Advertisment

കച്ചവടക്കാരോട് അലിവായി കെട്ടിട വാടക വേണ്ടന്ന് വച്ച് സി. ഇ. ചാക്കുണ്ണിയും ബന്ധുക്കളും ! ഒരു കച്ചവടക്കാരനെ അറിയൂ മറ്റൊരു കച്ചവടക്കാരന്റെ ബുദ്ധിമുട്ടുകള്‍ എന്ന് കോഴിക്കോട്ടുകാരുടെ ചാക്കുണ്ണിയേട്ടന്‍ !

New Update

കോഴിക്കോട്:  തന്റെ കെട്ടിടത്തില്‍ കച്ചവടം നടത്തുന്ന വാടകക്കാരോട് മാര്‍ച്ച് മാസത്തിലെ വാടക വേണ്ടന്ന് കോഴിക്കോട്ടുകാര്‍ ചാക്കുണ്ണിയേട്ടന്‍ എന്ന് വിളിയ്ക്കുന്ന സി. ഇ. ചാക്കുണ്ണി. കോഴിക്കോട്ടെ രാഷ്ട്രീയ, സാമൂഹ്യ,വ്യാപാര മേഖലയിലെ സജീവ സാന്നിദ്ധ്യമായി കഴിഞ്ഞ 58 വര്‍ഷമായി നിലകൊള്ളുന്ന വ്യക്തിത്വമാണ് ഇദ്ദേഹം.

Advertisment

publive-image

കൊറോണ വൈറസ് പടരുമെന്ന ആശങ്കയില്‍, അതിന്റെ വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും സ്വീകരിച്ച കര്‍ശന നടപടികളും നിര്‍ദ്ദേശങ്ങളും കേരളത്തിലെ വ്യാപാര മേഖലയെ ഒന്നടങ്കം നിശ്ചലമാക്കി. കടയിലെ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ പോയിട്ട് കറന്റ് ചാര്‍ജ്ജ് കൊടുക്കാന്‍ പോലും ഉള്ള കച്ചവടം നടക്കുന്നില്ല.

പണയം വച്ചും വായ്പയെടുത്തുമാണ് പലരും വാടക കൊടുക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ മാര്‍ച്ച് മാസത്തെ വാടക വേണ്ടന്ന് വയ്ക്കാന്‍ സി. ഇ. ചാക്കുണ്ണിയും അദ്ദേഹത്തിന്റെ ബന്ധുക്കളും തീരുമാനിയ്ക്കുകയായിരുന്നു.

മൊയ്തീന്‍ റോഡിലും ബേബി ബസ്സാറിലും കല്ലായി റോഡിലും ഫ്രാന്‍സിസ് റോഡിലുമുള്ള നൂറില്‍പരം കടകളുടെ വാടകയാണ് ഇവര്‍ വേണ്ടന്ന് വച്ച് സമൂഹത്തിനും സര്‍ക്കാരിനും മാതൃകയായത്.

മിഠായി തെരുവില്‍ വാഹന ഗതാഗതം നിരോധിച്ചതു കാരണം അവിടുത്തെ കച്ചവടം നേരത്തെ തന്നെ നാലിലൊന്നായി കുറഞ്ഞന്നും അദ്ദേഹം എടുത്തു പറഞ്ഞു.  2018 ലെയും 2019 ലെയും പ്രളയം, നിപ വൈറസ് ഇവയൊക്കെ വ്യാപാരത്തെ സാരമായി ബാധിച്ചിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഓണക്കച്ചവടവും ക്രിസ്തുമസ്സ് കച്ചവടവും ഉള്‍പ്പെടെ ഉത്സവ കച്ചവടങ്ങള്‍ തകര്‍ന്ന് തരിപ്പണമായി.

വിഷുവിന് വലിയ കച്ചവട പ്രതീക്ഷകളില്ലായിരുന്നു എങ്കിലും കച്ചവടക്കാര്‍ എന്തെങ്കിലും ആകട്ടെ എന്ന് വിചാരിച്ചിരിയ്ക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി വന്ന കൊറോണ ആ പ്രതീക്ഷയും തകര്‍ത്തത് എന്ന് അദ്ദേഹം സത്യം ഓണ്‍ലൈനിനോട് പറഞ്ഞു.

