കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾക്ക് സാധ്യത മങ്ങുന്നു !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, March 26, 2020

ഡൽഹി:  രാജ്യം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളും ലോക്ക് ഡൗണുമായി അതീവ ജാഗ്രതയിലേക്ക് പ്രവേശിക്കവെ കേരളത്തിലെ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾക്കുള്ള സാധ്യത മങ്ങുന്നു.

ഏപ്രിൽ 14 വരെ നിലവിൽ രാജ്യമാകെ ലോക്ക് ഡൗണിലാണ്. രാജ്യസഭാ തെരഞ്ഞെടുപ്പുകൾ വരെ മാറ്റിവച്ചു. ലോക്ക് ഡൗൺ കാലാവധി കഴിഞ്ഞാലും പെട്ടെന്നൊന്നും രാജ്യത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്നു പ്രതീക്ഷയില്ല.

അതിനാൽ തന്നെ മെയ്, ജൂൺ മാസങ്ങളിൽ ഉപതെരഞ്ഞെടുപ്പിന് ഇലക്ഷൻ കമ്മീഷൻ ഒരുങ്ങിയേക്കില്ലെന്നാണ് സൂചന. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത് അടുത്ത മെയ് മാസത്തിലാണ്.

അതിനാൽ ജൂൺ കഴിഞ്ഞ് ഉപതെരഞ്ഞെടുപ്പ് നടന്നാൽ പിന്നെ കഷ്ടിച്ച് 9 മാസം മാത്രമാകും. പുതിയ എം എൽ എയ്ക്ക് കാലാവധി ലഭിക്കുക. അതിനായി ഉപതെരഞ്ഞെടുപ്പ് വേണമോ എന്ന കാര്യത്തിൽ ഇലക്ഷൻ കമ്മീഷൻ പുനരാലോചന നടത്തും.

ഈ സാഹചര്യത്തിൽ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾക്കുള്ള സാധ്യത മങ്ങുകയാണ്. തോമസ് ചാണ്ടിയുടെ മരണം മൂലമാണ് കുട്ടനാട് സീറ്റിൽ ഒഴിവുവന്നത്. വിജയൻപിള്ള എം എൽ എയുടെ മരണം കാരണമാണ് ചവറയിൽ ഒഴിവുണ്ടായിരിക്കുന്നത്.

ആദ്യം ഒഴിവുവന്ന കുട്ടനാട് സീറ്റിൽ ഇരുമുന്നണികളും സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ പൂർത്തിയാക്കി വരവെയാണ് രാജ്യം കൊറോണ ഭീതിയിലാകുന്നത്.

×