കുട്ടനാട്ടിൽ ജോസഫ് വിഭാഗത്തിന് ആകെയുള്ളത് 200 പ്രവർത്തകർ, ജോസ് വിഭാഗത്തിന് പരമാവധി 1500 പ്രവർത്തകരും ! ആകെ 1700 പ്രവർത്തകർ മാത്രമുള്ള കേരള കോൺഗ്രസിൽ നിന്നും കുട്ടനാട് ഏറ്റെടുത്തില്ലെങ്കിൽ രാഷ്ട്രീയ ആത്മഹത്യയാകും ഫലമെന്ന് കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി നേതാക്കൾ !

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, February 26, 2020

കൊച്ചി:  കുട്ടനാട്ടിൽ കേരളാ കോൺഗ്രസുകൾ ദുർബലമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസിൽ സമ്മർദ്ദം. കുട്ടനാട്ടിലെ സാഹചര്യങ്ങൾ വിലയിരുത്താൻ കോൺഗ്രസ് നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം കേരളാ കോൺഗ്രസുകളിലെ ഇരു വിഭാഗങ്ങൾക്കും എതിരാണ് സാഹചര്യങ്ങൾ.

നിയോജക മണ്ഡലം മുഴുവൻ അരിച്ചു പെറുക്കിയാലും സീറ്റിനായി രംഗത്തുള്ള കേരള കോൺഗ്രസ് – ജോസഫ് വിഭാഗത്തിന് 200 പ്രവർത്തകർ തികച്ചില്ലെന്നാണ് റിപ്പോർട്ട്.

ജോസ് കെ മാണി വിഭാഗത്തിന് എത്ര അരിച്ചു പെറുക്കിയാലും 1500 പ്രവർത്തകരിൽ കൂടുതൽ നിയോജക മണ്ഡലത്തിലില്ലത്രെ. ജോസ് വിഭാഗവും കുട്ടനാട് സീറ്റ് അവകാശപെടുന്നുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനു൦ സെമിഫൈനലാകേണ്ട നിർണ്ണായക ഉപതെരഞ്ഞെടുപ്പിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നാണ് ആവശ്യം. രണ്ടു കേരളാ കോൺഗ്രസുകൾക്കും ശക്തരായ സ്ഥാനാർഥികളും മണ്ഡലത്തിലില്ല.

കുട്ടനാടിനു പകരം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിനു പകരം സീറ്റ് നൽകി മണ്ഡലം ഏറ്റെടുക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ യു ഡി എഫ് യോഗത്തിൽ മുതിർന്ന നേതാക്കൾ ഇക്കാര്യം ശക്തമായി യോഗത്തിൽ അവതരിപ്പിച്ചില്ലെന്ന വിമർശനം കെ പി സി സി ഭാരവാഹികൾക്കിടയിൽ ശക്തമാണ്.

ഘടകകക്ഷി മര്യാദകൾ പാലിച്ചുതന്നെ കേരള കോൺഗ്രസ് നേതാക്കളെ സാഹചര്യങ്ങൾ മനസിലാക്കി സീറ്റ് ഏറ്റെടുക്കാൻ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മുൻകൈയെടുക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.

×