Advertisment

ആരെയും നിർബന്ധിച്ചോ പ്രേരിപ്പിച്ചോ പ്രീണിപ്പിച്ചോ ക്രൈസ്തവരാക്കുക എന്ന ലക്ഷ്യം ക്രൈസ്തവ സഭകൾക്ക് ഉണ്ടാകാൻ പാടില്ല. ഒരു ലക്ഷത്തോട് അടുക്കുന്ന കൊറോണ മരണങ്ങള്‍ നമ്മുടെ പരിഭ്രാന്തിയാണ്. 2018 ല്‍ 96 ലക്ഷമായിരുന്ന ക്യാൻസർ മരണത്തിന്‍റെ കാരണങ്ങളെപ്പറ്റി നാം ആകുലപ്പെടുന്നില്ല. തെറ്റായ ശീലങ്ങൾ മാറ്റിവെച്ച് ജീവന്‍റെ സംസ്കാരമാണ് നാം വളർത്തിയെടുക്കേണ്ടത്. ആപത്തുകാലത്ത് ആവശ്യക്കാരന് സഹായം എത്തിക്കുന്ന നല്ല സമരിയാക്കാരനാകാന്‍ നിങ്ങൾക്ക് കഴിയണം - സമസ്ത മേഖലകളെയും സ്പർശിക്കുന്ന വസ്തുതകള്‍ ഓർമിപ്പിച്ചു മാർ ജോർജ് ആലഞ്ചേരിയുടെ ഈസ്റ്റര്‍ സന്ദേശം

New Update

പുതുജീവനും പുതുജീവിതവും

Advertisment

കോവിഡ് 19 മൂലമുള്ള അടച്ചിടല്‍ സാഹചര്യത്തിലെ ഓണ്‍ലൈന്‍ വിശുദ്ധ വാരാചരണത്തിന്‍റെ ആവശ്യകത ക്രൈസ്തവര്‍ ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ ഈസ്റ്റര്‍ ദിനത്തിലെ പ്രാര്‍ത്ഥനാ ശുശ്രൂഷയും വി. കുര്‍ബാനയുടെ അര്‍പ്പണവും ഓണ്‍ലൈനില്‍ തന്നെയായിരിക്കുമെന്ന് ഏവര്‍ക്കുമറിയാമല്ലോ.

അപ്പോള്‍ പിന്നെ ആ ദുഃഖത്തെപ്പറ്റി ഇനി പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോള്‍ കാരണീയമായിട്ടുള്ളത് ഉയിര്‍പ്പുതിരുനാളിന് ഉതകുന്ന അത്മീയ അനുഭവം ക്രൈസ്തവര്‍ സ്വന്തമാക്കുക എന്നതാണ്.

publive-image

എന്താണ് ഉയിര്‍പ്പു തിരുനാളാഘോഷത്തിന്‍റെ ആത്മീയോദ്ദേശ്യം ? ക്രിസ്തു മരിച്ചതിന്‍റെ മൂന്നാംനാള്‍ കല്ലറയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു. ഈ സത്യം ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാനവും കേന്ദ്ര പ്രാധാന്യമര്‍ഹിക്കുന്ന വിഷയവുമാണ്.

ക്രിസ്തുമരിക്കുന്നത് വെള്ളിയാഴ്ച. ശനിയാഴ്ച സാബത്തായിരുന്നതിനാല്‍ ഏവരും വിശ്രമിച്ചു. ഞായറാഴ്ച അതിരാവിലെ മഗ്ദലേന മറിയവും കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകളും കല്ലറയിങ്കല്‍ ചെല്ലുന്നു. കല്ലറയുടെ മൂടി മാറ്റപ്പെട്ടിരുന്നു.

മൂടിമാറ്റിയത് സ്വര്‍ഗത്തില്‍ നിന്നു വന്ന ദൂതനാണെന്നാണ് വി. മത്തായിശ്ലീഹ രേഖപ്പെടുത്തിയിരിക്കുന്നത്. ആ ദൂതന്‍ തന്നെയാണ് സ്ത്രീകളോടു പറയുന്നത്, ക്രൂശിക്കപ്പെട്ട ക്രിസ്തു ഇവിടെയില്ല. അവന്‍ പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റു എന്ന്.

