പാലാ സീറ്റിനായി ഇടതു മുന്നണിയിലും എന്‍ഡിഎയിലും ഘടകകക്ഷികളുടെയും സീറ്റ് മോഹികളുടെയും നെട്ടോട്ടം. മുന്‍ സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ മുതല്‍ മുതലാളിമാര്‍ വരെ രംഗത്ത്. സീറ്റ് സിപിഎം ഏറ്റെടുത്താല്‍ സിന്ധുമോള്‍ ജേക്കബ്ബിനും സാധ്യത. എന്‍ഡിഎയില്‍ സ്ഥാനാര്‍ഥി ലിസ്റ്റില്‍ എന്‍ ഹരിയും ബിനു പുളിക്കക്കണ്ടവും ഷോണ്‍ ജോര്‍ജ്ജും പി സി തോമസും വരെ. യുഡിഎഫ് സ്ഥാനാര്‍ഥി മാണിയുടെ കുടുംബത്തിന് പുറത്ത് നിന്ന്

New Update

പാലാ:  കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന്‍ ഒഴിവുവന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എന്‍ ഡി എയിലും ഇടത് മുന്നണിയിലും സ്ഥാനാര്‍ഥി മോഹികളുടെ നെട്ടോട്ടം. ഇരു മുന്നണികളിലുമായി സ്ഥാനാര്‍ഥി മോഹികളുടെ എണ്ണം ഒരു ഡസനിലേറെയാണ്. നിലവില്‍ ഇടത് മുന്നണിയില്‍ പാലാ സീറ്റ് കൈവശമുള്ള എന്‍ സി പിയില്‍ മാത്രം അര ഡസനടുത്ത് സ്ഥാനാര്‍ഥി മോഹികളുണ്ടത്രെ.

Advertisment

publive-image

സീറ്റ് 'വാങ്ങാന്‍' മുതലാളി വരെ

പാലാ ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് ഇലക്ഷന്‍ കമ്മീഷന്‍ ആലോചിച്ച് തുടങ്ങിയിട്ടില്ലെങ്കിലും എന്‍ സി പിയാണ് ഇവിടെ ആദ്യമായി സ്ഥാനാര്‍ഥിയെയും പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് തവണയും മാണിസാറിനെതിരെ മത്സരിച്ചു തോറ്റ മാണി സി കാപ്പനെ തന്നെയാണ് എന്‍ സി പിയിലെ ഒരു വിഭാഗം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

എന്നാല്‍ ഇടത് മുന്നണിയ്ക്ക് പാലാ സീറ്റിന്റെ കാര്യത്തില്‍ മറ്റ്‌ പല സാധ്യതകളും ആലോചിക്കേണ്ടതുണ്ട്. ഇടത് പൊതു സ്വതന്ത്രന്‍, സി പി എം സ്ഥാനാര്‍ഥി എന്നീ സാധ്യതകളാണ് മുന്നണി ആലോചിക്കുന്നത്. അതിനിടെ ഇടത് മുന്നണിയില്‍ പേയ്മെന്റ് സീറ്റിനായി പാലായിലെ ഒരു മുതലാളിയും രംഗത്തുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ മുന്‍ ഭാരവാഹിത്വം ചൂണ്ടിക്കാട്ടിയാണ് മുതലാളിയുടെ അവകാശവാദം.

publive-image

സി പി എം എങ്കില്‍ സിന്ധുവിന് സാധ്യത

സി പി എം സീറ്റ് ഏറ്റെടുത്താല്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്ബിനാണ് മുന്‍ഗണന. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ആദ്യം പറഞ്ഞുകേട്ട പേരും സിന്ധുവിന്റെതായിരുന്നു.

പൊതുസ്വതന്ത്രനെ പരിഗണിച്ചാല്‍ കര്‍ഷക ഐക്യ വേദിയുടെ പ്രതിനിധിയായ ഡിജോ കാപ്പനെ ഇടത് മുന്നണി സമീപിച്ചേക്കാം. എന്നാല്‍ അദ്ദേഹം മത്സരിക്കാന്‍ സന്നദ്ധനാകുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിലും ഇടത് സ്ഥാനാര്‍ഥിയായി ഡിജോ കാപ്പന്റെ പേര് സജീവ പരിഗണനയിലുണ്ടായിരുന്നു.

publive-image

ഒരു മാണിയല്ലെങ്കില്‍ വേറൊരു മാണി

എന്‍ സി പിക്കാണ് സീറ്റെങ്കില്‍ സ്ഥാനാര്‍ഥി മോഹികള്‍ ഏറെയുണ്ടെങ്കിലും ഇവിടെ മാണി സി കാപ്പന് തന്നെയായിരിക്കും മുന്‍ഗണന. സമീപകാലത്ത് കെ എം മാണിയുടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം മാണി സി കാപ്പനോടായിരുന്നെന്നത് മാണിച്ചന് അനുകൂല തരംഗമാണ്. ഒരു മാണി അരങ്ങൊഴിഞ്ഞപ്പോള്‍ വേറൊരു മാണിയെന്ന പ്രാസത്തിനും ഗുണം ചെയ്യും.

