പി ജെ ജോസഫിനും നിഷയ്ക്കും സിറ്റിംഗ് എംഎല്‍എമാര്‍ക്കും സീറ്റില്ലെന്ന് തറപ്പിച്ചുപറഞ്ഞ് കേരളാ കോണ്‍ഗ്രസ്. ദ്വിമുഖ നീക്കങ്ങളുമായി പി ജെ ജോസഫ്. റിബലായാല്‍ പിന്തുണ മുന്നേ അറിയിച്ച് കോടിയേരിയും. പി ജെയെ മുന്നില്‍ നിര്‍ത്തി കോട്ടയവും ഇടുക്കിയും വച്ചുമാറി കോട്ടയത്ത് മത്സരിക്കാന്‍ തന്ത്രങ്ങളൊരുക്കി കോണ്‍ഗ്രസ് നേതാവും. കോട്ടയത്തെ പിന്നാമ്പുറ രാഷ്ട്രീയത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെ

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കോട്ടയം:  ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി കോട്ടയം മാറുമെന്നുറപ്പായി.  രണ്ടാം സീറ്റിനായി അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്ന കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സന്നദ്ധത ഇന്ന് പത്രസമ്മേളനം വിളിച്ച് പരസ്യമായി വ്യക്തമാക്കിയതോടെ കോട്ടയത്തെ രാഷ്ട്രീയച്ചൂട് അത്യുച്ചത്തിലായിരിക്കുന്നു.

Advertisment

publive-image

ജോസഫിന്റെ വാദം !

ലോക്സഭയില്‍ 3 സീറ്റുകള്‍ ഉണ്ടായിരുന്ന കേരളാ കോണ്‍ഗ്രസിന് 2 സീറ്റുകള്‍ക്ക് അവകാശം ഉണ്ടെന്നും അത് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും പറയാനായിരുന്നു അല്‍പ്പം മുമ്പത്തെ ജോസഫിന്റെ വാര്‍ത്താസമ്മേളനം. എന്നാല്‍ കേരള കോണ്‍ഗ്രസിന് രണ്ടാം സീറ്റ് ഉണ്ടാകില്ലെന്ന് ഏറ്റവും അറിയാവുന്ന നേതാവാണ്‌ ജോസഫ്.

അത് മാണിയോടും ജോസഫിനോടും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു. ഇത് മനസ്സില്‍ വച്ച് ജോസഫ് വാര്‍ത്താസമ്മേളനം വിളിച്ചത് കേരളാ കോണ്‍ഗ്രസിന് ലഭിക്കുന്ന ഏക സീറ്റില്‍ മത്സരിക്കാനാണെന്ന്‍ വ്യക്തം.

publive-image

കേരളാ കോണ്‍ഗ്രസിന്റെ സീറ്റ് കോട്ടയമാണ്. അഥവാ ജോസഫ് ആണ് സ്ഥാനാര്‍ഥിയെങ്കില്‍ ജോസഫിന് സൌകര്യപ്രദമായ സീറ്റ് ഇടുക്കിയാണ്. പക്ഷേ കോട്ടയം വിട്ടുകൊടുക്കാനോ ജോസഫിന് സീറ്റ് കൊടുക്കാനോ മാണി വിഭാഗം ഒരുക്കമല്ല. അതില്‍ തര്‍ക്കമില്ല.  അങ്ങനെ വന്നാല്‍ ജോസഫിന്റെ സാധ്യത റിബല്‍ ആയി മത്സരിക്കുകയെന്നതാണ്. അതിന് ജോസഫ് ഒരുക്കമാണെന്ന സന്ദേശമാണ് യഥാര്‍ത്ഥത്തില്‍ ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലൂടെ അദ്ദേഹം നല്‍കിയിരിക്കുന്നത്.

ഒരാഗ്രഹം മനസ്സില്‍ കയറിയാല്‍ അത് വിട്ടുപിടിക്കുന്ന സ്വഭാവം പി ജെ ജോസഫിനില്ല. ജോസഫിനെ അറിയുന്നവര്‍ക്ക് അതറിയാം. 89 ലും 91 ലും സംഭവിച്ചത് അതാണ്‌. 89 ല്‍ റിബല്‍ ആയി മത്സരിച്ച് ജോസഫ് ആകെ നേടിയത് 69000 വോട്ടുകളാണ്. 91 ലും അതെ മാര്‍ജിനില്‍ തോറ്റു.