ക്രിസ്തു തന്നെ സ്ത്രീകള്‍ക്ക് നേരിട്ട് പ്രത്യക്ഷപ്പെട്ട് സമാധാനം ആശംസിച്ച് തന്‍റെ ഉയിര്‍പ്പിനെക്കുറിച്ചുള്ള ബോധ്യം അവര്‍ക്കു നല്‍കി. അവിടന്ന് പറഞ്ഞതനുസരിച്ചാണ് അവര്‍ അപ്പസ്തോലന്മാരെ വിവരമറിയിക്കുന്നത്.

അവരില്‍ യാക്കോബും യോഹന്നാനും കല്ലറയിങ്കലേക്ക് ഓടിച്ചെന്ന് ശൂന്യമായ കല്ലറ കാണുകയും സ്ത്രീകള്‍ പറഞ്ഞതുപോലെ ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുകയും ചെയ്തു.

ഈ ചരിത്രസംഭവം അനുസ്മരിച്ച് ദൈവത്തെ സ്തുതിച്ച് ആരാധിച്ച് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലൂടെ തങ്ങള്‍ക്കും ലഭിക്കാനിരിക്കുന്ന ഉത്ഥാനത്തിന്‍റെ ചൈതന്യം മരണശേഷം പ്രാര്‍ത്ഥനാ ശുശ്രൂഷകളിലൂടെയും വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിലൂടെയും ഉള്‍ക്കൊള്ളുക എന്നതാണ് ഉയിര്‍പ്പു തിരുനാളിന്‍റെതായ ലഭിക്കുന്ന ആത്മീയ അനുഭവം.

ക്രിസ്തുവിന്‍റെ പീഡാസഹനം, മരണം, ഉത്ഥാനം എന്ന അവസാന അനുഭവങ്ങളുടെ ഏറ്റവും ഉന്നതമായ അനുഭവമാണ് ക്രിസ്തുവിന്‍റെ ഉത്ഥാനം ക്രൈസ്തവര്‍ക്ക് നല്‍കുന്നത്.

ഉത്ഥാനം ക്രൈസ്തവര്‍ക്ക് മരണാനന്തര അനുഭവം മാത്രമോ? ക്രിസ്തുവിന്‍റെ ജീവിത രഹസ്യങ്ങളിലെല്ലാം ക്രൈസ്തവര്‍ നിരന്തരം ഉള്‍ച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ്.

ദൈവവചനനാനുഭവത്തിലൂടെയും ക്രിസ്തു രഹസ്യങ്ങളുടെ ആഘോഷമായ കൂദാശകള്‍ വഴിയും അവിടത്തെ ജീവിതാനുഭവങ്ങളില്‍, വിശിഷ്യ കുരിശുമരണത്തിലും ഉത്ഥാനത്തിലും, ക്രൈസ്തവര്‍ പങ്കുചേരുന്നു.

വിശ്വാസ ജീവിതത്തില്‍ ക്രൈസ്തവര്‍ ക്രിസ്തുവിന്‍റെ ഉത്ഥാനജീവനില്‍ തന്നെയാണ് വളരുന്നത്. ആ ജീവന്‍റെ വളര്‍ച്ച ഓരോരുത്തരും ഉള്‍ക്കൊള്ളുകയും അത് മറ്റുള്ളവര്‍ക്കു പകരുകയും ചെയ്യുക എന്നത് ക്രൈസ്തവര്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്വമാണ്.

മാനുഷിക ജീവനോടു ചേര്‍ന്നാണ് ക്രിസ്തുവിന്‍റെ ഉത്ഥാനജീവന്‍ ഓരോ ക്രൈസ്തവനിലും പ്രവര്‍ത്തിക്കുന്നത്. അപ്രകാരമുള്ള ഒരു പ്രവര്‍ത്തനമാണ് ഒരുവനെ ക്രൈസ്തവനെന്ന നിലയില്‍ ആത്മീയനാക്കുന്നത്.