publive-image

ബി ജെ പിയില്‍ ബിനുവും ഹരിയും

എന്‍ ഡി എയില്‍ പാലാ സീറ്റിനായി ബി ജെ പിയും ഘടകകക്ഷികളും തമ്മില്‍ പോര് ശക്തമാണ്. ബി ജെ പിയില്‍ ജില്ലാ പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തിനും പാലാ സീറ്റില്‍ താല്പര്യമുണ്ട്. ഹരി കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ കാല്‍ ലക്ഷത്തോളം വോട്ട് നേടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ബിനു പുളിക്കക്കണ്ടം നഗരസഭാ കൌണ്‍സിലറെന്ന പേരില്‍ പാലായില്‍ സുപരിചിതനും ജനപ്രിയനുമാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ പോലും വാര്‍ഡിലെ 99 ശതമാനവും വോട്ട് നേടിയായിരുന്നു ബിനുവിന്റെ വിജയം. ഈ അവകാശവാദങ്ങളൊക്കെ ബിനു പുളിക്കക്കണ്ടത്തിനും ഗുണം ചെയ്യും.

publive-image

മാണിയുടെ മകന് ബദല്‍ ജോര്‍ജ്ജിന്റെ മകന്‍

ഇതിനിടയിലാണ് പി സി ജോര്‍ജ്ജ് എം എല്‍ എയുടെ പാര്‍ട്ടിയും എന്‍ ഡി എ ഘടകകക്ഷിയുമായ ജനപക്ഷം ഷോണ്‍ ജോര്‍ജ്ജിന് വേണ്ടി സീറ്റിനായി അവകാശവാദം ഉയര്‍ത്തിയിരിക്കുന്നത്. പി സി ജോര്‍ജ്ജ് മുന്‍പ് മക്കള്‍ രാഷ്ട്രീയത്തിനെതിരായിരുന്നെങ്കിലും സ്വന്തം മകന്റെ കഴിവില്‍ അദ്ദേഹത്തിന് നല്ല വിശ്വാസമാണുള്ളത്.

കോട്ടയം ജില്ലയില്‍ സ്വാധീനമുള്ള എം എല്‍ എ കൂടിയുള്ള ഘടകകക്ഷി എന്ന നിലയില്‍ ജോര്‍ജ്ജിന്റെ അവകാശവാദം അത്ര നിസാരമായി തള്ളാനും ബി ജെ പിയ്ക്ക് കഴിയില്ല. മാത്രമല്ല, ഷോണ്‍ ജോര്‍ജ്ജിന്റെ അമ്മ വീടും ഈ മണ്ഡലത്തിലാണ്. ബിഷപ്പ് ഫ്രാങ്കോയെ പിന്തുണച്ചത്തിന് സഭയുടെ തിരിച്ചുള്ള പിന്തുണയും ജോര്‍ജ്ജ് പ്രതീക്ഷിക്കുന്നുണ്ട്.

publive-image

തോമസിന് പാലായിലും മോഹം ബാക്കി

എന്‍ ഡി എയില്‍ സീറ്റ് മോഹമുള്ള മറ്റൊരു ഘടക കക്ഷി പി സി തോമസിന്റെ കേരളാ കോണ്‍ഗ്രസ് ആണ്. മുന്‍ എം പി എന്ന നിലയിലുള്ള സ്വാധീനമാണ് പി സി തോമസിന്റെ അവകാശവാദം. എന്നാല്‍ പി സി തോമസിന്റെ അവകാശവാദത്തിന് എത്രത്തോളം വില കൊടുക്കണമെന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്ന ശേഷം അറിയാനാകും.

publive-image

സീറ്റ് കുടുംബത്തിനല്ല

യു ഡി എഫില്‍ നിഷ ജോസ് കെ മാണിയുടെ പേരാണ് ഇതര കക്ഷികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതെങ്കിലും നിഷയെ മത്സരിപ്പിക്കുന്നത് കുടുംബാധിപത്യം എന്ന പ്രചരണത്തിന് ഇടനല്‍കുമെന്നതിനാല്‍ സാധ്യത തീരെയില്ല. മാണിയുടെ കുടുംബത്തിന് പുറത്തു നിന്നുള്ള സ്ഥാനാര്‍ഥിയെ ആയിരിക്കും കേരളാ കോണ്‍ഗ്രസ് ഇവിടെ പരിഗണിക്കുക.

ജോസ് കെ മാണിയുടെ താല്‍പര്യവും പാര്‍ട്ടിയില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥി വേണമെന്നാണ്. കേരളാ കോണ്‍ഗ്രസിലെ നേതൃപദവി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിച്ച ശേഷമേ പാലാ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ചയുണ്ടാകാന്‍ ഇടയുള്ളൂ.

kerala congress new pala ele
Advertisment