സി എഫ് തോമസ് ചെയർമാൻ, ഫ്രാൻസിസ് ജോർജ്ജ് ഡെപ്യൂട്ടി ചെയർമാൻ, ഉണ്ണിയാടൻ, ജോണി നെല്ലൂർ, വക്കച്ചൻ മറ്റത്തിൽ, മോൻസ് ജോസഫ് വൈസ് ചെയർമാൻമാർ, രണ്ടാം മന്ത്രിസ്ഥാനവും ഫ്രാൻസിസ് ജോർജ്ജിന് – ലയനശേഷം കേരളാ കോൺഗ്രസ് – ജോസഫിലെ വീതം വയ്പ്പ് ഇങ്ങനെ !

ന്യൂസ് ബ്യൂറോ, ഇടുക്കി
Monday, March 16, 2020

ഇടുക്കി: കേരളാ കോൺഗ്രസിലെ ലഘു ഘടകങ്ങളെ പിളർത്തി സ്വന്തം പാർട്ടിയിൽ ലയിപ്പിച്ച കേരളാ കോൺഗ്രസ് – ജോസഫ് വിഭാഗം ചെയർമാൻ പി ജെ ജോസഫ് പാർട്ടിയിൽ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു.

കേരളാ കോൺഗ്രസുകളുടെ പിളർപ്പിൽ ഇലക്ഷൻ കമ്മീഷന്റെ തീർപ്പ് പുറത്തുവരുന്ന ഉടൻ പാർട്ടി പുനഃസംഘടിപ്പിക്കാനാണ് നീക്കം. അടുത്തിടെ പാർട്ടിയിലെത്തിയ ഫ്രാൻസിസ് ജോർജ്ജിനും ജോണി നെല്ലൂരിനും അർഹമായ പദവികൾ നൽകേണ്ടതുണ്ട്.

ഫ്രാൻസിസ് ജോർജ്ജിന് പാർട്ടി ഡെപ്യൂട്ടി ചെയർമാൻ പദവിയാണ് ജോസഫ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ജോണി നെല്ലൂരിനെ വൈസ് ചെയർമാനാകും. ജോണിക്കൊപ്പം തോമസ് ഉണ്ണിയാടൻ, മോൻസ് ജോസഫ് എം എൽ എ, വക്കച്ചൻ മറ്റത്തിൽ എന്നിവരും വൈസ് ചെയർമാന്മാരാകും. മാത്യു സ്റ്റിഫൻ ഉൾപ്പെടെയുള്ളവർ ജനറൽ സെക്രട്ടറിമാരാകും.

അടുത്ത തവണ യു ഡി എഫ് അധികാരത്തിൽ വന്നാൽ കേരളാ കോൺഗ്രസിന് ലഭിക്കുന്ന രണ്ടാമത്തെ മന്ത്രിസ്ഥാനവും ഫ്രാൻസിസ് ജോർജ്ജിന് ലഭിക്കും. പി ജെ ജോസഫ് പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനത്ത് തുടരും.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഫ്രാൻസിസ് ജോർജ്ജിന്റെ നോമിനിയെ നിയമിച്ചേക്കും. എന്നാൽ നിലവിൽ ഈ പദവിയിലുള്ള ജോയ് എബ്രാഹത്തിന് പകരം ചുമതല നൽകിയശേഷമേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുകയുള്ളൂ. കെ എഫ് വർഗീസ് ട്രഷററാകും.

പാർട്ടി ചെയർമാൻ സ്ഥാനത്ത് മുൻ ധാരണ പ്രകാരം സി എഫ് തോമസിനെ തെരഞ്ഞെടുക്കും. പി ജെ ജോസഫിനും സി എഫ് തോമസിനും ശേഷം പാർട്ടിയിൽ മൂന്നാമനായി ഫ്രാൻസിസ് ജോർജ്ജ് മാറും. കെ ബി ഗണേഷ് കുമാർ, പി സി ജോർജ്ജ് എന്നിവരും ജോസഫിനൊപ്പം ചേർന്നേക്കും.

×