എൻ സി പി യോഗം ചേർന്ന ഹാളിന് പുറത്ത് ‘സീറ്റ് വിൽപ്പനയ്ക്കെന്ന്’ ബോർഡ് ! തോമസ് ചാണ്ടിയുടെ സഹോദരൻ മുതലാളിക്കുവേണ്ടി പിന്തുണ തേടിയെത്തിയ ടി പി പീതാംബരൻ മാസ്റ്ററെ മാണി സി കാപ്പൻ തിരിച്ചയച്ചു ! സലിം പി മാത്യുവും കെ ജെ ജോസ്‌മോനുമാണ് പരിഗണനയിലെന്ന് കാപ്പൻ !

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, February 27, 2020

കൊച്ചി:  കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്നത് സംബന്ധിച്ച ആലോചനകൾക്കായി എൻ സി പി നേതൃയോഗം ചേരുന്ന ഹാളിന് പുറത്ത് സീറ്റ് വിൽപ്പനയ്ക്കെന്ന ബോർഡ് സ്ഥാപിച്ച് പ്രവർത്തകരുടെ പ്രതിഷേധം.

തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിന് സീറ്റ് നൽകുന്നത് സീറ്റ് വിൽപ്പനയെന്ന ആരോപണത്തിന് ഇടയാക്കുമെന്നതാണ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.

എന്നാൽ തോമസ് കെ തോമസുമായി നേരത്തെ രഹസ്യ ധാരണയിലെത്തിയ സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.

രാവിലെ മാണി സി കാപ്പൻ എം എൽ എയെ കണ്ട പീതാംബരൻ മാസ്റ്റർ തോമസ് കെ തോമസിനെ പിന്തുണയ്ക്കണമെന്നു കാപ്പനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പകരം കാപ്പൻ വിഭാഗം കൊച്ചിയിൽ രഹസ്യയോഗം ചേർന്ന് ചർച്ച നടത്തി.

തോമസ് കെ തോമസിന് പകരം പാർട്ടി പരിഗണിക്കുന്ന സംസ്ഥാന സെക്രട്ടറി സലിം പി മാത്യു, ദേശീയ സെക്രട്ടറി കെ ജെ ജോസ്മോൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തോമസ് കെ തോമസും സലീമും ജോസ്മോനുമാണ് പാർട്ടി പരിഗണിക്കുന്ന സ്ഥാനാർഥികളെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെയേ തർക്കം ഉണ്ടാകൂ എന്നും കാപ്പൻ വ്യക്തമാക്കി.

പാർട്ടിയിൽ കെ ജെ ജോസ്മോൻ പരിഗണിക്കണമെന്ന അഭിപ്രായത്തിനാണ് മേൽക്കൈ എന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. കുട്ടനാട്ടിലെ ഭൂരിപക്ഷ സമുദായങ്ങളിലൊന്നായ റോമൻ കത്തോലിക്കാ വിഭാഗത്തിൽ നിന്നുള്ള നേതാവെന്നതാണ് ജോസ്മോന് തുണയാകുന്നത്.

സലിം പി മാത്യു സി എസ് ഐ വിഭാഗത്തിൽ നിന്നുള്ള ആളാണ്. തോമസ് ചാണ്ടിയുടെ കമ്പനി ജീവനക്കാരനും പേഴ്‌സണൽ സ്റ്റാഫ൦ഗവുമായിരുന്നു സലിം പി മാത്യു.

മണ്ഡലത്തിൽ തീർത്തും ന്യൂനപക്ഷമായ വിഭാഗത്തിൽ നിന്നുള്ളയാളും തോമസ് ചാണ്ടിയുടെ കമ്പനി ഉദ്യോഗസ്ഥനുമായ ഒരാളെ പരിഗണിക്കുന്നതും പാർട്ടിക്ക് ഗുണം ചെയ്യുന്നില്ലെന്ന ആരോപണം ശക്തമാണ്.

അതേസമയം, തോമസ് കെ തോമസിനെ പരിഗണിക്കുന്നത് കുടുംബാധിപത്യമെന്ന ആരോപണത്തിനിടയാക്കുമെന്നാണ് സലിം പി മാത്യുവിന്റെ മറുപടി. എന്തായാലും കുട്ടനാട് സീറ്റിനെ ചൊല്ലി എൻ സി പിയിൽ വലിയ കലാപത്തിന് തന്നെയാണ് തുടക്കം കുറിച്ചിരിക്കുന്നത്.

×