെന്നാണ് ജോസഫ് പറഞ്ഞിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ പഴയ കേരളാ കോണ്‍ഗ്രസ് (എം) - കോണ്‍ഗ്രസ് പിണക്കത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് ജോസഫ് രംഗത്ത് വന്നത് പാലായില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തല്‍.

മാണി പോകാന്‍ ആലോചിച്ചു. ജോസഫ് പോയി നിന്നത് 18 വര്‍ഷം

മുമ്പ് കേവലമൊരു ലോക്സഭാ സീറ്റിന്റെ പേരില്‍ യു ഡി എഫ് വിട്ട ജോസഫ് നീണ്ട 18 വര്‍ഷക്കാലം ഇടതുപക്ഷത്തിന്റെ പരിയപ്പുറത്ത് അന്തിയുറങ്ങിയ ശേഷമാണ് മടങ്ങിയെത്തിയത്. വിമാനയാത്രയ്ക്കിടെ സഹയാത്രികയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചതിന് വി എസ് സര്‍ക്കാര്‍ അറസ്റ്റിനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അന്ന് മന്ത്രിസ്ഥാനം രാജിവച്ച് ജോസഫ് മാണി ഗ്രൂപ്പില്‍ ചേര്‍ന്നത്.

publive-image

അത് രണ്ട് പാര്‍ട്ടികളുടെ ലയനമായിരുന്നില്ല. ജോസഫിന്റെ പാര്‍ട്ടിയും ചിഹ്നവും പി സി തോമസ്‌ കൊണ്ടുപോയി. ഇതൊന്നുമില്ലാതെ ജോസഫും കൂട്ടരും മാണി ഗ്രൂപ്പില്‍ വന്നുചേരുകയായിരുന്നു. അങ്ങനെയെത്തിയവര്‍ ഇപ്പോള്‍ വീട്ടുകാരണവര്‍ മരിച്ചപ്പോള്‍ കാരണവരാകണമെന്ന് പറഞ്ഞതാണ് നിലവിലെ തര്‍ക്കം.

മാത്രമല്ല, 18 വര്‍ഷം ഇടതുപക്ഷത്ത് താമസമാക്കി മടങ്ങിവന്ന ശേഷമാണ് ഇടതുപക്ഷത്ത് ചേരാന്‍ ആലോചിച്ചതിന് ജോസഫ് ജോസ് കെ മാണിയെ വിമര്‍ശിക്കുന്നതെന്നതാണ് കൌതുകകരം. യു ഡി എഫ് വിട്ടെങ്കിലും ഇടതുപക്ഷത്ത് ചേര്‍ന്നില്ലെന്ന് മാത്രമല്ല, അതിനിടെ നടന്ന 3 ഉപതെരഞ്ഞെടുപ്പുകളിലും മാണി വിഭാഗം യു ഡി എഫിനെ പിന്തുണയ്ക്കുകയും ചെയ്തു.

മാണി - ജോസഫ് അവസാന കൂടിക്കാഴ്ച ഇങ്ങനെ

കെ എം മാണി മരണത്തിന് തൊട്ടുമുമ്പ് കോട്ടയം സീറ്റിന്റെ പേരില്‍ തന്നോട് മാപ്പ് പറഞ്ഞെന്ന് വരെ അദ്ദേഹം ഇന്ന് പറഞ്ഞിട്ടുണ്ട്. മരണത്തിന്റെ തലേദിവസമാണ് ജോസഫ് അവസാനമായി മാണി സാറിനെ കാണുന്നത്.

ഐ സി യുവില്‍ കിടക്കുകയായിരുന്ന മാണി സാര്‍ ജോസഫ് വന്നുവിളിച്ചപ്പോള്‍ കണ്ണുതുറന്നു നോക്കി എന്നത് സത്യമാണ്. ആ ദിവസങ്ങളില്‍ അദ്ദേഹം സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്ന് അറിഞ്ഞത്. പിന്നെങ്ങനെയാണ് ജോസഫ് പറഞ്ഞ കാര്യം സംഭവിച്ചതെന്ന് അറിയില്ല.

pala ele
Advertisment