മാണിസാറിന്റെ പാലായില്‍ പകരക്കാരനാകാന്‍ മാണിച്ചനെന്ന മാണി സി കാപ്പന്‍ നാലാം അങ്കത്തിന്: കാപ്പന്റെ സ്ഥാനാര്‍ഥിത്വത്തിന് സിപിഎമ്മിലും ധാരണ ! പ്രചരണ മുന്നൊരുക്കങ്ങളുമായി ഇടതുപക്ഷം !

ബെയ് ലോണ്‍ എബ്രഹാം
Thursday, July 11, 2019

കോട്ടയം:  അന്തരിച്ച മുതിര്‍ന്ന നേതാവ് കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവരുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിയായി എന്‍ സി പി നേതാവ് മാണി സി കാപ്പനെ തന്നെ വീണ്ടും മത്സരിപ്പിക്കുന്നതിന് സി പി എം തീരുമാനം. പതിവായി തോല്‍ക്കുന്നതിനാല്‍ എന്‍ സി പിയില്‍ നിന്നു൦ പാലാ സീറ്റ് ഏറ്റെടുക്കണമെന്നും ഇവിടെ സി പി എം സ്ഥാനാര്‍ഥി മത്സരിക്കണമെന്നും മുന്നണിയ്ക്കകത്ത് ആവശ്യം ശക്തമായിരുന്നു.

എന്നാല്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ പാലാ എന്‍ സി പിയ്ക്ക് തന്നെ വിട്ടുനല്‍കാനാണ് സി പി എം നേതൃത്വത്തില്‍ ധാരണ. ഇതുപ്രകാരമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. മാണി സി കാപ്പന് വേണ്ടി കുടുംബ യോഗങ്ങള്‍ സംഘടിപ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മറ്റികള്‍ക്ക് രൂപം നല്‍കാനും നിര്‍ദ്ദേശമുണ്ട്.

ഇതോടെ പാലാ സീറ്റില്‍ മാണി സി കാപ്പന്‍ നാലാം തവണയും ഇടതു മുന്നണി സ്ഥാനാര്‍ഥിയാകുമെന്നുറപ്പായി.  2006 മുതല്‍ പാലായില്‍ കെ എം മാണിക്കെതിരെ ഇടത് മുന്നണി സ്ഥാനാര്‍ഥി മാണി സി കാപ്പനായിരുന്നു. പാലാ നഗരസഭാ മുന്‍ കൌണ്‍സിലറും എന്‍ സി പി സംസ്ഥാന ട്രഷററുമാണ് മാണി സി കാപ്പന്‍. സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി എന്‍ സി പിയില്‍ നേരത്തെ ഭിന്നതയുണ്ടായിരുന്നെങ്കിലും എ കെ ശശീന്ദ്രന്‍ വിഭാഗവും ഇപ്പോള്‍ മാണി സി കാപ്പന്റെ സ്ഥാനാര്‍ഥിത്വത്തിന് അനുകൂലമാണ്.

ചലച്ചിത്ര നിര്‍മ്മാതാവും നടനുമായിട്ടായിരുന്നു മാണി സി കാപ്പന്റെ പൊതുരംഗത്തെക്കുള്ള ചുവടുവയ്പ്പ്.  കേരളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായി മാറിയ ‘മാന്നാര്‍മത്തായി സ്പീക്കിംഗ്’ ഉള്‍പ്പെടെ അരഡസനിലധികം ചിത്രങ്ങള്‍ നിര്‍മ്മിച്ച്‌. ‘യുവതുര്‍ക്കി’ പോലുള്ള ചില സിനിമകളില്‍ അഭിനേതാവായും മാറ്റുരച്ചു. ഇതിനിടയിലാണ് എന്‍ സി പി ദേശീയ അധ്യക്ഷനായിരുന്ന ശരദ് പവാറുമായുള്ള സൗഹൃദം വഴി അദ്ദേഹം നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ച ശേഷം രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.

രണ്ടു തവണ പാലാ നഗരസഭാ കൌണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട കാപ്പന്‍ ഒരു തവണ നഗരസഭാ പ്രതിപക്ഷ നേതാവുമായിരുന്നു. ഒരു ടേമില്‍ ഒരേ നഗരസഭയില്‍ കൌണ്‍സിലര്‍മാരാകുന്ന മൂവര്‍ സഹോദരങ്ങള്‍ എന്ന റെക്കോര്‍ഡും മാണി സി കാപ്പനും സഹോദരങ്ങളായ ജോര്‍ജ്ജ് സി കാപ്പനും ചെറിയാന്‍ കാപ്പനുമായിരുന്നു. ജോര്‍ജ്ജ് സി കാപ്പനും ഒരു തവണ പാലായില്‍ കെ എം മാണിക്കെതിരെ ഇടത് മുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

2006 മുതലാണ്‌ മാണിച്ചന്‍ എന്ന മാണി സി കാപ്പന്‍ കെ എം മാണിക്കെതിരെ പാലായില്‍ സ്ഥിരം സ്ഥാനാര്‍ഥിയായി മാറുന്നത്. അന്ന് ഏഴായിരത്തിലധികം വോട്ടുകള്‍ക്ക് തോറ്റ കാപ്പന്‍ 2011 ലെ മത്സരത്തില്‍ മാണി സാറിന്റെ ഭൂരിപക്ഷം 5000 ലധികമായും 2016 ലെ തെരഞ്ഞെടുപ്പില്‍ നാലായിരത്തിലധികമായും താഴ്ത്തി. ഓരോ തവണയും മാണി സാറിന്റെ ഭൂരിപക്ഷം താഴ്ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞ സ്ഥാനാര്‍ഥി എന്ന നിലയിലാണ് ഇത്തവണയും അദ്ദേഹം മത്സരത്തിനൊരുങ്ങുന്നത്.

കെ എം മാണി എന്ന ശക്തനോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടി നാലായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് മാത്രമാണ് തോല്‍വി എനതിനാല്‍ ഇത്തവണ മാണിസാര്‍ ഇല്ലാത്ത ഇലക്ഷനില്‍ വിജയം സുനിശ്ചിതമാണെന്നാണ് കാപ്പന്റെ അവകാശവാദം.

എന്തായാലും സെപ്തംബറില്‍ ഉപതെര്ഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്നിരിക്കെ ഇടതുപക്ഷം പ്രചരണ മുന്നൊരുക്കങ്ങളിലേക്ക് കടന്നുകളഞ്ഞു. യു ഡി എഫില്‍ മാണി സാറിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സജീവമാണ്. കേരളാ കോണ്‍ഗ്രസ് – ജോസ് കെ മാണി വിഭാഗത്തിനാണ് യു ഡി എഫ് പാലാ സീറ്റ് അനുവദിക്കുകയെന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ തന്നെ പാലാ സീറ്റില്‍ ജോസ് കെ മാണിയുടെ താല്പര്യത്തിനു തന്നെയായിരിക്കും മുന്‍‌തൂക്കം.

×