ആലപ്പുഴ: കുട്ടനാട് സീറ്റിനെച്ചൊല്ലി എൻ സി പിയിൽ തർക്കം മുറുകുന്നു. തോമസ് ചാണ്ടി അന്തരിച്ച ഒഴിവിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സീറ്റ് പിടിച്ചെടുക്കാനൊരുങ്ങി അദ്ദേഹത്തിൻറെ സഹോദരൻ തോമസ് കെ തോമസ് രംഗത്തെത്തിയതാണ് പുതിയ തർക്കത്തിന് കാരണം.
ഇതോടെ എൻ സി പിയുമായി യാതൊരു ബന്ധവുമില്ലാത്തവർക്ക് സീറ്റ് വിൽപ്പന നടത്തരുതെന്ന ആവശ്യവുമായി പാർട്ടിയിൽ പ്രബല വിഭാഗം രംഗത്ത് വന്നിരിക്കുകയാണ്. മുതിർന്ന നേതാവ് സലിം പി മാത്യുവിനെ കുട്ടനാട്ടിൽ മത്സരിപ്പിക്കാനാണ് എൻ സി പിയിൽ ഭൂരിപക്ഷത്തിന്റെയും ആഗ്രഹം.
അതേസമയം, മുതിർന്ന ചില നേതാക്കളെ ഒപ്പം നിർത്തി സീറ്റ് പിടിച്ചെടുക്കാനാണ് തോമസ് കെ തോമസ് ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്. തോമസ് കെ തോമസിനെ കുട്ടനാട് സീറ്റിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ കുടുംബം എൻ സി പി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർക്ക് കത്ത് നൽകിയിരുന്നു.
എന്നാൽ തോമസ് ചാണ്ടിയുടെ കാലത്തും മണ്ഡലത്തിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് മുതിർന്ന നേതാവും അദ്ദേഹത്തിൻറെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായിരുന്ന സലിം പി മാത്യുവായിരുന്നു. തോമസ് ചാണ്ടിയുടെ ബിസിനസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും സലിം മാത്യുവിനെ ചില ചുമതലകൾ ഉണ്ടായിരുന്നു.
എന്നാൽ കുട്ടനാട് സീറ്റിൽ സലിം പി മാത്യുവിന്റെ പേര് ഉയർന്നുവന്നതോടെ സലിമിനോട് പിന്മാറണമെന്ന ആവശ്യം ചില കോണുകളിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ പാർട്ടി പരിഗണിച്ചാൽ നിരസിക്കില്ലെന്നായിരുന്നു സലീമിന്റെ നിലപാട്.
ഇതോടെ തോമസ് ചാണ്ടി ഏൽപ്പിച്ചിരുന്ന ചുമതലകളിൽ നിന്നും സലീമിനെ ഒഴിവാക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്.ഇതോടെ തോമസ് ചാണ്ടിയുമായി ഏറ്റവും അടുത്ത് ഇടപെടുകയും രാഷ്ട്രീയത്തിലും ബിസിനസിലും അദ്ദേഹത്തെ സഹായിക്കുകയും ചെയ്ത പാർട്ടിയിലെ ശക്തനായ നേതാവ് സലിം പി മാത്യുവും തോമസ് ചാണ്ടിയുടെ കുടുംബവും തമ്മിൽ അകലുകയാണ്.
അതേസമയം, കുട്ടനാട്ടിലെ സി പി എം നേതൃത്വത്തിന്റെ പിന്തുണ സലിം പി മാത്യുവിനാണ്. മുമ്പ് വിവാദങ്ങളിൽ അകപ്പെട്ട തോമസ് കെ തോമസിനെ സ്ഥാനാർഥിയാക്കിയാൽ ഉപതെരഞ്ഞെടുപ്പിൽ ഗുണം ചെയ്യില്ലെന്നാണ് ഇടത് മുന്നണിയിലെ പ്രാദേശിക നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
തോമസ് ചാണ്ടിയുടെ ഒഴിവിൽ പുതിയ സംസ്ഥാന അധ്യക്ഷനായി ടി പി പീതാംബരൻ മാസ്റ്റർ ചുമതലയേറ്റതോടെ ഇനി സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ എൻ സി പിയിൽ സജീവമാകും. ഇതിനിടെ പീതാംബരൻ മാസ്റ്ററുടെ നിലപാടും മന്ത്രി എ കെ ശശീന്ദ്രന്റെയും മാണി സി കാപ്പൻ എം എൽ എയുടെയും നിലപാടും കുട്ടനാട് കാര്യത്തിൽ നിർണ്ണായകമാകും.