ഈ ആത്മീയാനുഭവത്തെ ഓരോ ക്രൈസ്തവനും ഇതര ക്രൈസ്തവരോട് പങ്കുവയ്ക്കുന്നു; ഇതര മതങ്ങളിലെ ദൈവവിശ്വാസികളോടും പങ്കുവയ്ക്കുന്നു. ഇപ്രകാരമുള്ള ഒരു പങ്കുവയ്ക്കലിലൂടെ ക്രൈസ്തവസഭയിലെ വിശ്വാസികള്‍ മനുഷ്യ സമൂഹത്തിന്‍റെ തന്നെ ആത്മീയമായ വളര്‍ച്ചയില്‍ പങ്കുചേരാന്‍ പരിശ്രമിക്കുന്നു. ഈ പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് ക്രൈസ്തവര്‍ എല്ലാവിധ സാമൂഹിക സംസ്കാരിക സമ്പര്‍ക്കങ്ങളിലും ഏര്‍പ്പെടുന്നത്.

സ്കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, സമൂഹോദ്ധാരണ പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ ഭവനങ്ങള്‍ ഇവയിലൂടെയെല്ലാം ക്രൈസ്തവര്‍ ലക്ഷ്യം വയ്ക്കുന്നത് ജീവന്‍ നല്‍കുന്ന ക്രിസ്തുവിന്‍റെ സന്ദേശവും അവിടത്തെ രക്ഷകരമായ ശക്തിയും സമൂഹത്തില്‍ പങ്കിട്ടനുഭവിക്കുക എന്നതാണ്.

ക്രിസ്തുസന്ദേശത്തിന്‍റെ സാര്‍വത്രികത

ക്രിസ്തുവിന്‍റെ സന്ദേശം സാര്‍വത്രികമാണ്. അവിടത്തെ രക്ഷാകര ദൗത്യവും സര്‍വത്രികമാണ്. അവിടുന്ന് പറഞ്ഞു: ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു (യോഹ. 10:16).

ക്രിസ്തു ഉദ്ദേശിക്കുന്നത്, തന്നില്‍ വിശ്വസിച്ച് ക്രൈസ്തവരാകുന്നവരെ കൂടാതെ ഇതര മതങ്ങളിലും സംസ്കാരങ്ങളിലുമുള്ളവര്‍പോലും തന്‍റെ ജീവിതദര്‍ശനത്തിലും കര്‍മമണ്ഡലത്തിലും ഉള്‍ച്ചേരുന്നുവെന്നാണ്. ക്രിസ്തുവിന്‍റെ ഈ സാര്‍വ്വത്രിക ദൗത്യം തന്നെയാണ് ക്രൈസ്തവസഭകളും തുടരുന്നത്.

ക്രിസ്തുവിന്‍റെ ജീവിത ചൈതന്യം എല്ലാവരും ഉള്‍ക്കൊണ്ട് എല്ലാ മതങ്ങളിലെയും നډനിറഞ്ഞ വിശ്വാസാചാരങ്ങള്‍ക്ക് ക്രൈസ്തവികതയുടെ നന്മകൂടി നല്‍കുവാന്‍ സഭ പരിശ്രമിക്കുന്നു.

ആരെയും നിര്‍ബന്ധിച്ചോ പ്രേരിപ്പിച്ചോ പ്രീണിപ്പിച്ചോ ക്രൈസ്തവരാക്കുക എന്ന ലക്ഷ്യം ക്രൈസ്തവസഭകള്‍ക്കില്ല; ഉണ്ടാകാനും പാടില്ല. എന്നാല്‍, മതസൗഹാര്‍ദ്ദവും മതസംവാദവും ദൈവവിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലുള്ള മാനവ ഐക്യവും എല്ലാ മനുഷ്യരും കാംക്ഷിക്കേണ്ടതല്ലേ?

