കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ വൈകും ! രണ്ടും ഒന്നിച്ചു വരുമ്പോൾ യു ഡി എഫിൽ 2 ക്രിസ്ത്യൻ സ്ഥാനാർത്ഥികൾക്ക് സാധ്യത മങ്ങും ! കുട്ടനാട്ടിൽ കോൺഗ്രസിന്റെ ഈഴവ സ്ഥാനാർഥിയ്ക്ക് സാധ്യത വർധിക്കുന്നു ! ചവറയിൽ ഷിബു ബേബി ജോൺ ?

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, March 16, 2020

കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തിൽ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഒന്നിച്ചു വരുമെന്നിരിക്കെ യു ഡി എഫിലെ സീറ്റ് വിഭജനം വീണ്ടും പ്രതിസന്ധിയിലേക്ക്. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കുട്ടനാട് സീറ്റ് നൽകാൻ യു ഡി എഫ് ധാരണയിലെത്തിയെങ്കിലും സമുദായ സമവാക്യങ്ങൾ ഇവിടെ പ്രശ്നമാണ്.

ചവറയിൽ ക്രൈസ്തവ സമുദായത്തിൽ നിന്നുള്ള ഷിബു ബേബി ജോൺ സ്ഥാനാർഥിയാകുമെന്നുറപ്പാണ്. അതിനൊപ്പം തന്നെ ഈഴവ പ്രാതിനിധ്യം കൂടുതലുള്ള കുട്ടനാട്ടിൽ ക്രൈസ്തവ സമുദായത്തിന്റെ തന്നെ സ്ഥാനാർഥി വരുന്നത് രണ്ടു മണ്ഡലങ്ങളും ഭൂരിപക്ഷ വോട്ടുകളിൽ ഏകീകരണത്തിന് കാരണമാകാം എന്ന ഭയം യു ഡി എഫിനുണ്ട്.

ഈ സാഹചര്യത്തിൽ കുട്ടനാട് കോൺഗ്രസ് ഏറ്റെടുത്ത് ഇവിടെ ഈഴവ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം.

കുട്ടനാട് ഈഴവ സ്ഥാനാർത്ഥിയെ കോൺഗ്രസ് പരിഗണിയ്ക്കണമെന്ന ആവശ്യം എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തന്നെ ഉന്നയിച്ചിരുന്നു. എന്നാൽ ജോസഫ് ഗ്രൂപ്പ് കുട്ടനാടിന് പകരം മൂവാറ്റുപുഴ ആവശ്യപ്പെട്ടതോടെ കോൺഗ്രസ് ചുവടുമാറ്റി.

മൂവാറ്റുപുഴ ഘടകകക്ഷിക്ക് അനുവദിക്കാൻ കോൺഗ്രസിന് സാങ്കേതിക ബുദ്ധിമുട്ടുണ്ട്. കോതമംഗലം മുതലുള്ള ഒരറ്റത്ത് തുടങ്ങി പൂഞ്ഞാർ, ചങ്ങനാശേരി വരെ നീളുന്ന ഒരു മേഖല മുഴുവൻ കേരളാ കോൺഗ്രസുകൾക്കായി വിട്ടുനൽകുന്നത് കോൺഗ്രസിന് ഗുണം ചെയ്യില്ല.

ഇതോടെ കുട്ടനാട് ജോസഫ് തന്നെ മത്സരിക്കട്ടെ, പകരം സീറ്റ് ജോസ് കെ മാണിക്ക് നൽകുക എന്നതായിരുന്നു ധാരണ. ജോസ് കെ മാണി അതിന് സമ്മതം അറിയിക്കുകയും ചെയ്തു.

എന്നാൽ കൊറോണ കാരണം കുട്ടനാട് ഉപതെരഞ്ഞെടുപ്പ് വൈകുകയും അതിനിടയിൽ ചവറ ഉപതെരഞ്ഞെടുപ്പിലേക്ക് എത്തുകയുമായിരുന്നു. ചവറ ആർ എസ് പി – ബിയുടെ സീറ്റാണ്. ഇവിടെ അന്തരിച്ച വിജയൻപിള്ള എം എൽ എയോട് കഴിഞ്ഞ തവണ തോറ്റ ഷിബു ബേബി ജോൺ തന്നെ സ്ഥാനാർഥിയാകുമെന്നുറപ്പാണ് .

കുട്ടനാട് വൈകുന്ന സാഹചര്യത്തിൽ ചാവറയും കുട്ടനാടും ഒന്നിച്ചേ ഇനി ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുകയുള്ളൂ. അങ്ങനെ വരുമ്പോൾ സമുദായ സമവാക്യങ്ങൾ പാലിക്കാൻ യു ഡി എഫ് നിർബന്ധിതമാകും.

കേരളാ കോൺഗ്രസുകൾക്ക് ഹിന്ദു സ്ഥാനാർഥികളില്ല. കോൺഗ്രസിന് ഈഴവ സ്ഥാനാർത്ഥികൾ രണ്ടുപേരുണ്ട്. ഡി സി സി അധ്യക്ഷൻ എം ലിജുവും അഡ്വ. അനിൽ ബോസും. ഇരുവരും സീറ്റിനായി രംഗത്തുണ്ട്.

മാറിയ സാഹചര്യത്തിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നത് പരിഗണനയിലാണ്. അങ്ങനെ വന്നാൽ ഈഴവ സ്ഥാനാർത്ഥിക്ക് സാധ്യത തെളിയും.

എന്തായാലും മെയ് മാസത്തിലെ ഇനി ഉപതെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുള്ളൂ എന്നാണു വിവരം.

×