കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമാകുമോ എന്ന് ആശങ്ക. ജോസ് കെ മാണി – ജോസഫ് വിഭാഗങ്ങള്‍ വെവ്വേറെ സ്ഥാനാര്‍ഥികളും വിപ്പുകളുമായി ഉറച്ചുനില്‍ക്കുന്നു. അടിപിടി തീരുംവരെ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതും ആലോചനയില്‍

ന്യൂസ് ബ്യൂറോ, കോട്ടയം
Tuesday, July 23, 2019

കോട്ടയം:  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലി യു ഡി എഫില്‍ വീണ്ടും അനിശ്ചിതത്വം.  6 അംഗങ്ങളുള്ള കേരളാ കോണ്‍ഗ്രസ് – എം (ജോസ് കെ മാണി) പ്രഖ്യാപിച്ച സെബാസ്റ്റ്യന്‍ കളത്തിങ്കലിനെതിരെ പാര്‍ട്ടിയിലെ ജോസഫ് വിഭാഗം ഉന്നയിച്ച തര്‍ക്കമാണ് യു ഡി എഫില്‍ നിന്നും വീണ്ടും ഇടതുപക്ഷം പ്രസിഡന്റ് പദവി തട്ടിയെടുക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.

സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം കേരളാ കോണ്‍ഗ്രസ് പ്രതിനിധികളായ 6 അംഗങ്ങള്‍ക്കും വിപ്പ് നല്‍കിയതിന് പിന്നാലെ ഇപ്പോള്‍ ജോസഫ് വിഭാഗവും വിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. ജോസഫ് വിഭാഗം അജിത്‌ മുതിരമല പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

അജിത്തിന് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പി ജെ ജോസഫ് 6 ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കും വിപ്പ് നല്‍കിയിരിക്കുന്നത്.  തങ്ങള്‍ക്കൊപ്പം 3 ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഉണ്ടെന്നാണ് ജോസഫ് വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ അവകാശപ്പെടുന്നത്. ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ഥി ഒരുകാരണവശാലും വിജയിക്കില്ലെന്നും മഞ്ഞക്കടമ്പന്‍ അവകാശപ്പെടുന്നു.

ജോസഫ് ഗ്രൂപ്പിന്റെ നീക്കങ്ങളെ ജില്ലാ പഞ്ചായത്തില്‍ 9 അംഗങ്ങളുള്ള സി പി എമ്മും ആകാംഷയോടെയാണ് വീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിയായ അജിത്‌ മുതിരമലയെ പിന്തുണയ്ക്കാനായിരിക്കും ഇടതുപക്ഷത്തിന്റെ നീക്കം.

കേരളാ കോണ്‍ഗ്രസിലെ മുന്‍ധാരണ പ്രകാരം കേരളാ കോണ്‍ഗ്രസിന് അനുവദിച്ച രണ്ടര വര്‍ഷക്കാലം മാണി – ജോസഫ് വിഭാഗങ്ങള്‍ പ്രസിഡന്റ് സ്ഥാനം വീതം വയ്ക്കാനായിരുന്നു ധാരണ. ഇതിനിടെയാണ് കേരളാ കോണ്‍ഗ്രസ് യു ഡി എഫ് വിടുന്നതും ജില്ലാ പഞ്ചായത്തില്‍ ഇടത് പിന്തുണയോടെ മാണി വിഭാഗത്തിന്റെ സഖറിയാസ് കുതിരവേലി പ്രസിഡന്റാകുന്നത്.

പിന്നീട് മാണി ഗ്രൂപ്പ് യു ഡി എഫിന്റെ ഭാഗമായപ്പോള്‍ ഈ കാലാവധി കൂടി കണക്കാക്കിയാണ് കോണ്‍ഗ്രസിന്റെ സണ്ണി പാമ്പാടിയ്ക്ക് പ്രസിഡന്റ് സ്ഥാനം വിട്ടുനല്കിയത്.  വീണ്ടും മുന്‍ യു ഡി എഫ് ധാരണ പ്രകാരം സണ്ണി പാമ്പാടി രാജിവച്ച് കേരളാ കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കാന്‍ തീരുമാനിച്ചതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് കാരണം.

ഇതിനിടെ കേരളാ കോണ്‍ഗ്രസ് രണ്ടായി മാറുകയും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രസിഡന്റ് സ്ഥാനം മോഹിച്ച് ജോസ് കെ മാണിയ്ക്കൊപ്പം ചേരുകയും ചെയ്തതോടെയാണ് ജോസഫ് വിഭാഗം പ്രസിഡന്റ് പദവി തങ്ങളുടെ പ്രതിനിധിയ്ക്ക് നല്‍കണമെന്ന അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതിന് ജോസ് കെ മാണി വിഭാഗം വഴങ്ങിയില്ലെങ്കില്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് അജിത്‌ മുതിരമലയെ വിജയിപ്പിക്കാനും അവര്‍ മടിക്കില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.

ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസുകാര്‍ തമ്മില്‍ ധാരണയാകുന്നത് വരെ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് തിരികെയെടുക്കട്ടെ എന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം ഇടതുപക്ഷം മുതലെടുക്കുന്നത് തടയാനാണിത്. അങ്ങനെയെങ്കില്‍ നിലവിലെ വൈസ് പ്രസിഡന്റായ ജെസിമോള്‍ മനോജ്‌ പുതിയ പ്രസിഡന്റാകാനാണ് ആലോചന.

ഇന്നലെ ഡി സി സി നേതൃത്വം കേരളാ കോണ്‍ഗ്രസുകളെ യോജിപ്പിക്കാന്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പ്രശ്നം കെ പി സി സിയ്ക്ക് കൈമാറിയിരിക്കുകയാണ്.  മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് കേരളാ കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങളുമായി സംസാരിച്ച ശേഷമാകും ധാരണ. ഇരുവിഭാഗങ്ങളും അനുനയത്തിന് വഴങ്ങിയില്ലെങ്കില്‍ കോണ്‍ഗ്രസ് തന്നെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനാണ് സാധ്യത.

×