കേന്ദ്രം കേരളത്തിലെത്തിച്ച അവശ്യ മരുന്നുകളുടെ ക്രെഡിറ്റിനെ ചൊല്ലിയും വിവാദം. ഒരാഴ്ച മുമ്പ് കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രഖ്യാപിച്ച മരുന്നുകള്‍ കേരളത്തിലെത്തിയപ്പോള്‍ അത് സമ്പത്തിന്റെ ഇടപെടല്‍ മൂലമെന്ന പ്രചരണമുണ്ടായത് വിവാദമായി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, August 16, 2019

തിരുവനന്തപുരം:  കേന്ദ്ര സര്‍ക്കാര്‍ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് അനുവദിച്ച 4.42 കോടി രൂപയ്ക്കുള്ള അവശ്യ മരുന്ന് ശേഖരത്തിന്റെ ആദ്യഘട്ടം കേരളത്തിലെത്തിച്ചു.  ആദ്യ ഘട്ടത്തില്‍ 22.48 ടണ്‍ അവശ്യ മരുന്നുകളാണ് ഡല്‍ഹിയില്‍ നിന്നും വിസ്താര, എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ വഴി കൊച്ചിയില്‍ എത്തിച്ചത്.

എന്നാല്‍ മരുന്ന് എത്തിച്ചത് ഡല്‍ഹിയില്‍ ഇപ്പോള്‍ കേരളത്തിന്റെ സ്പെഷ്യല്‍ ഓഫീസര്‍ ആയി ‘അനാവശ്യ’ ചുമതല ഏറ്റെടുത്തിരിക്കുന്ന എ സമ്പത്തിന്റെ ഇടപെടല്‍ വഴിയാണെന്ന സോഷ്യല്‍ മീഡിയ പ്രചരണത്തിനെതിരെ വിവാദങ്ങളും ആരംഭിച്ചു.  കേരളം വീണ്ടും പ്രളയത്തില്‍ മുങ്ങിയ ഉടന്‍ തന്നെ കേരളത്തിന് 4.42 കോടി രൂപയ്ക്കുള്ള മരുന്നുകള്‍ അനുവദിക്കുമെന്ന് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരന്‍ ഡല്‍ഹിയില്‍ പ്രഖ്യാപിച്ചിരുന്നതാണ്.

എന്നാല്‍, മരുന്ന് എത്തിച്ചത് സ്പെഷ്യല്‍ ഓഫീസറുടെ ഇടപെടല്‍ മൂലമാണെന്ന തരത്തില്‍ ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വന്ന വാര്‍ത്തകളാണ് വിവാദങ്ങള്‍ക്ക് കാരണമായത്.  കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര സഹായമായി അനുവദിച്ച മരുന്നുകള്‍, അടിയന്തിര സ്വഭാവത്തോടുകൂടിയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാണ് അതിന്റെ ഒന്നാംഘട്ടം കേരളത്തിലേക്ക് കയറ്റിയയച്ചത്.

ഇതിനെ രാഷ്ട്രീയമായി ചില കേന്ദ്രങ്ങള്‍ ഉപയോഗിച്ചതാണ് സാമൂഹിക മാധ്യമങ്ങളില്‍ വിവാദങ്ങള്‍ക്ക് കാരണമായത്.  ഇന്‍സുലിന്‍, ആന്റിബയോട്ടിക്കുകള്‍, ഗ്ലൗസുകള്‍, ഓ ആര്‍ എസ് എന്നിവയാണ് കേരളത്തിലെത്തിച്ച മരുന്ന് ശേഖരങ്ങളില്‍ പ്രധാനം. ആന്റിബയോട്ടിക്കുകളും ഇന്‍സുലിനും ഉള്‍പ്പെടെ അവശ്യ മരുന്നുകളുടെ അടുത്ത ഘട്ട കണ്‍സൈന്‍മെന്റ് വരും ദിവസങ്ങളിലും കൊച്ചിയിലെത്തും. ഇതിനു പുറമേ ഒരു കോടി ക്ലോറിന്‍ ടാബ്ലറ്റുകളും കേരളത്തിലേക്ക് അയയ്ക്കുന്നുണ്ട്.

×