കുട്ടനാടിനായി എൻ സി പിയിൽ കൂട്ടപ്പൊരിച്ചിൽ ! തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസും സലിം പി മാത്യുവും തമ്മിൽ കിടമത്സരം ! തോമസ് ചാണ്ടിയുടെ കമ്പനിയുടെ ചുമതലകളിൽ നിന്നും സഹോദരൻ ഇടപെട്ട് സലീമിനെ പുറത്താക്കി ? ആശങ്കയോടെ എൻ സി പി നേതൃത്വം ?

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, February 25, 2020

കൊച്ചി:  കുട്ടനാട് സീറ്റ് എൻ സി പിയ്ക്ക് തന്നെ നൽകാമെന്ന് സി പി എം ഉറപ്പ് നൽകിയതോടെ സീറ്റിനായി എൻ സി പിയിൽ കൂട്ടപ്പൊരിച്ചിൽ തുടങ്ങി. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസും എൻ സി പിയുടെ മുതിർന്ന നേതാവ് സലിം പി മാത്യുവുമാണ് സീറ്റിനായി രംഗത്തുള്ള പ്രമുഖർ.

പാർട്ടിയിൽ സലിം പി മാത്യുവിനാണ് കൂടുതൽ പിന്തുണ. സി പി എമ്മിന്റെ പ്രാദേശിക ഘടകങ്ങളും സലീമിനെ പിന്തുണയ്‌ക്കുന്നുണ്ട്‌.

എന്നാൽ തോമസ് കെ തോമസിനെ സ്ഥാനാർഥിയാക്കണമെന്ന നിലപാടിൽ തോമസ് ചാണ്ടിയുടെ കുടുംബം ഉറച്ചു നിൽക്കുകയാണ്.

മത്സരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് തോമസ് ചാണ്ടിയുടെ ബന്ധുക്കൾ സലിം പി മാത്യുവിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ തനിക്ക് ലഭിക്കുന്ന അവസരം നഷ്ടപ്പെടുത്താൻ ഒരുക്കമല്ലെന്നു സലീമും വ്യക്തമാക്കി.

ഇതോടെ മുമ്പ് തോമസ് ചാണ്ടിയുടെ കമ്പനിയുടെ നടത്തിപ്പ് ചുമതലയിൽ നിന്നും സലിം പി മാത്യുവിനെ ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട് . വർഷങ്ങളായി തോമസ് ചാണ്ടിയുടെ ബിസിനസ് ഇടപാടുകൾ നോക്കി നടത്താൻ അദ്ദേഹം നിശ്ചയിച്ച വിശ്വസ്ഥനായിരുന്നു സലിം പി മാത്യു.

എന്നാൽ സീറ്റ് സംബന്ധിച്ച തർക്കം മുറുകിയതോടെ കമ്പനിയുമായി അദ്ദേഹം അകലുകയായിരുന്നു . ഇതോടെ സീറ്റിനായി ഇരുവരും ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്.

രണ്ടുപേരെയും തള്ളാനും കൊളളാനും വയ്യാത്ത അവസ്ഥയിലാണ് എൻ സി പി. ഇതിനിടെ, പാർട്ടി ദേശീയ സെക്രട്ടറി കെ ജെ ജോസ് മോനും സീറ്റിനായി രംഗത്തുണ്ട്. സി പി എമ്മിലെ പ്രബല വിഭാഗം ജോസ്മോനെയും അംഗീകരിക്കാൻ തയാറാണ്.

×