Advertisment

പാലാ ആവര്‍ത്തിക്കാമെന്ന ഇടതുപ്രതീക്ഷയുടെ കടയ്ക്കല്‍ കത്തിവച്ച് എന്‍ എസ് എസ് ! അടികിട്ടിയത്‌ ബിജെപിക്കും ! രണ്ടാം ഘട്ടത്തില്‍ 5 ഉപതെരഞ്ഞെടുപ്പുകളുടെയും ചിത്രം മാറുന്നു !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  പാലായിലെ വിജയം മറ്റ്‌ 5 ഉപതെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുമെന്ന് കരുതിയിരിക്കെയാണ് ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കടയ്ക്കല്‍ തന്നെ വെട്ടി എന്‍ എസ് എസ് വെടിപൊട്ടിച്ചിരിക്കുന്നത്. അതിന്റെ പ്രത്യാഘാതങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന 5 മണ്ഡലങ്ങളിലും പ്രതിഫലിക്കുമെന്നുറപ്പാണ്.

Advertisment

ശബരിമല നിലപാടിനെതിരെ സര്‍ക്കാരിന് ശക്തമായ പ്രഹരം നല്‍കണമെന്ന് എന്‍ എസ് എസ് ഉള്‍പ്പെടെ വാശിയിലിരിക്കെ ആയിരുന്നു പാലായിലെ തിരിച്ചടി.  സംസ്ഥാന രാഷ്ട്രീയങ്ങള്‍ക്കപ്പുറം പാലായിലെ പ്രാദേശിക വിഷയങ്ങളും ഉള്‍പാര്‍ട്ടി പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടതിന്റെ വിജയമായിരുന്നു പാലായിലേത്.

publive-image

അത്തരം പ്രതികൂല ഘടകങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ശബരിമലയും സര്‍ക്കാര്‍ വിരുദ്ധ വികാരവും മണ്ഡലത്തിന്റെ യു ഡി എഫ് അനുഭാവവുമൊക്കെ തുണയാകുമെന്നായിരുന്നു പാലായില്‍ മറ്റുള്ളവര്‍ കരുതിയത്. അതിനിടെയിലൂടെ വോട്ട് ചോര്‍ന്നത് ആരും അറിഞ്ഞില്ല.

എന്നാല്‍ അത്തരം 'അബദ്ധങ്ങള്‍' ബാക്കി 5 ഇടങ്ങളിലും ആവര്‍ത്തിക്കരുതെന്ന പൊതുവികാരമാണ് എന്‍ എസ് എസ് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ക്കുള്ളത്. അതിനാലാണ് ഇത്തവണ 'ശരിദൂരം' ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചത്. അതിന്റെ അലയടികള്‍ ശക്തമായിരിക്കുമെന്ന് അറിയാവുന്നതിനാലാണ് സുകുമാരന്‍ നായരുടെ പ്രസ്താവനയോട് കരുതലോടെ പ്രതികരിക്കാന്‍ കോടിയേരി തയാറായത്.

കോന്നി, വട്ടിയൂര്‍ക്കാവ്, അരൂര്‍ മണ്ഡലങ്ങളില്‍ എന്‍ എസ് എസ് നിലപാട് നിര്‍ണ്ണായകമാണ്.  വട്ടിയൂര്‍ക്കാവിലും കോന്നിയിലും മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥികള്‍ എന്‍ എസ് എസുമായി ഏറെ അടുപ്പം പുലര്‍ത്തുന്നവരുമാണ്.  യു ഡി എഫിനെ സംബന്ധിച്ച് പ്രതിസന്ധികള്‍ ഉള്ളത് ഇടതുപക്ഷത്തിന് പ്രതീക്ഷയുള്ളതും അഞ്ചില്‍ ഈ മൂന്നു മണ്ഡലങ്ങളിലാണ്.

അതില്‍ വട്ടിയൂര്‍ക്കാവും കോന്നിയും ബി ജെ പി ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളുമാണ്. രണ്ട് മണ്ഡലങ്ങളിലും ശബരിമല മുഖ്യവിഷയമായി ഉയര്‍ത്താന്‍ ബി ജെ പി സ്ഥാനാര്‍ഥികള്‍ ശ്രമിക്കുമ്പോള്‍ അതിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് എന്‍ എസ് എസ് നിലപാട്.

കോടതി വിധി നിലനില്‍ക്കെ കേന്ദ്ര സര്‍ക്കാരിന് ഓര്‍ഡിനന്‍സിലൂടെ ശബരിമല പ്രതിസന്ധി മറികടക്കാമായിട്ടും ബി ജെ പി അതിന് ശ്രമിച്ചില്ലെന്ന സുകുമാരന്‍ നായരുടെ വിമര്‍ശനം ശബരിമല തിരിച്ചടിക്കുന്നതിന് തുല്യമായി.

കോന്നിയില്‍ സഭാ തര്‍ക്കത്തിനിടയിലെ പ്രതിഷേധം കണക്കിലെടുത്ത് ഓര്‍ത്തഡോക്സ് പക്ഷം ഇടത്, വലത് മുന്നണികളെ തഴയുന്നുവെന്ന അഭ്യൂഹങ്ങളില്‍ ബി ജെ പിക്ക് ഏറെ പ്രതീക്ഷയുണ്ട്. കെ സുരേന്ദ്രന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഓര്‍ത്തഡോക്സ് ഇംപാക്റ്റിനിടെയാണ് എന്‍ എസ് എസിന്റെ തിരിച്ചടിയെന്നത് അവരുടെ പ്രതീക്ഷകളെയും ബാധിക്കും.

മഞ്ചേശ്വരവും എറണകുളവും യു ഡി എഫ് സുരക്ഷിതമായി കാണുന്ന മണ്ഡലങ്ങളാണ്.  മറ്റ്‌ മൂന്നിടങ്ങളിലായിരുന്നു ആശങ്കയെങ്കില്‍ എന്‍ എസ് എസ് പകര്‍ന്ന ആത്മവിശ്വാസം യു ഡി എഫ് ക്യാംപുകളെ ആവേശത്തിലാക്കിയിരിക്കുകയാണ്.

ഉപതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലേറ്റ ഈ തിരിച്ചടി മറികടക്കാനുള്ള തന്ത്രങ്ങളാണ് ഭരണകക്ഷി ഇപ്പോള്‍ ആലോചിക്കുന്നത്.  കൂടത്തായി തുടര്‍ മരണങ്ങള്‍ വാര്‍ത്താ പ്രാധാന്യം നേടിയതോടെ സര്‍ക്കാര്‍ വിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോയത് ആശ്വാസമായിട്ടായിരുന്നു ഇടത് മുന്നണി കണ്ടതെങ്കില്‍ ഇപ്പോള്‍ വീണ്ടും ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് വാര്‍ത്താലോകം മാറി. ഇത് ആര്‍ക്ക് ഗുണം ചെയ്യുമെന്നും കാത്തിരുന്നു കാണണം.

 

pala ele
Advertisment