കോട്ടയത്ത് മാണി ഗ്രൂപ്പ് വേറെ സ്ഥാനാര്‍ഥിയെ നിര്‍ത്തും എന്നുറപ്പായതോടെ ജോസഫ് റിബലായി മത്സരിക്കും എന്നുറപ്പായി. അങ്ങനെ ജോസഫ് മത്സരത്തിന് തയാറായാല്‍ പിന്തുണയ്ക്കാന്‍ തയാറെന്ന സന്ദേശമാണ് ഇന്ന് കോടിയേരി ബാലകൃഷ്ണന്‍ കോട്ടയത്ത് നല്‍കിയിരിക്കുന്നത്.

publive-image

മാണി വിഭാഗം ഉറപ്പിച്ചത് 2 കാര്യങ്ങള്‍ !

മാണി ഗ്രൂപ്പ് സ്ഥാനാര്‍ഥിയെ നിലവില്‍ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. പക്ഷേ ആരൊക്കെ ആകരുത് എന്ന് മാണി വിഭാഗം തീരുമാനിച്ചിട്ടുണ്ട്. പി ജെ ജോസഫിനും നിഷ ജോസ് കെ മാണിക്കും സീറ്റില്ലെന്നതാണ് ആ തീരുമാനം. അത് മനസിലാകാത്തത് മനോരമയ്ക്ക് മാത്രമാണ്.

പണ്ട് ഓരോ പാര്‍ട്ടിയുടെയും രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ മനോരമ ഓരോ റിപ്പോര്‍ട്ടര്‍മാരെ നിയോഗിക്കുക പതിവുണ്ടായിരുന്നു.  ആ നിലവാരമുള്ളവരൊന്നും ഇന്നില്ലെന്നതിന് തെളിവാണ് കോട്ടയത്ത് നിഷ ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ് പരിഗണിക്കുന്നെന്ന മനോരമ റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം മനോരമ കൊടുത്ത മറ്റൊരു വാര്‍ത്ത എം എല്‍ എമാരായ റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നിവരെ പരിഗണിക്കുന്നുവെന്നാണ്. ഇങ്ങനെ 2 കാര്യങ്ങളും കേരളാ കോണ്‍ഗ്രസ് ഒരു ഘട്ടത്തിലും ആലോചിച്ച കാര്യങ്ങളല്ല. പിന്നെങ്ങനെ ഇത് വാര്‍ത്തയായെന്നു രാഷ്ട്രീയം അറിയുന്നവര്‍ക്ക് മനസിലാകുന്നില്ല.

കുറഞ്ഞപക്ഷം മനോരമ വായനക്കാരായ കേരളാ കോണ്‍ഗ്രസുകാരെങ്കിലും വായിച്ചാല്‍ പരിഹസിച്ച് ചിരിക്കുന്ന നിലവാരത്തകര്‍ച്ചയുള്ള വാര്‍ത്തകള്‍ മനോരമയില്‍ വരുന്നതില്‍ കോണ്‍ഗ്രസിളെയും കേരളാ കോണ്‍ഗ്രസിളെയും ചില നേതാക്കളുടെ താല്പര്യ പ്രകാരമാണെന്ന ആരോപണം ശക്തമാണ്.

publive-image

പി ജെ ജോസഫിനെ പ്രോത്സാഹിപ്പിക്കുന്ന വില്ലന്‍ കെ സി ജോസഫ്

പി ജെ ജോസഫിനെ പ്രോത്സാഹിപ്പിക്കുന്ന വില്ലന്‍ കെ സി ജോസഫ് ആണെന്നത് പരസ്യമായ രഹസ്യമാണ്. കെ സി ജോസഫിന്റെ ലക്ഷ്യം അവസാന അവസരമായി ലഭിച്ച ഇരിക്കൂര്‍ സീറ്റില്‍ ഇനി മത്സരിക്കാന്‍ കഴിയില്ലെന്നിരിക്കെ കോട്ടയം ലോക്സഭാ സീറ്റില്‍ മത്സരിക്കുകയെന്നതാണ്. ഇനി തെരഞ്ഞെടുപ്പെന്ന് പറഞ്ഞു കെ സിയ്ക്ക് ഇരിക്കൂറില്‍ കയറാന്‍ കഴിയില്ല.

