പാലായില്‍ ഉപതെരഞ്ഞെടുപ്പിന് ഓണാവധി !! പ്രവര്‍ത്തകര്‍ ഓണത്തിരക്കിലേക്ക്, നേതാക്കള്‍ ആസൂത്രണത്തിലേക്കും ! ഇനിയും ഉണരാതെ ഇടത് ക്യാമ്പ് ! അസ്വാരസ്യങ്ങള്‍ തീരാതെ യു ഡി എഫും !

ന്യൂസ് ബ്യൂറോ, പാലാ
Tuesday, September 10, 2019

പാലാ:  ഉപതെരഞ്ഞെടുപ്പ് ഹരത്തില്‍ നില്‍ക്കുന്ന പാലാ ഓണത്തിരക്കുകള്‍ക്ക് വഴിമാറുന്നു.  സ്ഥാനാര്‍ഥി ചര്‍ച്ചകളും ഒടുവില്‍ സ്ഥാനാര്‍ഥികളുടെ വിലയിരുത്തലുകളുമായി തിരക്കുകളിലായിരുന്ന പാലാക്കാര്‍ ഇന്ന് മുതല്‍ ഓണത്തിരക്കുകളിലേക്ക് വഴിമാറിയതോടെ തെരഞ്ഞെടുപ്പ് ചൂട് അല്‍പമൊന്ന് തണുത്തുതുടങ്ങി.

സ്ഥാനാര്‍ഥികള്‍ വ്യക്തിപരമായ സന്ദര്‍ശനങ്ങളുടെ തിരക്കുകളിലാണ് ഈ ദിവസങ്ങളിലും. അതിനിടയില്‍ ബൂത്ത്, മണ്ഡലം കണ്‍വെന്‍ഷനുകളും വിവിധ പോഷക സംഘടനകളുടെ നിയോജക മണ്ഡലം കണ്‍വെന്‍ഷനും നടക്കുകയാണ്.

സമുദായ സംഘടനാ ഭാരവാഹികളെയും ആരാധനാ സ്ഥാപനങ്ങളിലും പൌരപ്രമുഖരുടെ വീടുകളിലും എത്തിയ സ്ഥാനാര്‍ഥികള്‍ വ്യക്തിപരമായ സന്ദര്‍ശനങ്ങള്‍ക്ക് തന്നെയാണ് ചതയം വരെയുള്ള ദിവസങ്ങളില്‍ പ്രാധാന്യം കല്പിക്കുന്നത്. അത് കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമാകും.

6 ഉപതെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണെങ്കിലും അതിന്റെ ആവേശത്തിലേക്ക് ഇനിയും പാലാ വഴിമാറിയിട്ടില്ല. വോട്ടെടുപ്പിന് രണ്ടാഴ്ച തികച്ചില്ലെങ്കിലും അതിനിടയില്‍ തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വന്നതോടെ തെരഞ്ഞെടുപ്പ് ആവേശത്തെ അത് ബാധിച്ചു.

എന്നാല്‍ നേതാക്കള്‍ തിരക്കിട്ട ആസൂത്രണത്തിലേക്ക് കടന്നിട്ടുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഇടത്, വലത് മുന്നണികള്‍ എം എല്‍ എമാരില്‍ കുറയാത്ത നേതാക്കളെയാണ് പ്രചരണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.  ബി ജെ പി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചുമതലകളും പഞ്ചായത്ത് തലത്തില്‍ സംസ്ഥാന നേതാക്കള്‍ക്കാണ്.

ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം വഹിക്കുന്നത് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്.  എന്നാല്‍ സ്ഥാനാര്‍ഥി ഘടകകക്ഷിയായ എന്‍ സി പിയില്‍ നിന്നായതും നാലാം തവണ മത്സരിക്കുന്നതെന്നതിനാലും ഇടതുപക്ഷത്തിന്റെ പതിവ് പ്രൊഫഷണലിസം പ്രചരണ പരിപാടികളുടെ ആസൂത്രണത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.