ഒരു കച്ചവടക്കാരനായ തനിയ്‌ക്ക് അവരുടെ ബുദ്ധിമുട്ടുകള്‍ നന്നായി മനസ്സിലാക്കാന്‍ പറ്റും. തങ്ങളെക്കൊണ്ട് കച്ചവടക്കാര്‍ക്ക് ചെയ്യാവുന്ന എളിയ സഹായവും സഹകരണവും ഒരുമാസത്തെ വാടക വാങ്ങണ്ട എന്നതാണ്.

പതിനഞ്ചാം തീയതി വരെ വാങ്ങിയ വാടക കച്ചവടക്കാര്‍ക്ക് തിരിച്ച് കൊടുക്കുകയും ചെയ്തു അദ്ദേഹം. ഈ വിവരം അറിഞ്ഞ പല കെട്ടിട ഉടമകളും തങ്ങളുടെ പാത പിന്‍തുടരാന്‍ തീരുമാനിച്ചത് സന്തോഷം നല്‍കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കെട്ടിടം കൈവശമുള്ളതും വാടകയ്ക്ക് കൊടുക്കുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.

അതുപോലെ പല സമുദായ സംഘടനകളുടെയും കോ - ഓപ്പറേറ്റീവ് സൊസൈറ്റികളുടെയും ഇതര സംഘടനകളുടെയും കൈവശം വാടക കെട്ടിടങ്ങള്‍ ഉണ്ട്. ഈ സമയത്ത് ഇവരും വാടക വാങ്ങണ്ട എന്ന് തീരുമാനിച്ചാല്‍ കച്ചവടക്കാര്‍ക്ക് ഒരു കൈത്താങ്ങാകും എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

publive-image

പാലക്കാട് ചാലിശ്ശേരി സ്വദേശിയായ ചാക്കുണ്ണി 1962 ലാണ് കച്ചവടമോഹവുമായി കോഴിക്കോട് എത്തുന്നത്. സ്വപ്രയത്നം കൊണ്ട് വ്യാപാരമേഖലയിലൂടെ കോഴിക്കോടിന്റെ നിഷേധിയ്ക്കാനാവാത്ത ശബ്ദമാവുകയായിരുന്നു.

ചാക്കുണ്ണി & കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് അദ്ദേഹം. വര്‍ഷങ്ങളായി മുംബൈയിലെ ജ്യോതി ലബോറട്ടറീസിന്റെ മാര്‍ക്കറ്റിംഗ് അസ്സോസ്സിയേറ്റ് ആണ് അദ്ദേഹത്തിന്റെ കമ്പനി. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രി മുന്‍ അദ്ധ്യക്ഷന്‍ ആയിരുന്നു.

മലയാളസിനിമയിലെ നടീനടന്‍മാരുടെ സംഘടന ആയ ''അമ്മ'' രൂപീകരിച്ചപ്പോള്‍, കോടിക്കണക്കിന് മലയാള സിനിമാപ്രേക്ഷകര്‍ക്കായി അദ്ദേഹം ''മക്കള്‍'' (Malayala Cinema Kaanikal) എന്ന സംഘടനയ്ക്ക് രൂപം നല്‍കി. നിലവില്‍ ആ സംഘടനയുടെ അദ്ധ്യക്ഷന്‍ ആണ്.

കാലിക്കറ്റ് സിറ്റി സര്‍വ്വീസ് കോ - ഓപ്പറേറ്റീവ് ബാങ്ക് ലി., കേരള ലാന്‍ഡ് റിഫോംസ് & ഡവലപ്മെന്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ലി. എന്നിവയില്‍ ഡയറക്ടര്‍, കേരളാ ജിഎസ്ടി സ്റ്റേറ്റ് കമ്മറ്റി അംഗം, കാലിക്കറ്റ് കോ - ഓപ്പറേറ്റീവ് ഡന്റല്‍ കോളജ് വൈസ്‌ ചെയര്‍മാന്‍, ഓള്‍കേരള ബൈസൈക്ലിംഗ് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍,

മലബാര്‍ ഡവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ്, മലബാര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട് അതോറിറ്റി ചീഫ് കോ - ഓര്‍ഡിനേറ്റര്‍, ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ റെയില്‍ യൂസേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍,

ഓള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്, ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രി സീനിയര്‍ വൈസ്‌ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

Advertisment