കോട്ടയം ലോകസഭയാണെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് ഡല്‍ഹിയിലൊരു കമ്പനി കൊടുക്കാം, ഒത്താല്‍ എ ഗ്രൂപ്പ് ചിലവില്‍ ഒരു മന്ത്രിസ്ഥാനം എന്നൊക്കെയാണ് കെ സിയുടെ ലക്‌ഷ്യം. അതിനുള്ള ബുദ്ധിയാണ് പി ജെ ജോസഫിന്റെ ഈ നീക്കങ്ങള്‍ക്ക്‌ പിന്നില്‍. അര നൂറ്റാണ്ടായി കേരള രാഷ്ട്രീയത്തിലുള്ള പി ജെ ജോസഫിനോടോ കെ സി ജോസഫിനോടോ കേരളാ കോണ്‍ഗ്രസിന് ഇത്തവണ 2 സീറ്റ് കിട്ടില്ലെന്ന് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല.

പിന്നത്തെ ലക്‌ഷ്യം ഏക സീറ്റില്‍ ജോസഫിനെ മത്സരിപ്പിക്കുകയെന്നതാണ്. ജോസഫ് പിന്നോട്ടില്ലാതെ ഉറച്ചു നിന്നാല്‍ മാണി വഴങ്ങും എന്നാണ് കെ സിയുടെ പ്രതീക്ഷ. അങ്ങനെ വന്നാല്‍ ജോസഫിന് ജയസാധ്യതയുള്ള മണ്ഡലം ഇടുക്കിയാണ്. കോട്ടയം കോണ്‍ഗ്രസിന് സാധ്യതയും ആഗ്രഹവും ഉള്ള മണ്ഡലമാണ്. എങ്കില്‍ ജോസഫിന് വേണ്ടി കേരളാ കോണ്‍ഗ്രസുമായി ഇടുക്കിയും കോട്ടയവും വച്ച് മാറാം എന്നതാണ് കെ സി ജോസഫിന്റെ ബുദ്ധി.

publive-image

അങ്ങനെ കോട്ടയം കോണ്‍ഗ്രസിന് കിട്ടിയാല്‍ അവിടെ ഉമ്മന്‍ചാണ്ടിയുടെ നിലപാട് നിര്‍ണ്ണായകമാകും. ഉമ്മന്‍ചാണ്ടി ആദ്യം പറയുന്ന പേര് കെ സിയുടെതാകും.  കോട്ടയത്ത് ഡി സി സി പ്രസിഡന്റാകാന്‍ ഇരിക്കൂര്‍ എം എല്‍ എ ആയ കെ സി ജോസഫിന്റെ പേരാണ് ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചത്. ഈ സാഹചര്യത്തില്‍ ലോക്സഭയിലേക്കും അദ്ദേഹം കെ സിയെ നിയോഗിക്കും എന്നാണ് കെ സിയുടെ പ്രതീക്ഷ.

അതിനുള്ള പിന്നണി നീക്കങ്ങളാണ് നിലവില്‍ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തെ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കലുഷിതമാക്കിയ നിര്‍ണ്ണായക ചരടുവലിക്ക് പിന്നിലുള്ളത്. എന്തായാലും നിഷയോ പി ജെ ജോസഫോ, സിറ്റിംഗ് എം എല്‍ എമാരോ അല്ലാത്ത മറ്റൊരു സ്ഥാനാര്‍ഥി കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും എന്നുറപ്പാണ്. പി ജെ ജോസഫും മത്സരിക്കും എന്നുറപ്പ്. ഇടതുപക്ഷം ജോസഫിനെ പിന്തുണക്കുമോ എന്ന് കാത്തിരുന്നു കാണണം. ജോസഫ് ഇടത് നേതാക്കളുമായും നല്ല സൗഹൃദം തുടരുന്നുണ്ട്.

jose km loksabha ele
Advertisment