എന്‍ സി പി നേരിട്ട് ഒരുക്കിയിരിക്കുന്ന സംവിധാനങ്ങളൊക്കെ പാലായിലെ ലോക്കല്‍ സെറ്റപ്പിലുള്ളതുമാണ്.  പല മേഖലകളിലെയും പ്രചരണ ദൗത്യങ്ങള്‍ തീരെ ഗൗരവമില്ലാത്ത നിലവാരത്തിലുള്ളതായി മാറുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഇടതുപക്ഷത്തിന് പാലായില്‍ ആദ്യമായി സാധ്യത കല്‍പ്പിക്കുന്ന ഒരു തെരഞ്ഞെടുപ്പിന്റെ ഗൗരവ സ്വഭാവവും പരിഗണനയും പ്രചരണ പരിപാടികളില്‍ ഉണ്ടായിട്ടില്ലെന്നതാണ് ഇടത് പ്രവര്‍ത്തകരുടെ വികാരം.  പല മേഖലകളുടെയും ചുമതല നിസാരക്കാരായ ചിലരാണ് വഹിക്കുന്നതെന്ന് പറയുന്നു. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ കാര്യമായ ഒരു ചലനമുണ്ടാക്കാന്‍ ഇതുവരെ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.

യു ഡി എഫിന്റെ അവസ്ഥയും ഒട്ടും വ്യത്യസ്തമല്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എയും ജോസ് കെ മാണി എം പിയുമാണ്‌ പ്രചരണ പരിപാടികള്‍ക്ക് നേരിട്ട് ചുക്കാന്‍ പിടിക്കുന്നത്.  കോണ്‍ഗ്രസ് എം എല്‍ എമാരും നേതാക്കളും പഞ്ചായത്ത് തലത്തില്‍ ചുമതല ഏറ്റെടുത്ത് രംഗത്തുണ്ട്. അതിനുപുറമേ മുന്നണിയിലെ അസ്വാരസ്യങ്ങളും ജോസഫിന്റെ പരിദേവനങ്ങളുമൊക്കെ വേറെയുമുണ്ട്.

യു ഡി എഫ് നേരത്തെ തന്നെ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കുടുംബ സംഗമങ്ങളും മണ്ഡലം കണ്‍വെന്‍ഷനുമൊക്കെ ആസൂത്രണം ചെയ്തിരുന്നത് അവര്‍ക്ക് നേട്ടമാണ്.  എന്നാല്‍ പാലായില്‍ ഒരു സ്ഥാനാര്‍ഥി ആദ്യമായി പ്രചരണ രംഗത്തിറങ്ങിയത് മാണി സി കാപ്പനായിരുന്നു.

അതേസമയം, സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം അഡ്വ. ജോസ് ടോമും പ്രചരണത്തില്‍ ശക്തമായ മുന്നേറ്റം തന്നെയാണ് നടത്തിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കോണ്‍ഗ്രസ് സജീവമായി രംഗത്തുണ്ടെന്നതാണ് യു ഡി എഫ് ക്യാമ്പിന്റെ ഏറ്റവും വലിയ ആത്മവിശ്വാസം. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പോലും ഇതിനോടകം പലതവണ പാലായിലെത്തിക്കഴിഞ്ഞു.

ജോസഫ് വിഭാഗം അസ്വാരസ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും അവര്‍ക്ക് പാലായില്‍ നാമമാത്രമെന്നു പറയാന്‍ പോലും വോട്ടില്ലെന്നതിനാല്‍ അതാരും കാര്യമായി ഗൌനിക്കുന്നില്ല.  അതാണ്‌ അവരുടെ പരാതിയും ! എന്തായാലും പാലാ ഇനി അവധി മൂഡിലേക്ക് കടക്കുകയാണ്.

 

×