ഡിസിസിയ്ക്ക് അവധിയാണ്. രാഷ്ട്രീയവും മാറ്റിവച്ചു. സിദ്ദിഖും സംഘവും ദുരിത മേഖലകളിലെ ശുചീകരണ ദൗത്യങ്ങളില്‍ ! ചെളിവാരാനും വെള്ളം കോരാനും ചുമടെടുക്കാനും റെഡി

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Monday, August 19, 2019

കോഴിക്കോട്:  രാഷ്ട്രീയത്തിനവധി നല്‍കി കോഴിക്കോട് ഡി സി സി അധ്യക്ഷന്‍ ടി സിദ്ദിഖും സംഘവും വയനാട്ടിലെ ദുരിതബാധിത മേഖകലകളില്‍ കര്‍മ്മനിരതരാണ്.  ഖാദര്‍ അഴിച്ചുവച്ച് ടീഷര്‍ട്ടും പാന്റ്സുമണിഞ്ഞ് വീട്ടിലെ ചെളി വാരാനും കിണറ്റിലെ ചെളി കോരാനും അരി ചുമക്കാനുമൊക്കെ സിദ്ദിഖും അണികളും മുന്‍ നിരയില്‍ തന്നെയുണ്ട്.

സാധാരണ രാഷ്ട്രീയക്കാരെ പോലെ പത്രക്കാര്‍ വരുമ്പോള്‍ ഫോട്ടോ എടുക്കാന്‍ മാത്രമായുള്ള ‘ശ്രമം’മല്ല സിദ്ദിഖിന്റെത്.  ദിവസങ്ങളോളം ഊണും ഉറക്കവും കളഞ്ഞു ഫുള്‍ ടൈം ദുരിത മേഖലകളില്‍ സജീവമാണ് സിദ്ദിഖ്.  വെള്ളം കയറിയപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അരിയും പലവ്യഞ്ജനങ്ങളുമായി എത്തിയ സിദ്ദിഖും സംഘവും വെള്ളമിറങ്ങിയപ്പോള്‍ ജനങ്ങള്‍ക്ക് ആദ്യം ശുദ്ധജലം ലഭ്യമാക്കാനും ചെളിയടിഞ്ഞ വീടുകളിലെ ചെളി മാറ്റി താമസ യോഗ്യമാക്കാനുമുള്ള ദൌത്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇതിനായി കിണറ്റില്‍ ഇറങ്ങാനും കിണര്‍ തേവാനും സന്നദ്ധരായ വിദഗ്ദ്ധ തൊഴിലാളികള്‍ ഉള്‍പ്പെടെ 50 പേരടങ്ങുന്ന സംഘങ്ങളായാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ കൂടിയായ ടി സിദ്ദിഖും സംഘവും ചുരം കയറിയത്.  വലിയ പമ്പ് സെറ്റുകളും ഇവര്‍ കരുതിയിട്ടുണ്ട്.

വെള്ളമുണ്ട മേഖലയിലെ ശുദ്ധീകരണ ദൗത്യമായിരുന്നു ടി സിദ്ദിഖിന്റെ സംഘം ഞായറാഴ്ച മുതല്‍ ഏറ്റെടുത്തത്.  50 പേരടങ്ങുന്ന ടീമിനെ 10 വീതം ആളുകള്‍ അടങ്ങിയ 5 ടീമുകളായി തിരിച്ച് ഓരോ വീടുകളിലേക്കും അയയ്ക്കുകയാണ്.  ടീം ലീഡര്‍മാര്‍ ആദ്യം തന്നെ ഓരോ വീടുകള്‍ കയറി പരിശോധിച്ച് അവിടെ എന്തൊക്കെ സഹായങ്ങളാണ് വേണ്ടിവരികയെന്നും എത്ര ആളുകള്‍ വേണ്ടിവരുമെന്നും തീരുമാനിക്കും.

അതിനനുസരിച്ചാണ് ടീമിനെ രംഗത്തിറക്കുക.  ഓരോ സംഘത്തിനും കിണറ്റിലിറങ്ങാന്‍ വൈദ്യഗ്ധ്യമുള്ള തൊഴിലാളികളെ ഉള്‍പ്പെടുത്തും.  ആദ്യം വെള്ളമുണ്ട മേഖലകളിലെ ശുദ്ധീകരണ ദൗത്യമായിരുന്നു ഇവര്‍ ഏറ്റെടുത്തത്.  ഇന്നലെ മാത്രം 30 വീടുകളും കിണറുകളും വൃത്തിയാക്കി.  വെള്ളം നിറഞ്ഞു കിടക്കുന്ന കിണറുകളിലെ മലിനജലം പമ്പ് ചെയ്തുകളഞ്ഞ് രണ്ടുപേര്‍ കിണറ്റിലിറങ്ങി ചെളി കോരിക്കളയും. അതിനുശേഷം ക്ലോറിനേഷന്‍ നടത്തിയാണ് മടങ്ങുന്നത്.

ശ്രമദാനത്തിലേര്‍പ്പെട്ടിരിക്കുന്ന സംഘാംഗങ്ങള്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതും ശുചീകരണം നടക്കുന്ന ഒരു വീട്ടിലായിരിക്കും.  ആദ്യം അടുക്കള വൃത്തിയാക്കി അരിയും പയറും കപ്പയും കറിക്കുള്ള വസ്തുക്കളുമെല്ലാം കരുതിയിട്ടുണ്ട്.  ശുദ്ധജലവും എത്തിക്കും. ഒന്നോ രണ്ടോ പേര്‍ പാചകത്തിന്റെ ചുമതലയും വഹിക്കും. ഇന്ന് 50 വീടുകളിലെ ശുദ്ധീകരണമാണ് ലക്‌ഷ്യം.

അതിനിടെ പനമരത്ത് നിന്നും മറ്റും സഹായം അഭ്യര്‍ഥിച്ച് ആളുകള്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്.  അതിനാല്‍ നാളെ മുതല്‍ ഒരു ടീമിനെക്കൂടി രംഗത്തിറക്കാനുള്ള ശ്രമത്തിലാണ് സിദ്ദിഖ്.

ഈ ദൌത്യം പൂര്‍ത്തിയാകുന്നതോടെ പാര്‍ട്ടി പരിപാടികളെല്ലാം മാറ്റിവച്ച് ഡി സി സിയ്ക്ക് അവധി നല്‍കിയിരിക്കുകയാണ് കോഴിക്കോട് ഡി സി സി അധ്യക്ഷന്‍. ഇപ്പോഴത്തെ മുഖ്യ ദൌത്യം ദുരിത മേഖലകളിലെ ശുദ്ധീകരണമാണെന്നും പ്രവര്‍ത്തകരുടെ ശ്രദ്ധ അതില്‍ മാത്രമായിരിക്കണമെന്നും ഡി സി സി പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

×