ലോക കേരള സഭയിൽ പങ്കെടുത്തവരുടെ ഉച്ചഭക്ഷണത്തിന് ഒരാൾക്ക് ഒരുനേരം നൽകിയത് 2000 രൂപ. ഭക്ഷണച്ചിലവ് ഒരു കോടി നൽകിയത് രവി പിള്ളയുടെ ഹോട്ടലിന് ! ധൂർത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തേക്ക് !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, February 17, 2020

തിരുവനന്തപുരം:  നാടിനോ സംസ്ഥാനത്തിനോ പ്രവാസികൾക്കോ യാതൊരു പ്രയോജനവുമില്ലാതെ നടത്തിയ ലോക കേരള സഭയുമായി ബന്ധപ്പെട്ട ധൂർത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തേക്ക്.

3 ദിവസങ്ങളിലായി നടത്തിയ ലോക കേരള സഭയിൽ പങ്കെടുത്തവർക്ക് ഭക്ഷണം നൽകാനായി മാത്രം ഒരു കോടി രൂപ മുടക്കിയതായാണ് റിപ്പോർട്ട്. അതും ഭരണ കക്ഷിയുമായി അടുപ്പമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പ്രവാസി വ്യവസായി രവി പിള്ളയുടെ റാവിസ് ഗ്രൂപ്പിനായിരുന്നു ഭക്ഷണത്തിന്റെ കരാർ.

ഒരാൾക്ക് ഉച്ചഭക്ഷണത്തിനായി ജി എസ് ടി ഉൾപ്പെടെ 2000 രൂപ ചിലവായതായും കണക്കുകൾ വ്യക്തമാക്കുന്നു. ഉച്ചഭക്ഷണത്തിനു മാത്രം ജി എസ് ടി കൂടാതെ 1700 രൂപയായിരുന്നത്രെ ഒരു നേരത്തെ ചിലവ്.

രണ്ടു മഹാപ്രളയങ്ങൾ നേരിട്ട സംസ്ഥാന മുണ്ടുമുറുക്കിയുടുത്ത് സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കണമെന്നു ധനമന്ത്രി പറയുമ്പോഴാണ് കോടികൾ ചിലവഴിച്ച ലോകകേരള സഭ ധൂർത്തിന്റെ കണക്കുകൾ പുറത്തുവരുന്നത്.

ലോകകേരള സഭാംഗങ്ങൾക്ക് താമസച്ചിലവിനത്തിലും ലക്ഷങ്ങൾ മുടക്കിയിട്ടുണ്ട്. സർക്കാർ ഗസ്റ്റ് ഹൌസുകൾ, റസ്റ്റ് ഹൌസുകൾ എന്നിവയ്ക്ക് പുറമെ സ്വകാര്യ ഹോട്ടലുകളിലും റിസോർട്ടുകളിലുമായിരുന്നു ഇവർക്കായി താമസ സൗകര്യം ഒരുക്കിയിരുന്നത്.

എൽ കെ എസ് അംഗങ്ങൾക്ക് അതാത് രാജ്യത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്നതിനും മടങ്ങി പോകുന്നതിനുമുള്ള വിമാന ടിക്കറ്റും നൽകിയിരുന്നു. വെറും പ്രഹസനമെന്നു പേരുകേട്ട പരിപാടിക്കായിട്ടായിരുന്നു കോടികളുടെ ഈ ദുർവ്യയം !

×