അന്തിമഘട്ടത്തിലും പണക്കൊഴുപ്പില്ലാതെ ‘പാലാ പ്രചരണത്തില്‍’ മുന്നണികള്‍ ! ഇത്തവണ ഫ്ലക്സും കട്ടൗട്ടുകളും പോസ്റ്ററുകളുടെ അതിപ്രസരവുമില്ലാതെ ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന മാതൃകാ ഇലക്ഷന്‍ പ്രവര്‍ത്തനം ? പാലായില്‍ തുറക്കുന്നത് പുതിയ പോര്‍മുഖം !

ന്യൂസ് ബ്യൂറോ, പാലാ
Wednesday, September 18, 2019

പാലാ:  പതിവില്‍ നിന്നും വ്യത്യസ്തമായി പണക്കൊഴുപ്പില്ലാതെ മാതൃകാപരമായ തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് ഇത്തവണ പാലാ സാക്ഷ്യം വഹിക്കുന്നത്. പ്രളയാനന്തരമുള്ള നാടിന്റെ സാഹചര്യങ്ങളെ മൂന്നു മുന്നണികളും ഉള്‍ക്കൊള്ളുന്നുവെന്നര്‍ത്ഥം.

അധികം കൊടിതോരണങ്ങളില്ല, പോസ്റ്ററുകളുടെ അതിപ്രസരമില്ല, ഫ്ലക്സ്, കട്ടൗട്ടുകള്‍ വളരെ പരിമിതം. കാതടപ്പിക്കുന്ന അനൌണ്‍സ്മെന്റ് വാഹനങ്ങളുടെ അസഹ്യതയില്ല.. എല്ലാം ശാന്തം. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയും ഒരിടത്തും ഭരണമില്ലാത്ത പ്രതിപക്ഷവുമൊന്നും പണം ഇറക്കിക്കളിക്കുന്നില്ല !

പകരം എം എല്‍ എ, എം പി ബോര്‍ഡ് വച്ച വാഹനങ്ങള്‍ ഏത് നേരവും പാലായിലൂടെ ചീറിപ്പായുകയാണ്.  മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, എ കെ ആന്റണി, പി കെ കുഞ്ഞാലിക്കുട്ടി, കാനം രാജേന്ദ്രന്‍ മുതല്‍ നവ എം എല്‍ എമാരും എം പിമാരും വരെയുള്ളവര്‍ പാലായില്‍ ക്യാമ്പ് ചെയ്യുകയാണ്.

കെ എസ് ശബരീനാഥന്‍, അന്‍വര്‍ സാദത്ത്‌, എം വിന്‍സെന്റ്‌ മുതലിങ്ങോട്ടുള്ള എം എല്‍ എമാരൊക്കെ പാലായില്‍ വീടുകള്‍ തോറും കയറിയിറങ്ങിയാണ് പ്രചരണം.  പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഇതിനോടകം രണ്ട് ഡസനിലേറെ കുടുംബ സമ്മേളനങ്ങളില്‍ മാത്രം പങ്കെടുത്തുകഴിഞ്ഞു.

തെരഞ്ഞെടുപ്പ് ആഘോഷമാക്കി മാറ്റുന്നതിനേക്കാളധികം ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ഇത്തവണ പാലായില്‍ നടക്കുന്നത്.  യു ഡി എഫില്‍ ഒരിക്കലും പതിവില്ലാത്തവിധം ഒരു ബൂത്തില്‍ മാത്രം രണ്ടും മൂന്നും കുടുംബ സമ്മേളനങ്ങള്‍ വരെയാണ് സംഘടിപ്പിക്കുന്നത്.  ബൂത്തടിസ്ഥാനത്തില്‍ വരെയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളും എം എല്‍ എമാരും എം പിമാരുമൊക്കെയാണ്.

കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാണ് അഡ്വ. ജോസ് ടോമെങ്കിലും പ്രചരണ പരിപാടികളുടെ സമ്പൂര്‍ണ്ണ നിയന്ത്രണം കോണ്‍ഗ്രസ് ഏറ്റെടുത്ത പതിവിലും ചിട്ടയായ പ്രവര്‍ത്തനമാണ് യു ഡി എഫിന്റെത്. ചെങ്ങന്നൂര്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ കരുതലും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പാലായിലെത്തുന്ന നേതാക്കള്‍ക്ക് ഓരോരുത്തര്‍ക്കും അപ്പപ്പോള്‍ തന്നെ അവര്‍ പ്രവര്‍ത്തിക്കേണ്ട മേഖലകള്‍ സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുകയാണ്. ചെങ്ങന്നൂരില്‍ ചെയ്തതുപോലെ നേതാക്കള്‍ കൂട്ടംകൂടി നിന്ന് സെല്‍ഫിയെടുത്ത് രസിക്കാനുള്ള സാഹചര്യം യു ഡി എഫ് നേതാക്കള്‍ക്ക് ഇത്തവണ പാലായിലില്ല.

ഇടത് മുന്നണി സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ പ്രചരണ പരിപാടികളുടെ മേല്‍നോട്ടം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടാണ്.  ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ്ജ്, എന്‍ സി പി ദേശീയ സെക്രട്ടറി കെ ജെ ജോസ്മോന്‍ എന്നിവരൊക്കെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.

പരമാവധി വോട്ടര്‍മാരിലേക്ക് തങ്ങളുടെ ആശയങ്ങള്‍ നേരിട്ടെത്തിക്കാനുള്ള നീക്കങ്ങളാണ് മുന്നണികള്‍ നടത്തുന്നത്. ഇതുപ്രകാരം എന്‍ ഡി എ സ്ഥാനാര്‍ഥി എന്‍ ഹരിയ്ക്ക് വേണ്ടി ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും ഒരു നിരതന്നെ രംഗത്തിറങ്ങിയിട്ടുണ്ട്.  ബി ജെ പി ജില്ലാ പ്രസിഡന്റുകൂടിയായ ഹരിക്ക് വേണ്ടി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും നേതാക്കളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

കോട്ടയം പാര്‍ട്ടിയായ പി സി ജോര്‍ജ്ജ് അധ്യക്ഷനായ ജനപക്ഷം എന്‍ ഡി എ മുന്നണിയിലെത്തിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പെന്ന നിലയില്‍ ബി ജെ പി ഏറെ പ്രതീക്ഷയോടെയാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്.  ജോര്‍ജ്ജിന് കുടുംബ ബന്ധങ്ങളുടെ മണ്ഡലമാണ് പാലാ.

×