യുക്തിയുടെ അടിസ്ഥാനത്തില്‍ മാത്രം ചിന്തിക്കുന്നവര്‍ക്ക് കുരിശില്‍ മരിച്ച ക്രിസ്തു ജീവനോടെ ഉയിര്‍ത്തെഴുന്നേറ്റുവെന്ന് അംഗീകരിക്കാന്‍ പ്രയാസമുണ്ടാകും. ഇതര മതവിശ്വാസങ്ങളുടെ ശ്രേഷ്ഠത സ്വയം ബോധ്യപ്പെട്ടവര്‍ക്കും ക്രിസ്തുവിന്‍റെ ഉത്ഥാനം സ്വീകാര്യമാകണമെന്നില്ല.

എന്നാല്‍ എല്ലാവരും അംഗീകരിക്കുന്ന ഒരു വസ്തുതയല്ലേ ക്രിസ്തു ഉയിരാര്‍ന്ന ചേതസായി ചരിത്രത്തില്‍ നിലനില്‍ക്കുന്നു എന്നത്? ഇതുതന്നെയാണ് ക്രിസ്തുവിനെ മനുഷ്യചരിത്രത്തില്‍ വ്യതിരിക്തനാക്കുന്നതും.

ക്രൈസ്തവസഭയിലെ വിശുദ്ധാത്മാക്കള്‍ മാത്രമല്ല ഇതര മതങ്ങളില്‍ വിശ്വസിച്ചിരുന്ന മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദന്‍ എന്നിവരെപ്പോലെയുള്ള എത്രയോ ലോകനേതാക്കളും ക്രിസ്തുവിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ട് തങ്ങളുടെ ജീവിതത്തെ ധന്യമാക്കിയിട്ടുണ്ട് !

ഈ കൊറോണ കാലത്തു തന്നെ ശുശ്രൂഷ ജീവിതത്തിന്‍റെ പര്യായമാക്കിക്കൊണ്ട് തങ്ങളെത്തന്നെ രോഗികള്‍ക്കുവേണ്ടി സമര്‍പ്പിക്കുന്ന പരശതം ഡോക്ടര്‍മാരും നേഴ്സുമാരും ആരോഗ്യപ്രവര്‍ത്തകരും ക്രിസ്തു ചൂണ്ടിക്കാട്ടിയ നല്ല സമരിയാക്കാരല്ലേ?

ജീവന്‍റെ സംസ്കാരം

കൊറോണ വൈറസിനെ മാത്രമല്ല, ജീവനെ നശിപ്പിക്കുന്ന ഏതൊരു പ്രതിഭാസത്തെയും പ്രതിരോധിക്കാന്‍ മനുഷ്യന് കഴിയണം. ഭ്രൂണഹത്യ, കൊലപാതകം, കാരുണ്യവധം ഇവയെല്ലാം പ്രതിരോധിക്കേണ്ട വിപത്തുകളല്ലേ?

ആറുമാസം വളര്‍ച്ചയെത്തിയ കുഞ്ഞിനെപ്പോലും അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്ന് നിഷ്കരുണം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് അനുവദിക്കുന്ന നിയമവും ആ നിയമമനുസരിച്ചുള്ള കോടതിവിധികളും നമ്മുടെ നാട്ടില്‍പ്പോലും നടപ്പിലായിക്കഴിഞ്ഞു.

നമ്മുടെ ജീവിത രീതികള്‍ അന്തരീക്ഷത്തെയും ജലാശയങ്ങളെയും മലിനമാക്കിയും ഭൂമിയുടെ താപനിലയുടെ താളം തെറ്റിച്ചും നമ്മുടെ ജീവിതത്തിനുതന്നെ അപകടം വരുത്തിക്കൊണ്ടിരിക്കുകയാണ്. നഗരങ്ങളിലെ അശുദ്ധവായു ശ്വസിച്ച് ശ്വാസകോശ രോഗികളാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു.

വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയും വിഷവാതകങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിച്ചും അന്തരീക്ഷം ശുദ്ധികരിക്കേണ്ടത് ഇന്നത്തെ ആവശ്യമല്ലേ ? നദികളെയും പുഴകളെയും കടലിനെയും പോലും അശുദ്ധമാക്കി മലിനജലം പാനം ചെയ്ത് വൃക്കരോഗികളാകുന്നവര്‍ നമ്മുടെ നഗരങ്ങളില്‍ കൂടി വരികയാണ്.

കൊറോണ ബാധയാല്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നതില്‍ നാം പരിഭ്രാന്തരാണല്ലോ. എന്നാല്‍ ക്യാന്‍സര്‍ രോഗികളായി മരിച്ചവര്‍ 2018-ല്‍ 96 ലക്ഷമായിരുന്നു. ക്യാന്‍സര്‍ ഒരു പകര്‍ച്ച വ്യാധിയായി പരിഗണിക്കപ്പെടാത്തതുകൊണ്ട് അതുമൂലമുള്ള മരണത്തിന്‍റെ ബാഹുല്യം നമ്മെ ആകുലപ്പെടുത്തുന്നില്ല എന്നു മാത്രം.

മദ്യപാനം, പുകയിലയുടെ ഉപയോഗം, നിറവും രുചിയും നോക്കി വിശിഷ്ട വിഭവങ്ങളെന്നു കരുതി കഴിക്കുന്ന ഭക്ഷണം ഇവയെല്ലാം ക്യാന്‍സറിന് കാരണമാകുമെന്ന് ഏവര്‍ക്കുമറിയാം. എങ്കിലും നമ്മുടെ ജീവിതശൈലിയില്‍ ഇവയെല്ലാം പതിവായിത്തീരുന്നു.

വ്യക്തികളുടെയും മനുഷ്യസമൂഹത്തിന്‍റെയും ജീവന്‍റെ നിലനില്‍പ്പിനുവേണ്ടി മനുഷ്യസമൂഹം സടകുടഞ്ഞെഴുന്നേല്‍ക്കണമെന്ന് കൊറോണ വൈറസ് ബാധ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ജീവന്‍റെ ഒരു സംസ്കാരം തന്നെ നാം വളര്‍ത്തിയെടുക്കണം. ലോകത്തിനു മുഴുവന്‍ ജീവന്‍ നല്‍കാന്‍ വന്നവനാണ് ക്രിസ്തു. 'ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്' (യോഹ. 10:10).

മനുഷ്യനിലെ ആന്തരികജീവനെയാണ് ക്രിസ്തു ഇവിടെ ഉദ്ദേശിക്കുന്നത്. ആന്തരികതയില്‍ അടിയുറച്ച ഭൗതികത മാത്രമേ മനുഷ്യ സമൂഹത്തിന് രക്ഷനല്‍കുകയുള്ളു. ആത്മീയതയാണ് മനുഷ്യന്‍റെ ഭൗതികജീവിതത്തെ ജീവസുറ്റതാക്കുന്നത്.

നമ്മുടെ ജീവിത രീതികളിലെ തെറ്റായ ശൈലികളില്‍നിന്ന് നമ്മെ നിവര്‍ത്തിപ്പിച്ചുകൊണ്ട് സമൂഹത്തിന് ദ്രോഹകരമായ എല്ലാ ജീവിതരീതികളില്‍ നിന്നും നമുക്ക് പിന്തിരിയാം.

അന്തരീക്ഷ വായുവിനെ ശുദ്ധമായി കാക്കാം. എവിടെയും ജലം ശുദ്ധമായി പരിരക്ഷിക്കാം. സഹോദരങ്ങളെ ജീവനുതുല്യം സ്നേഹിക്കാം. ആവശ്യക്കാരനു സഹായമെത്തിക്കുന്ന നല്ല സമരിയാക്കാരാകാം. ഈ ലോകജീവിതത്തിന്‍റെ നശ്വരതയില്‍ നിന്ന് ഉത്ഥാനത്തിലൂടെ ക്രിസ്തു പ്രവേശിച്ച അനശ്വരതയിലേയ്ക്ക് നമുക്കും പ്രവേശിക്കാം.

Advertisment